ഗൂഗ്ള്‍ പേയ്ക്ക് ശേഷം ഫിക്‌സഡ് ഡെപ്പോസിറ്റ് സൗകര്യമൊരുക്കി ആമസോണ്‍

ഇന്ത്യയിലെ 50 മില്യണ്‍ ഉപഭോക്താക്കളിലേക്ക് സ്ഥിരനിക്ഷേപ പദ്ധതി ഉള്‍പ്പെടെ സമ്പാദ്യ പദ്ധതികളെത്തിക്കാനൊരുങ്ങി ആമസോണ്‍. ആമസോണിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ആമസോണ്‍ പേ ആണ് കുവേര ഡോട്ട് ഇന്‍ എന്ന സ്റ്റാര്‍ട്ടപ്പ് ഫിന്‍ടെക് പ്ലാറ്റ്‌ഫോമുമായി കൈകോര്‍ത്ത് പുതിയ അവസരമൊരുക്കുന്നത്.

ഇന്ത്യയിലെ ബില്‍ പേമെന്റ് സംവിധാനങ്ങളില്‍ ഇതിനോടകം തന്നെ ആമസോണ്‍ പേ മുന്‍പന്തിയിലെത്തിയിട്ടുണ്ട്. സാമ്പത്തിക കാര്യ മേഖലയിലെ ശക്തമായ ചുവടുവയ്പ് വരുന്ന സാമ്പത്തിക വര്‍ഷത്തിലുണ്ടായിരിക്കുമെന്ന് മുമ്പ് അറിയിച്ചിരുന്നതുമാണ്. കമ്പനി ഇപ്പോള്‍ അത്തരത്തിലൊന്ന് സജ്ജമാക്കിയിരിക്കുകയാണെന്നതാണ് വ്യക്തമാകുന്നത്. മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങളും ആരംഭിക്കാനുള്ള സൗകര്യമൊരുക്കും.
ഉപഭോക്താക്കള്‍ക്ക് എല്ലാ സര്‍വീസും ഓണ്‍ലൈന്‍ എത്തിക്കുക എന്ന ലക്ഷ്യവുമായി മുന്നേറുന്ന ആമസോണിന് അവരുടെ സാമ്പത്തിക ലക്ഷ്യങ്ങളിലും സഹായകമാകുന്ന പദ്ധതികളാണ് ആമസോണ്‍ മുന്നോട്ട് വയ്ക്കുന്നതെന്ന് ആമസോണ്‍ പേ ഇന്ത്യ ഡയറക്റ്റര്‍ വികാസ് ബന്‍സല്‍ പറഞ്ഞു.
അരേവുക് അഡൈ്വസറി സര്‍വീസസിന് കീഴില്‍ 2017 ല്‍ നിലവില്‍ വന്ന കുവേര മ്യൂച്വല്‍ ഫണ്ട് ഉള്‍പ്പെടെയുള്ള പേഴ്‌സണല്‍ ഫിനാന്‍സ് സേവനങ്ങള്‍ നല്‍കി വരുന്ന കമ്പനിയാണ്. നിലവില്‍ 28,000 കോടിരൂപയോളം ആസ്തികൈകാര്യം ചെയ്യുന്ന സ്ഥാപനത്തിന് 1.1 ദശലക്ഷത്തോളം നിക്ഷേപകരാണുള്ളത്.
അതേസമയം ടെക് ഭീമന്മാര്‍ ചെറുകിട നിക്ഷേപരംഗത്തേക്കു വരുന്നതില്‍ റിസര്‍വ് ബാങ്കിന് നീരസമുണ്ടെന്ന് ദേശീയ തലത്തിലുള്ള ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്. ഗൂഗ്ള്‍ പേയും അടുത്തിടെ ഈ ദിശയില്‍ ചുവടു വെച്ചിട്ടുണ്ട്.
ഇവര്‍ സ്ഥിര നിക്ഷേപത്തിന് സേവന ഫീസ് ഈടാക്കിയാല്‍ അത് ഇന്ത്യയിലെ നിലവിലുള്ള മാനദണ്ഡങ്ങള്‍ക്ക് എതിരാണെന്നതാണ് എതിര്‍പ്പിന് വഴിവയ്ക്കുക. കൂടാതെ ആമസോണ്‍ കമ്പനിയിലാണ് നിക്ഷേപം നടത്തുന്നതെന്ന വിശ്വാസത്തില്‍ പല ഉപയോക്താക്കളും സ്വകാര്യ പണമിടപാട് സ്ഥാപനത്തിലേക്കും അവരുടെ പദ്ധതികളിലേക്കും ആകൃഷ്ടരാകുമെന്ന ആശങ്കയും നിലനില്‍ക്കുന്നു.
അതേസമയം ആമസോണ്‍ പേയിലൂടെ ഉപയോക്താക്കള്‍ നിക്ഷേപ പദ്ധതി തുടങ്ങാന്‍ എളുപ്പമാര്‍ഗം ലഭിച്ച അവസരം ഉപയോഗപ്പെടുത്തിക്കഴിഞ്ഞു.
എങ്ങനെയാണ് നിക്ഷേപം തുടങ്ങുക
  • ആമസോണ്‍ പേ ഡൗണ്‍ലോഡ് ചെയ്യുക.
  • വെല്‍ത്ത് മാനേജ്‌മെന്റ് സര്‍വീസസ് എന്ന ഒരു ഐക്കണ്‍ കാണാന്‍ കഴിയും.
  • ഐക്കണ്‍ ക്ലിക്ക് ചെയ്യുമ്പോള്‍, കുവേര സിസ്റ്റം ബാക്കി ഡെപ്പിസിറ്റ് സംബന്ധിച്ച കാര്യങ്ങള്‍ ചെയ്യും.


Related Articles
Next Story
Videos
Share it