

ഇന്ത്യയിലെ പ്രമുഖ സ്വകാര്യ ലൈഫ് ഇൻഷുറൻസ് കമ്പനിയായ ഏജീസ് ഫെഡറൽ ലൈഫ് ഇൻഷുറൻസ്, ഗുജറാത്ത് ഇന്റർനാഷണൽ ഫിനാൻസ് ടെക്-സിറ്റിയിൽ (ഗിഫ്റ്റ് സിറ്റി) പ്രവർത്തനം ആരംഭിക്കുന്നതിന്റെ ഭാഗമായി 'ഓറം അഡ്വാൻ്റേജ് പ്ലാൻ' അവതരിപ്പിച്ചു. ഗിഫ്റ്റ് സിറ്റിയിലെ ഒരു ഇൻഷുറർ നൽകുന്ന ആദ്യത്തെ മൾട്ടി-കറൻസി ലൈഫ് ഇൻഷുറൻസ് പ്ലാനാണിത്. ഇതിലൂടെ ലൈഫ് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്നതിനോടൊപ്പം യുഎസ് ഡോളർ, യൂറോ, പൗണ്ട് എന്നീ അന്താരാഷ്ട്ര കറൻസികളിൽ നിക്ഷേപിക്കാനും ഉപഭോക്താക്കൾക്ക് സാധിക്കും.
ഓറം അഡ്വാൻ്റേജ് ഒരു യൂണിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ് (ULIP) പ്ലാനാണ്. അന്താരാഷ്ട്ര ഓഹരികൾ, സ്ഥിരവരുമാന നിക്ഷേപങ്ങൾ, സ്വർണം തുടങ്ങിയ വിവിധ ആസ്തികളിൽ നിക്ഷേപിച്ച് പോർട്ട്ഫോളിയോ വൈവിധ്യവത്കരിക്കാൻ ഈ പദ്ധതി അവസരമൊരുക്കുന്നു. വിവിധ പ്രീമിയം പേയ്‌മെന്റ് ഓപ്ഷനുകൾ, ഫണ്ട് സ്ട്രാറ്റജികൾ, ലോക്ക്-ഇൻ പിരീഡ് ഇല്ലാത്ത ഭാഗിക പിൻവലിക്കൽ സൗകര്യം എന്നിവയും ഇതിലുണ്ട്. കൂടാതെ നിബന്ധനകൾക്ക് വിധേയമായി മെച്യൂരിറ്റി ആനുകൂല്യങ്ങൾ, ലോയൽറ്റി അഡിഷനുകൾ, ഡെത്ത് ബെനഫിറ്റുകൾ എന്നിവയും പ്ലാൻ വാഗ്ദാനം ചെയ്യുന്നു.
എൻആർഐകൾ, ഒസിഐകൾ, പിഐഒകൾ ഉൾപ്പെടെയുള്ള ഏതൊരു നിക്ഷേപകര്‍ക്കും തങ്ങളുടെ താമസസ്ഥലം പരിഗണിക്കാതെ തന്നെ ഈ പ്ലാൻ തിരഞ്ഞെടുക്കാം. തിരഞ്ഞെടുക്കുന്ന കറൻസി അടിസ്ഥാനമാക്കി ചുരുങ്ങിയ നിക്ഷേപം 3,000 യുഎസ് ഡോളർ, 3,000 യൂറോ അല്ലെങ്കിൽ 3,000 പൗണ്ട് ആണ്. മിഡിൽ ഈസ്റ്റ്, നോർത്ത് അമേരിക്ക, യൂറോപ്പ്, യുകെ, സിംഗപ്പൂർ, ഓസ്‌ട്രേലിയ തുടങ്ങിയ വിപണികളിലെ ഉപഭോക്താക്കൾക്കാണ് ഇതിന്റെ സേവനം ലഭ്യമാകുക.
അന്താരാഷ്ട്ര സാമ്പത്തിക താല്പര്യങ്ങളുള്ള ഉപഭോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനാണ് മൾട്ടി-കറൻസി നിക്ഷേപവും ഇൻഷുറൻസും സംയോജിപ്പിച്ചതെന്ന് കമ്പനി എംഡിയും സിഇഒയുമായ ജൂഡ് ഗോമസ് വ്യക്തമാക്കി. സമീപഭാവിയിൽ തന്നെ ടേം ഇൻഷുറൻസും പെൻഷൻ ഉൽപ്പന്നങ്ങളും കൂടി പോർട്ട്‌ഫോളിയോയിൽ ഉൾപ്പെടുത്താൻ കമ്പനിക്ക് പദ്ധതിയുണ്ട്. വിശദവിവരത്തിന്: www.ageasfederal.com/gift-city
Read DhanamOnline in English
Subscribe to Dhanam Magazine