

ജീവിതത്തിനു തന്നെ ഒരു താളം ഉണ്ടാക്കാന്‍ ബജറ്റ് തയാറാക്കുന്നതിലൂടെ സാധിക്കും. ഓരോ മാസവും സാധാരണ വരുന്ന ചെലവുകളെ കുറിച്ച് പോലും നമ്മള്‍ ബോധവാന്മാരായിക്കണം എന്നില്ല. എന്നാല്‍ ഓരോന്നിനും ഇത്ര തുക എന്ന് നേരത്തെ തന്നെ തീരുമാനിച്ചുറപ്പിച്ചാല്‍ വായ്പ കൃത്യസമയത്ത് തിരിച്ചടയ്ക്കാനും അനാവശ്യ ചെലവുകള്‍ കുറയ്ക്കാനുമൊക്കെ അത് സഹായിക്കും.
മിക്കയാളുകളും അവരുടെ ചെലവുകള്‍ എന്തൊക്കെയാണെന്ന് മനസ്സിലാക്കുന്നതില്‍ പരാജയപ്പെടുന്നു. നിങ്ങള്‍ നേരിട്ട് പണം നല്‍കിയും കാര്‍ഡ് ഉപയോഗിച്ചും ഓണ്‍ലൈന്‍ വഴിയും നടത്തുന്ന ചെലവുകള്‍ കൃത്യമായി കണക്കു കൂട്ടിവെക്കുക. ഇത് അനാവശ്യ ചെലവുകള്‍ കണ്ടെത്താനും കൃത്യമായി സാമ്പത്തിക ആസൂത്രണം നടത്താനും സഹായിക്കും.
നമ്മുടെ സുഹൃത്തുക്കളെയും മറ്റും സന്തോഷിപ്പിക്കുന്നതിന് ഒരുപാട് പണം കളയുന്നുണ്ടോ നിങ്ങള്‍? നിങ്ങള്‍ അധ്വാനിച്ച് നേടിയ പണം ഇങ്ങനെ കണക്കില്ലാതെ ചെലവഴിക്കപ്പെടാം. ഓരോ ദിവസും ചെലവ് കണക്കാക്കി മിച്ചം വരുന്ന തുക മാത്രം ഇത്തരത്തില്‍ സുഹൃത്തുക്കള്‍ക്കൊപ്പം പുറത്തു പോയി ആഘോഷിക്കാന്‍ ചെലവഴിക്കാം. അല്ലെങ്കില്‍ അതുകൊണ്ട് നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട എന്തെങ്കിലും വാങ്ങാം.
അപ്രതീക്ഷിതമായത് പ്രതീക്ഷിക്കുക എന്നാണ് കോവിഡ് നമ്മെ പഠിപ്പിക്കുന്ന പാഠം. സാമ്പത്തികാസൂത്രണം മികച്ചതായാലേ അപ്രതീക്ഷിത സാഹചര്യങ്ങളെ മികവോട് നേരിടാനാവൂ. പ്രതിസന്ധി ഘട്ടങ്ങളില്‍ ഉപയോഗിക്കുന്നതിനായി പണം മിച്ചം വെക്കുന്നത് ശീലമാക്കുക. എല്ലാം അപ്പപ്പോള്‍ ചെലവഴിച്ചുള്ള ശീലം മാറ്റിവെക്കുക.
സേവിംഗ്‌സ് പോലെ തന്നെ പ്രധാനമാണ് നിക്ഷേപവും. നിങ്ങളുടെ സാമ്പത്തിക വളര്‍ച്ചയ്ക്കും അധിക വരുമാനം നേടാനും നിക്ഷേപം തന്നെ വേണം. സ്ഥിരമായി ഒരു തുക നിക്ഷേപം നടത്തുന്നത് വലിയൊരു തുക സമാഹരിക്കാന്‍ സഹായിക്കും. സാമ്പത്തിക അച്ചടക്കത്തിനും സ്ഥിരമായ നിക്ഷേപ ശീലം വഴിവെക്കും.
ക്രെഡിറ്റ് സ്‌കോര്‍ ഇന്നത്തെ കാലത്ത് ഏറെ പ്രധാനമാണ്. നിങ്ങള്‍ക്ക് ഭാവിയില്‍ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് വായ്പ ലഭിക്കണമെങ്കില്‍ മികച്ച ക്രെഡിറ്റ് സ്‌കോര്‍ ഉണ്ടായിരിക്കണം. ചുരുങ്ങിയത് 700-750 സ്‌കോര്‍ ഉണ്ടായിരിക്കാന്‍ ശ്രദ്ധിക്കണം. നിലവിലുള്ള വായ്പ കൃത്യമായി തിരിച്ചടച്ചും മറ്റും ക്രെഡിറ്റ് സ്‌കോര്‍ താഴാതെ നോക്കാം. അതിലൂടെ പലിശയിളവ് പോലുള്ള പല നേട്ടങ്ങളും ഉണ്ടാകുകയും ചെയ്യും.
സാമ്പത്തിക കാര്യങ്ങളില്‍ മിനിമം അറിവ് ഉണ്ടായിരിക്കുക എന്നത് പ്രധാനമാണ്. എല്ലാ കാര്യങ്ങൡും മറ്റുള്ളവരെ ആശ്രയിക്കേണ്ടതില്ല. സ്വന്തമായി പഠിച്ച് ഏതില്‍ നിക്ഷേപിക്കണം, എങ്ങിനെ നിക്ഷേപിക്കണം തുടങ്ങിയ കാര്യങ്ങളില്‍ സാമാന്യ ബോധം സ്വയം സൃഷ്ടിക്കണം. അത്യാവശ്യമെങ്കില്‍ മാത്രം മറ്റുള്ളവരുടെ സഹായം തേടാം.
സാമ്പത്തിക ഉന്നതി ഉണ്ടാകുന്നതിന് ആദ്യം ചെയ്യേണ്ടത് നിലവിലുള്ള കടം തീര്‍ക്കുക എന്നതിന് മുന്‍ഗണന നല്‍കുകയാണ്. ക്രെഡിറ്റ് കാര്‍ഡ് വായ്പ, വിദ്യാഭ്യാസ വായ്പ, ഭവന വായ്പ തുടങ്ങി പ്രയാസകാലത്ത് സുഹൃത്തുക്കളില്‍ നിന്ന് വാങ്ങിയ വായ്പ തുടങ്ങിയവയൊക്കെ തീര്‍ക്കാനുള്ള ശ്രമമാണ് ആദ്യം നടത്തേണ്ടത്. മാസബജറ്റ് തയാറാക്കി കടം തിരിച്ചടവിന് പണം മാറ്റിവെച്ച് സാവധാനത്തില്‍ കടമെല്ലാം തീര്‍ക്കാം.
ഓണ്‍ലൈനില്‍ ഷോപ്പിംഗ് നടത്തുമ്പോഴും മറ്റും കൂപ്പണുകളും കാഷ്ബാക്കുകളും പ്രയോജനപ്പെടുത്തിയാല്‍ നല്ലൊരു തുക ലാഭിക്കാനാകും.
നിങ്ങളുടെ ലക്ഷ്യം എന്തുമാകാം, ഒരു വീട് എന്ന വലിയ സ്വപ്‌നമാകാം അല്ലെങ്കില്‍ വസ്ത്രം വാങ്ങുക എന്ന അടിസ്ഥാന ആവശ്യമാകാം. നിങ്ങള്‍ ലക്ഷ്യം വെച്ചു കഴിഞ്ഞാല്‍ അത് നേടാനായി കൃത്യമായ ആസൂത്രണത്തോടെ നീങ്ങുക. ഇടയ്ക്കിടെ ലക്ഷ്യത്തിലേക്ക് എത്ര അടുത്തു എന്ന് മനസ്സിലാക്കി സാമ്പത്തികാസൂത്രണത്തില്‍ മാറ്റം വരുത്തിക്കൊണ്ടിരിക്കുക.
Read DhanamOnline in English
Subscribe to Dhanam Magazine