വിപണിയിൽ ചാ‍ഞ്ചാട്ടം; ഫ്ലെക്സി ക്യാപ് ഫണ്ടും മൾട്ടി ക്യാപ് ഫണ്ടും എങ്ങനെ തെരഞ്ഞെടുക്കാം?

വിപണി ചാഞ്ചാട്ടത്തിലേക്ക് നീങ്ങുമ്പോൾ നിക്ഷേപ തീരുമാനം എങ്ങനെ സ്വീകരിക്കണം? ഫ്ലെക്സി ക്യാപ് ഫണ്ടിനും മൾ‌ട്ടി ക്യാപ് ഫണ്ടിനും ഉള്ള സവിശേഷതകൾ എന്തൊക്കെ?
mutual fund
canva
Published on

കഴി‍ഞ്ഞ കലണ്ടർ വർഷത്തിൽ എൻസ്ഇയുടെ അടിസ്ഥാന ഓഹരി സൂചികയായ നിഫ്റ്റി-50 താരതമ്യേന ഭേദപ്പെട്ട 10 ശതമാനം എന്ന നേട്ടമാണ് കുറിച്ചത്. അതേസമയം മിഡ് ക്യാപ് ഓഹരികളെ പ്രതിനിധീകരിക്കുന്ന നിഫ്റ്റി മിഡ്ക്യാപ്-150 സൂചികയാകട്ടെ 5 ശതമാനവും സ്മോൾ ക്യാപ് ഓഹരികളെ പ്രതിനിധീകരിക്കുന്ന നിഫ്റ്റി സ്മോൾ ക്യാപ്-250 സൂചികയാകട്ടെ 6 ശതമാനവും നഷ്ടം നേരിടുകയും ചെയ്തു.

ഈയൊരു പശ്ചാത്തലത്തിൽ ഏത് ഓഹരി വിഭാ​ഗത്തിലാണ് നിക്ഷേപിക്കേണ്ടത് എന്ന ചോദ്യം സാധാരണക്കാർക്കിടയിൽ സ്വാഭാവികമായും ഉയർന്നുവരാം. ഇത്തരത്തിൽ പോർട്ഫോളിയോ റിസ്ക് കൈകാര്യം ചെയ്യേണ്ടി വരുന്ന സാഹചര്യത്തിലാണ് ഫ്ലെക്സി ക്യാപ് ഫണ്ടിനും മൾ‌ട്ടി ക്യാപ് ഫണ്ടിനും പ്രാധാന്യം കൈവരുന്നത്. ഇതിനെ കുറിച്ചുള്ള വിശദാംശങ്ങൾ താഴെ ചേർക്കുന്നു.

എന്താണ് ഫ്ലെക്സി-ക്യാപ് ഫണ്ട്?

വിപണി മൂല്യം (മാർക്കറ്റ് ക്യാപിറ്റലൈസേഷൻ) അടിസ്ഥാനമാക്കി നിശ്ചിത ശതമാനം നിക്ഷേപം വീതം ലാർജ് ക്യാപ്, മിഡ് ക്യാപ്, സ്മോൾ ക്യാപ് എന്നിങ്ങനെയുള്ള ഓഹരി വിഭാ​ഗങ്ങളിൽ ഉണ്ടായിരിക്കണമെന്ന നിബന്ധനയില്ലാത്ത ഓപ്പൺ-എൻഡഡ് (Open-ended) ആയിട്ടുള്ള മ്യൂച്വൽ ഫണ്ട് സ്കീമുകളെയാണ് ഫ്ലെക്സി ക്യാപ് ഫണ്ട് എന്ന് വിശേഷിപ്പിക്കുന്നത്. പക്ഷേ, ഈ മ്യൂച്ചൽ ഫണ്ടിന് കീഴിലുള്ള മൊത്തം സഞ്ചിത നിധിയുടെ 65 ശതമാനമെങ്കിലും ഓഹരികളിലോ അനുബന്ധ ഉപാധികളിലോ നിക്ഷേപിച്ചിരിക്കണം എന്നതാണ് വ്യവസ്ഥ. ഇതിലൂടെ നിക്ഷേപം എവിടെ വിന്യസിക്കണമെന്ന കാര്യത്തിൽ ഫണ്ട് മാനേജർക്ക് വളരെ ഫ്ലെക്സിബിലിറ്റി ലഭിക്കുമെന്നതാണ് ഫ്ലെക്സി ക്യാപ് ഫണ്ടിന്റെ സവിശേഷത.

ഉദാഹരണത്തിന് കഴിഞ്ഞ ഒന്നോ രണ്ടോ വർഷത്തിനിടെ സ്മോൾ ക്യാപ് ഓഹരികൾ വൻ മുന്നേറ്റം നടത്തിയാൽ ലാഭമെടുത്ത് മാറുന്നതിനും ഇത് ലാർജ് ക്യാപ് ഓഹരികളിലേക്ക് നിക്ഷേപിക്കുന്നതിനും തടസ്സമില്ല. മറിച്ച് ഏതാനും നാളുകളായി തിരിച്ചടി നേരിട്ട് സ്മോൾ ക്യാപ് ഓഹരികളുടെ വാല്യൂവേഷൻ ആകർഷകമായാൽ ഭാവി നേട്ടത്തിനായി നിബന്ധനകളുടെ വിലക്കുകളില്ലാതെ വാങ്ങാനും സാധിക്കും. അതായത് മികച്ച അവസരം നോക്കി വിപണി മൂല്യത്തിന്റെ പരിധികളില്ലാതെ നിക്ഷേപിക്കുന്നതിനും അല്ലെങ്കിൽ മാർക്കറ്റ് ട്രെൻഡ് വിലയിരുത്തിയോ കമ്പനികളുടെ പ്രകടനമോ ഓഹരികളുടെ വാല്യൂവേഷൻ നോക്കിയോ സെക്ടറൽ റോട്ടോഷൻ വേ​ഗത്തിൽ നടത്തുന്നതിനും ഫ്ലെക്സി ക്യാപ് ഫണ്ടുകൾക്ക് കഴിയുമെന്ന് സാരം.

എന്താണ് മൾ‌ട്ടി ക്യാപ് ഫണ്ട്?

മൊത്തം സഞ്ചിത നിധിയുടെ 75 ശതമാനമെങ്കിലും നിശ്ചിത വിപണി മൂല്യത്തിന്റെ അടിസ്ഥാനമാക്കിയുള്ള ഓഹരികളിലോ അനുബന്ധ ഉപാധികളിലോ നിക്ഷേപിക്കുന്ന ഓപ്പൺ-എൻഡഡ് വിഭാ​ഗത്തിലുള്ള മ്യൂച്വൽ ഫണ്ട് സ്കീമുകളാണ് മൾട്ടി ക്യാപ് ഫണ്ട്. അതുപോലെ ലാർജ് ക്യാപ്, മിഡ് ക്യാപ്, സ്മോൾ ക്യാപ് ഓഹരി വിഭാ​ഗങ്ങളിലായി ചുരുങ്ങിയത് 25 ശതമാനം വീതമെങ്കിലും നിക്ഷേപം എല്ലായ്പ്പോഴും നിലനിർത്തുകയും വേണമെന്ന നിബന്ധനയുമുണ്ട്. ആ സ്കീമിൽ ബാക്കിയുള്ള ആസ്തിയുടെ 25 ശതമാനത്തിൽ മാത്രമാണ് ഫണ്ട് മാനേജർക്ക് സ്വതന്ത്രമായി ഏത് ഓഹരി വിഭാ​ഗത്തിലുമായി നിക്ഷേപിക്കാൻ സ്വാതന്ത്ര്യമുള്ളത്. ഇതിലൂടെ എല്ലാ വിഭാ​ഗം ഓഹരികളിലുമായുള്ള വൈവിധ്യമാർന്ന എക്സ്പോഷർ ലഭിക്കുമെന്നതാണ് സവിശേഷത.

ഏത് തെരഞ്ഞെടുക്കണം?

ഫെക്സി ക്യാപ് ഫണ്ട് ആയാലും മൾ‌ട്ടി ക്യാപ് ഫണ്ട് ആയാലും ശരി, അതിന്റെ ഭൂരിഭാ​ഗം നിക്ഷേപവും ഓഹരിയിലാണെന്ന് ഓ‌ർക്കുക. അതിനാൽ ഉയർന്ന റിസ്ക് എടുക്കാൻ ശേഷിയുള്ള നിക്ഷേപകർക്കാണ് ഇവ രണ്ടും അനുയോജ്യമാകുക. ഒരു ഇക്വിറ്റി മ്യൂച്വൽ ഫണ്ട് സ്കീമിനെ സംബന്ധിച്ച് അഞ്ചോ അതിലധികമോ വർഷം കാത്തിരുന്നാൽ മാത്രമാണ് നിക്ഷേപത്തിന്മേലുള്ള കോമ്പൗണ്ടിങ്ങിന്റെ ശക്തി വെളിവാകുകയുള്ളൂ. ഇവ രണ്ടും ഇക്വിറ്റി സ്കീമുകളായി പരി​ഗണിക്കുന്നതിനാൽ ആദായത്തിൽ നിന്നുള്ള നികുതി ബാധ്യത സമാനമാണ്.

വേ​ഗത്തിൽ ആദായം നേടണമെന്ന താത്പര്യത്തോടെ ഫണ്ട് മാനേജർക്ക് കൂടുതൽ നിയന്ത്രണം കൊടുക്കാൻ താത്പര്യമുള്ള ഉയർന്ന റിസ്ക് എടുക്കാൻ ശേഷിയുള്ള നിക്ഷേപകർക്ക് ഫ്ലെക്സി ക്യാപ് ഫണ്ട് അനുയോജ്യമാണ്. അതേസമയം പോ‌ർട്ട്ഫോളിയോ റിസ്ക് എല്ലായ്പ്പോഴും വൈവിധ്യവത്കരിക്കപ്പെട്ടിരിക്കണമെന്ന് താത്പര്യമുള്ള നിക്ഷേപകർക്കാണ് മൾട്ടി ക്യാപ് ഫണ്ട് കൂടുതൽ ഇണങ്ങുക.

Disclaimer:

മേൽസൂചിപ്പിച്ച വിവരം പഠനാവശ്യാർത്ഥം പങ്കുവെച്ചതാണ്. ഇതു നിക്ഷേപ സംബന്ധമായ തീരുമാനം എടുക്കുന്നതിനുള്ള ശുപാർശയോ നിർദേശമോ അല്ല. മ്യൂച്ചൽ ഫണ്ട് നിക്ഷേപം വിപണിയുടെ ലാഭനഷ്ട സാധ്യതകൾക്ക് വിധേയമാണ്. മ്യൂച്ചൽ ഫണ്ടിൽ നിക്ഷേപത്തിന് മുൻപ് സ്വന്തം നിലയിൽ കൂടുതൽ പഠനം നടത്തുകയോ അല്ലെങ്കിൽ സെബി അം​ഗീകൃത സാമ്പത്തിക വിദ​ഗ്ധരുടെ മാർ​ഗനിർദേശം തേടുകയോ നിങ്ങൾക്ക് ചെയ്യാവുന്നതാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com