Begin typing your search above and press return to search.
അണ്‍ലിമിറ്റഡ് ആനുകൂല്യം; പുത്തന്‍ ഓഫറുമായി അക്യുമെന്‍, ഇന്‍ഷ്വറന്‍സ് സേവനങ്ങള്‍ക്കും തുടക്കം
കേരളം ആസ്ഥാനമായ രണ്ടാമത്തെ വലിയ സ്റ്റോക്ക് ബ്രോക്കിംഗ് സ്ഥാപനമായ അക്യുമെന്‍ ക്യാപിറ്റല്‍ മാര്‍ക്കറ്റ്, 30-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ക്ലയന്റ് റഫറല്‍ ഓഫര്‍ പ്രഖ്യാപിച്ചു. കമ്പനിയുടെ നിലവിലെ ഉപയോക്താവിന് മറ്റ് കമ്പനികളുടെ ഉപയോക്താക്കളെയോ നിക്ഷേപക ലോകത്തേക്ക് ചുവടുവയ്ക്കുന്ന പുതുമുഖങ്ങളെയോ അക്യുമെന്നിലേക്ക് വ്യക്തിഗത ക്യു.ആര്‍ കോഡ് വഴി റഫര്‍ ചെയ്യാം.
ഇതുവഴി റഫര്‍ ചെയ്യപ്പെടുന്ന ക്ലയന്റുകള്‍ കൊടുക്കുന്ന കമ്മിഷന്റെ 25 ശതമാനം ഉപയോക്താവിന്റെ ബാങ്ക് അക്കൗണ്ടില്‍ തൊട്ടടുത്ത ദിവസമെത്തും. ഇതിന് പരിധിയില്ല. കമ്മിഷന്‍ എത്ര തുകയായാലും അതിന്റെ 25 ശതമാനം ഉപയോക്താവിന് കിട്ടും.
ഇന്ത്യയില്‍ ആദ്യമാണ് ഇത്തരം അണ്‍ലിമിറ്റഡ് ഓഫര്‍ ഒരു ബ്രോക്കറേജ് സ്ഥാപനം ലഭ്യമാക്കുന്നതെന്നും ഇത് ആജീവനാന്ത പദ്ധതിയാണെന്നും അക്യുമെന്‍ മെന്റര്‍ ടി.എസ്. അനന്തരാമന്‍ പറഞ്ഞു. ഉപയോക്താവിന് അധിക വരുമാനമായി ഈ പദ്ധതി പ്രയോജനപ്പെടുത്താനാകുമെന്നും അദ്ദേഹം പറഞ്ഞു.
അക്യുമെന്‍ ക്യാപിറ്റല്‍ മാര്‍ക്കറ്റ്
അക്യുമെന്നിന് രണ്ടുലക്ഷത്തോളം ഉപയോക്താക്കളുണ്ട്. കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി (AUM) 9,000 കോടി രൂപയ്ക്ക് മുകളിലാണ്. ഫ്രാഞ്ചൈസികള്‍ ഉള്‍പ്പെടെ ആയിരത്തിലധികം ശാഖകളാണ് കമ്പനിക്കുള്ളത്.
കേരളത്തില്‍ 17 ബ്രാഞ്ചുകളുണ്ട്. വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കമ്പനി ഫ്രാഞ്ചൈസികളടക്കം 30 പുതിയ ശാഖകള്‍ കൂടി ഉടന്‍ തുറക്കും. പ്രവാസികളെ (NRIs) ലക്ഷ്യമിട്ട് മിഡില്‍ ഈസ്റ്റിലുടനീളം ശാഖകള്‍ സ്ഥാപിക്കുന്നതും പരിഗണിക്കുന്നുണ്ട്. നിലവില്‍ 250 ജീവനക്കാരാണുള്ളത്. വിപുലീകരണത്തിന്റെ ഭാഗമായി ജീവനക്കാരുടെ എണ്ണം ഇരട്ടിയായും ഉയര്‍ത്തും. സെബി (SEBI) ക്ലാസിഫൈഡ് ചെയ്ത 37 സ്‌പെസിഫൈഡ് ബ്രോക്കര്‍മാരിലൊന്നാണ് അക്യുമെന്‍.
ഇന്‍ഷ്വറന്‍സിലേക്കും
ഇന്‍ഷ്വറന്‍സ് സേവനങ്ങളും കമ്പനി ഉടന്‍ ആരംഭിക്കുമെന്ന് ഡയറക്ടര്‍ അഖിലേഷ് അഗര്‍വാള്‍ പറഞ്ഞു. ഓഹരി (ഇക്വിറ്റി), കമ്മോഡിറ്റി, മ്യൂച്വല്‍ഫണ്ട്, റെഡിമെയ്ഡ് പോര്‍ട്ട്‌ഫോളിയോ, ബോണ്ടുകള്‍ തുടങ്ങിയ സേവനങ്ങള്‍ നിലവില്‍ കമ്പനി നല്‍കുന്നുണ്ട്. ആരോഗ്യം, ലൈഫ്, മോട്ടോര്‍ ഇന്‍ഷ്വറന്‍സുകളും കമ്പനി ലഭ്യമാക്കും.
റിസര്‍ച്ചും ബോണ്ടുകളും
മികച്ച ഗവേഷണ വിഭാഗമാണ് അക്യുമെന്നിന്റെ മുഖ്യ മികവുകളിലൊന്നെന്ന് മാനേജിംഗ് ഡയറക്ടര്‍ അക്ഷയ് അഗര്‍വാള്‍ പറഞ്ഞു. കമ്പനി മികച്ച 'വാങ്ങല്‍' (BUY) സ്റ്റാറ്റസ് നല്‍കിയ ഡസനിലധികം ഓഹരികള്‍ ഈ വര്‍ഷം മുന്നേറിയത് 200-300 ശതമാനത്തിലധികമാണ്.
ബാങ്കുകളും മറ്റും പുറത്തിറക്കുന്ന ബോണ്ടുകളിലേക്ക് (കടപ്പത്രങ്ങള്‍) നിക്ഷേപിക്കാന്‍ സാധാരണക്കാരെയും ആകര്‍ഷിക്കാനുള്ള ബോധവത്കരണം കമ്പനി നടത്തും. 10 ശതമാനത്തിലധികം ആദായം (return) നല്‍കുന്നവയും കുറഞ്ഞ റിസ്‌കുള്ളവയുമാണ് ബോണ്ടുകള്‍. എന്നാല്‍, ഇപ്പോഴും സാധാരണക്കാര്‍ ഏറെ റിസ്‌കുള്ളതും കുറഞ്ഞ റിട്ടേണുള്ളതുമായ സ്ഥിരനിക്ഷേപത്തെയാണ് (FD) ആശ്രയിക്കുന്നത്. സാധാരണക്കാര്‍, വീട്ടമ്മമാര്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവരെ ഓഹരി നിക്ഷേപത്തിലേക്ക് ആകര്‍ഷിക്കാനുള്ള പരിശീലനങ്ങളും കമ്പനി നല്‍കുന്നുണ്ട്.
ഇന്ത്യയും ഓഹരി വിപണിയും
ആഗോള സാമ്പത്തികരംഗം വെല്ലുവിളികളിലൂടെ കടന്നുപോകുമ്പോഴും മികച്ച വളര്‍ച്ചയുമായി തിളങ്ങുന്ന ഇന്ത്യയിലേക്കാണ് ലോകം ഉറ്റുനോക്കുന്നതെന്ന് ടി.എസ്. അനന്തരാമന്‍ പറഞ്ഞു. ഇതില്‍ തന്നെ പ്രധാനം ഇന്ത്യന്‍ ഓഹരി വിപണികളുടെ പ്രകടനമാണ്.
കൊവിഡിന് മുമ്പ് 2.5-3 കോടി ഡിമാറ്റ് അക്കൗണ്ടുകളാണ് ഉണ്ടായിരുന്നത് (ഓഹരി വിപണിയില്‍ നിക്ഷേപിക്കുന്നതിന് അനിവാര്യമായ അക്കൗണ്ട്). ഇപ്പോഴത് 13 കോടി കടന്നു. രാജ്യം 70 വര്‍ഷമായി നേടാതിരുന്ന മുന്നേറ്റം കഴിഞ്ഞ 5 വര്‍ഷത്തിനിടെ സംഭവിച്ചു.
ഒരു രാജ്യം സാമ്പത്തികമായി മുന്നേറണമെങ്കില്‍ ഓഹരി വിപണികളുടെ പ്രകടനവും നിര്‍ണായകമാണ്. ഇന്ത്യയിലിപ്പോള്‍ ഓഹരി വിപണി തിളങ്ങുകയാണ്. നിക്ഷേപകരുടെ എണ്ണം വര്‍ധിച്ചു. ഇവരെയെല്ലാം പരിഗണിക്കുന്നത് ലക്ഷ്യമിട്ടാണ് അക്യുമെന്‍ ശാഖകളുടെയും ജീവനക്കാരുടെയും എണ്ണം കൂട്ടുന്നത്.
ഓഹരി വിപണി മുന്നേറുകയാണെങ്കിലും ഇപ്പോഴും കേരളീയരുടെ പങ്ക് താരതമ്യേന കുറവാണ്. മലയാളി നിക്ഷേപകരുടെ എണ്ണം ബോധവത്കരണത്തിലൂടെ വര്‍ധിപ്പിക്കുക കൂടി ലക്ഷ്യമിടുന്ന പ്രവര്‍ത്തനങ്ങളാണ് അക്യുമെന്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
(Equity investing is subject to market risk. Please do your own research or consult a financial advisor before investing)
Next Story
Videos