

ദീർഘകാല സമ്പത്ത് സൃഷ്ടിക്കുന്നതിലെ ഏറ്റവും നിർണായക ഘടകമാണ് കൃത്യമായ ആസ്തി വിഭജനം (Asset Allocation). വിപണിയിലെ ചാഞ്ചാട്ടങ്ങൾക്കിടയിലും വളർച്ച നിലനിർത്തുന്നതിനും നിക്ഷേപത്തിന് സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും നിലവിലെ സാഹചര്യത്തിൽ 60–70 ശതമാനം ഓഹരികളിലും (Equities), 25–30 ശതമാനം സ്വർണം, വെള്ളി തുടങ്ങിയ ലോഹങ്ങളിലും നിക്ഷേപിക്കുന്ന രീതിയാണ് വിദഗ്ധർ ശുപാർശ ചെയ്യുന്നത്. നിക്ഷേപിക്കാൻ നിങ്ങൾക്ക് ഒരു ലക്ഷം രൂപ ഉണ്ടെങ്കിൽ അനുയോജ്യമായ മിശ്രിതം എങ്ങനെയായിരിക്കണം എന്നത് സംബന്ധിച്ച് പലരും ആശയക്കുഴപ്പത്തിലാകാറുണ്ട്.
ദീർഘകാലാടിസ്ഥാനത്തിൽ വളർച്ച നൽകുന്ന പ്രധാന നിക്ഷേപമായി ഓഹരികളെ കാണണം. ലാർജ്-ക്യാപ് ഓഹരികൾ അല്ലെങ്കിൽ ഇൻഡക്സ് ഫണ്ടുകൾ പോർട്ട്‌ഫോളിയോയുടെ കാതലായി നിലനിർത്തുന്നത് സ്ഥിരത നൽകും. ആസ്തിയുടെ 70 ശതമാനം വരെ ഓഹരി നിക്ഷേപത്തിനായി മാറ്റിവെക്കുകയാണ് നല്ലതെന്ന് വിദഗ്ധര്‍ ശുപാർശ ചെയ്യുന്നു. ഇതിൽ 70–75 ശതമാനം സ്ഥിരതയും കുറഞ്ഞ ചാഞ്ചാട്ടവുമുളള ലാർജ് ക്യാപ് ഓഹരികളിലോ ലാർജ് ക്യാപ് ഇൻഡെക്സ് ഫണ്ടുകളിലോ എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടുകളിലോ (ഇടിഎഫ്) വിന്യസിക്കണം. ബാലൻസ് ഷീറ്റ് കരുത്തുള്ള ലാർജ് ക്യാപ്പുകൾക്കൊപ്പം മിഡ്, സ്മാൾ ക്യാപ്പുകളും നിക്ഷേപത്തില്‍ ഉൾപ്പെടുത്താം.
ആഗോള രാഷ്ട്രീയ അനിശ്ചിതത്വങ്ങളും കറൻസിയിലെ ചാഞ്ചാട്ടങ്ങളും കണക്കിലെടുത്ത് വിലപിടിപ്പുള്ള ലോഹങ്ങളിലെ നിക്ഷേപം വർദ്ധിപ്പിക്കുന്നത് നല്ലതാണ്. സ്വർണം പണപ്പെരുപ്പത്തിനും രൂപയുടെ മൂല്യത്തകർച്ചയ്ക്കുമെതിരെയുള്ള പ്രതിരോധമായി പ്രവർത്തിക്കുമ്പോൾ, സോളാർ, ഇലക്ട്രിക് വാഹനങ്ങൾ തുടങ്ങിയ മേഖലകളിലെ വ്യവസായ ആവശ്യകത മൂലം വെള്ളി മികച്ച വളർച്ചാ സാധ്യത വാഗ്ദാനം ചെയ്യുന്നു. 25 ശതമാനം സ്വർണത്തിലും 15 ശതമാനം വെള്ളിയിലുമായി നിക്ഷേപിക്കുന്നതാണ് ഉചിതം.
നിക്ഷേപം ഒറ്റയടിക്ക് നടത്തുന്നതിന് പകരം രണ്ട് മൂന്ന് മാസ കാലയളവിൽ ഘട്ടം ഘട്ടമായി (Staggered investment) നടത്തുന്നതാണ് സുരക്ഷിതം. ഓരോ വ്യക്തിയുടെയും പ്രായം, റിസ്ക് എടുക്കാനുള്ള ശേഷി, വരുമാന സ്ഥിരത എന്നിവയ്ക്ക് അനുസൃതമായി നിക്ഷേപം കൃത്യമായ ഇടവേളകളിൽ പുനഃപരിശോധിക്കണം. വിപണിയിലെ സമയത്തിന് (Market timing) പിന്നാലെ പോകാതെ അച്ചടക്കമുള്ള നിക്ഷേപ രീതി പിന്തുടരുന്നത് ദീർഘകാല നേട്ടത്തിന് സഹായിക്കുമെന്ന കാര്യം ഓര്‍ക്കുക.
A practical guide on allocating equities, gold, and silver in your portfolio for long-term wealth creation and stability.
Read DhanamOnline in English
Subscribe to Dhanam Magazine