Begin typing your search above and press return to search.
ഇന്ത്യയില്‍ ₹ 10 കോടി വരുമാനമുളള ഉദ്യോഗസ്ഥരുടെ എണ്ണത്തില്‍ വന്‍ വര്‍ധന, 5 വര്‍ഷം കൊണ്ട് വര്‍ധിച്ചത് 63%
10 കോടി രൂപയിൽ കൂടുതല്‍ വാർഷിക വരുമാനമുള്ള ഇന്ത്യക്കാരുടെ എണ്ണത്തില്‍ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ബഹു രാഷ്ട്ര കമ്പനികളുടെ എണ്ണം ഇന്ത്യയില്‍ വന്‍ തോതില്‍ വര്‍ധിച്ചതും ഇന്‍ഫര്‍മേഷന്‍ ടെക്നോളജി രംഗത്തെ ഇന്ത്യയുടെ തൊഴില്‍ നൈപുണ്യവും ഈ വളര്‍ച്ചയ്ക്ക് ഉപോൽബലകമായ ഘടകങ്ങളാണ്.
കഴിഞ്ഞ 5 വര്‍ഷത്തിനിടെ സമ്പന്നരായ ഉദ്യോഗസ്ഥരുടെ എണ്ണത്തില്‍ 63 ശതമാനം വര്‍ധന രേഖപ്പെടുത്തി.
ലോകത്തെ ഏറ്റവും വലിയ സമ്പദ് രാഷ്ട്രങ്ങളുടെ പട്ടികയില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്താണ്. ജപ്പാനെയും ജര്‍മനിയെയും മറികടന്ന് ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ സമ്പദ് ശക്തിയാകാനുള്ള ശ്രമത്തിലാണ് ഇന്ത്യ. അമേരിക്കയും ചൈനയുമാണ് ആദ്യ രണ്ടു സ്ഥാനങ്ങളില്‍ ഉളളത്.
സമ്പന്ന വര്‍ഗം കരുത്താര്‍ജിക്കുന്നു
10 കോടി രൂപയിൽ കൂടുതലുള്ള വാർഷിക വരുമാനമുള്ളവരുടെ എണ്ണം രാജ്യത്ത് കൂടുന്നത് ഇന്ത്യയുടെ സമ്പന്ന വർഗത്തിന്റെ വികാസത്തിന്റെ അടയാളമായി കൂടി കാണാവുന്നതാണ്.
പ്രമുഖ ഇക്വിറ്റി ഗവേഷണ സ്ഥാപനമായ സെൻട്രം ഇൻസ്റ്റിറ്റ്യൂഷണൽ റിസർച്ചാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.
വാർഷിക വരുമാനം 10 കോടി രൂപയിലധികമുളള ഏകദേശം 31,800 വ്യക്തികളാണ് ഇപ്പോൾ ഇന്ത്യയിലുളളത്. പ്രതിവർഷം 5 കോടിയിലധികം സമ്പാദിക്കുന്ന വ്യക്തികളുടെ എണ്ണം 58,200 ആയും ഉയർന്നിട്ടുണ്ട്. 49 ശതമാനം വര്‍ധനയാണ് ഇത്.
2019 മുതൽ 2024 വരെയുള്ള അഞ്ചു വര്‍ഷ കാലയളവിലെ സമ്പന്നരുടെ വര്‍ധനയാണ് റിപ്പോര്‍ട്ട് പരിഗണിച്ചത്. പ്രതിവർഷം 50 ലക്ഷം രൂപയിൽ കൂടുതൽ സമ്പാദിക്കുന്ന ആളുകളുടെ എണ്ണത്തില്‍ 25 ശതമാനത്തിന്റെ വർധനയാണ് ഉണ്ടായിരിക്കുന്നത്. ഏകദേശം 10 ലക്ഷം ആളുകളാണ് ഈ വരുമാന നിലവാരത്തിലെത്തിയത്.
സമ്പന്നരായ വ്യക്തികളുടെ എണ്ണം വർദ്ധിക്കുന്നതിനനുസരിച്ച്, ഉയർന്ന വരുമാനക്കാരുടെ സഞ്ചിത വരുമാനത്തിലും ഗണ്യമായ വളര്‍ച്ചയുണ്ടായി. പ്രതിവർഷം 10 കോടി രൂപയിലധികം സമ്പാദിക്കുന്നവരുടെ സഞ്ചിത വരുമാനം കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട് 38 ലക്ഷം കോടി രൂപയിലാണ് എത്തിയിരിക്കുന്നത്.
Next Story
Videos