ഐ.ടി.ആർ സമർപ്പണം: ഡിസംബർ 31 ന് ശേഷം നികുതിദായകർക്ക് മുന്നിലുള്ള വഴികൾ
2025-26 അസസ്‌മെന്റ് വർഷത്തെ പുതുക്കിയതും (Revised) വൈകിയതുമായ (Belated) ആദായനികുതി റിട്ടേണുകൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഡിസംബര്‍ 31 ആണ്. ഈ സമയപരിധിക്കുള്ളിൽ റിട്ടേൺ സമർപ്പിക്കാത്തവർക്കും തെറ്റുകൾ തിരുത്താത്തവർക്കും ജനുവരി 1 മുതൽ വലിയ സാമ്പത്തിക ബാധ്യതകൾ നേരിടേണ്ടി വരും.
ജനുവരി 1 മുതലുള്ള സാധ്യതകൾ
ഡിസംബർ 31 ന് ശേഷം നികുതിദായകർക്ക് മുന്നിലുള്ള ഏക പോംവഴി ആദായനികുതി നിയമത്തിലെ സെക്ഷൻ 139(8A) പ്രകാരമുള്ള അപ്ഡേറ്റഡ് റിട്ടേൺ (Updated Return - ITR-U) സമർപ്പിക്കുക എന്നതാണ്. അസസ്‌മെന്റ് വർഷം അവസാനിച്ചതിന് ശേഷം 48 മാസം വരെ ഈ സൗകര്യം ലഭ്യമാണ്. ഉദാഹരണത്തിന്, 2025-26 അസസ്‌മെന്റ് വർഷത്തെ അപ്ഡേറ്റഡ് റിട്ടേൺ 2030 മാർച്ച് 31 വരെ സമർപ്പിക്കാം.
അപ്ഡേറ്റഡ് റിട്ടേണിന്റെ പരിമിതികളും അധികച്ചെലവും
അപ്ഡേറ്റഡ് റിട്ടേൺ സമർപ്പിക്കുമ്പോൾ വലിയ സാമ്പത്തിക നഷ്ടമുണ്ടാകാൻ സാധ്യതയുണ്ട്.
1. അധിക നികുതി: അപ്ഡേറ്റഡ് റിട്ടേൺ സമർപ്പിക്കുമ്പോൾ അധിക നികുതി നൽകേണ്ടി വരും. ആദ്യ വർഷം 25 ശതമാനവും രണ്ടാം വർഷം 50 ശതമാനവും മൂന്ന്, നാല് വർഷങ്ങളിൽ യഥാക്രമം 60, 70 ശതമാനം വരെയും അധിക നികുതി ഈടാക്കും.
2. റീഫണ്ട് ലഭിക്കില്ല: ഐടിആർ-യു (ITR-U) ഉപയോഗിച്ച് നികുതി റീഫണ്ടുകൾ ആവശ്യപ്പെടാൻ സാധിക്കില്ല.
3. നഷ്ടം നികത്താൻ കഴിയില്ല: മുൻവർഷത്തെ ബിസിനസ് അല്ലെങ്കിൽ മൂലധന നഷ്ടങ്ങൾ (Losses) മുന്നോട്ട് കൊണ്ടുപോകാനോ (Carry forward) സെറ്റ് ഓഫ് ചെയ്യാനോ ഇതിൽ അനുവാദമില്ല.
ഡിസംബർ 31 നകം വൈകിയ റിട്ടേൺ സമർപ്പിക്കുന്നവർക്ക് 5,000 രൂപ വരെ പിഴയും (വരുമാനം 5 ലക്ഷത്തിൽ താഴെയെങ്കിൽ 1,000 രൂപ) പലിശയും നൽകി നടപടികൾ പൂർത്തിയാക്കാം. എന്നാൽ ജനുവരി 1 ലേക്ക് നീളുന്നത് ചെലവ് വർദ്ധിപ്പിക്കും. അതിനാൽ, അപ്ഡേറ്റഡ് റിട്ടേൺ എന്നത് ഒരു സാധ്യതയായി കാണാതെ, കൃത്യസമയത്ത് തന്നെ ഐടിആർ സമർപ്പിക്കാൻ നികുതിദായകർ ശ്രദ്ധിക്കണമെന്ന് വിദഗ്ധർ നിർദ്ദേശിക്കുന്നു.
After December 31, only ITR-U filing remains for late taxpayers, with higher penalties and no refunds.
Read DhanamOnline in English
Subscribe to Dhanam Magazine

