സ്മാർട്ട് ആയി ലോൺ എടുക്കാം: ബാങ്കുകളാണോ എൻ.ബി.എഫ്.സികളാണോ മികച്ചത്?

പരസ്യങ്ങളിൽ കാണുന്ന കുറഞ്ഞ പലിശ നിരക്ക് മാത്രം കണക്കിലെടുക്കാതെ, അനുബന്ധ ഫീസുകളെക്കുറിച്ചും വ്യക്തമായി മനസ്സിലാക്കിയ ശേഷം വേണം വായ്പ കരാറുകളിൽ ഒപ്പുവെക്കാൻ
Loan Comparison Tips
Canva
Published on

ഒരു വായ്പ ആവശ്യമായി വരുമ്പോൾ നമ്മൾ ആദ്യം ചിന്തിക്കുന്നത് ബാങ്കുകളെക്കുറിച്ചാണ്. എന്നാൽ പരമ്പരാഗത ബാങ്കിംഗ് നിബന്ധനകൾ എല്ലാവർക്കും അനുയോജ്യമാകണമെന്നില്ല. പ്രത്യേകിച്ച് സ്വയം തൊഴിൽ ചെയ്യുന്നവർക്കും, ക്രെഡിറ്റ് ഹിസ്റ്ററി ഇല്ലാത്തവർക്കും, അടിയന്തിരമായി പണം ആവശ്യമുള്ളവർക്കും ബാങ്കുകളേക്കാൾ വേഗത്തിൽ തുണയാകുന്നത് നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനികളാണ് (എൻ.ബി.എഫ്.സി). ധനകാര്യ സ്ഥാപനങ്ങളുടെ ഈ രണ്ട് വ്യത്യസ്ത പ്രവർത്തനശൈലികൾ തിരിച്ചറിഞ്ഞ് കൃത്യമായ വഴി തിരഞ്ഞെടുക്കാൻ സാധിച്ചാൽ, നിങ്ങളുടെ ബിസിനസ്സിലും വ്യക്തി​ഗത ആവശ്യത്തിലും വലിയ രീതിയിൽ സമയവും പണവും ലാഭിക്കാനാകും.

1. ഘടനാപരമായ വ്യത്യാസം

ബാങ്കുകളും എൻ.ബി.എഫ്.സികളും തമ്മിലുള്ള പ്രധാന വ്യത്യാസം അവയുടെ മൂലധന സമാഹരണത്തിലാണ്. ബാങ്കുകൾ പൊതുജനങ്ങളിൽ നിന്ന് നിക്ഷേപങ്ങൾ (Deposits) സ്വീകരിക്കുകയും ആ പണം വായ്പയായി നൽകുകയും ചെയ്യുന്നു. താരതമ്യേന കുറഞ്ഞ ചെലവിലുള്ള ഈ നിക്ഷേപങ്ങൾ കാരണം ബാങ്കുകൾക്ക് താഴ്ന്ന പലിശ നിരക്കിൽ വായ്പകൾ നൽകാൻ കഴിയുന്നു. എന്നാൽ എൻ.ബി.എഫ്.സികൾക്ക് പൊതുജനങ്ങളിൽ നിന്ന് ഡിമാൻഡ് ഡിപ്പോസിറ്റുകൾ സ്വീകരിക്കാൻ അനുമതിയില്ല. അവർ മറ്റ് സ്രോതസ്സുകളിൽ നിന്ന് ഉയർന്ന ചെലവിലാണ് മൂലധനം കണ്ടെത്തുന്നത്. തത്ഫലമായി, എൻ.ബി.എഫ്.സികളുടെ വായ്പ പലിശ നിരക്കുകൾ ബാങ്കുകളേക്കാൾ അൽപ്പം കൂടുതലായിരിക്കും.

2. യോഗ്യതാ മാനദണ്ഡങ്ങളും വായ്പ അനുമതിയും

ബാങ്കുകളുടെ വായ്പ അനുമതി ചട്ടങ്ങൾ വളരെ കർശനമാണ്. കൃത്യമായ വരുമാന രേഖകൾ, മികച്ച ക്രെഡിറ്റ് ഹിസ്റ്ററി, സുതാര്യമായ സാമ്പത്തിക രേഖകൾ എന്നിവ ബാങ്കുകൾക്ക് നിർബന്ധമാണ്. ഫ്രീലാൻസർമാർ, ആദ്യമായി വായ്പയ്ക്ക് അപേക്ഷിക്കുന്നവർ എന്നിവരെ ബാങ്കുകൾ പലപ്പോഴും നിരസിക്കാറുണ്ട്. എന്നാൽ എൻ.ബി.എഫ്.സികൾ വ്യത്യസ്തമായ റിസ്ക് മാതൃകകൾ അടിസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നത്. ബാങ്കുകൾ വായ്പ നൽകാത്ത വിഭാഗങ്ങൾക്ക് എൻ.ബി.എഫ്.സികൾ മുൻഗണന നൽകുന്നു. പലിശ നിരക്ക് കൂടുതലാണെങ്കിലും, ബാങ്ക് വായ്പകൾ ലഭിക്കാത്തവർക്ക് ഇത് മികച്ചൊരു ബദലാണ്.

3. വായ്പ ലഭിക്കുന്നതിലെ വേഗത

വായ്പ അപേക്ഷകന്റെ സാമ്പത്തിക പശ്ചാത്തലം പരിശോധിക്കാൻ ബാങ്കുകൾ വിപുലമായ ആഭ്യന്തര വെരിഫിക്കേഷൻ സംവിധാനങ്ങളാണ് ഉപയോഗിക്കുന്നത്. വലിയ തുകകളുടെ വായ്പകൾക്ക് ഇത് അനുയോജ്യമാണെങ്കിലും, നടപടിക്രമങ്ങൾ പൂർത്തിയാകാൻ സമയമെടുക്കും. എന്നാൽ ഇതിനു വിപരീതമായി, ആധുനിക സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള വേഗത്തിലുള്ള അനുമതി സംവിധാനങ്ങളാണ് എൻ.ബി.എഫ്.സികളുടെ പക്കലുള്ളത്. ഇവയിലൂടെ ഏതാനും മണിക്കൂറുകൾക്കുള്ളിൽ പോലും വായ്പ തുക അപേക്ഷകന്റെ അക്കൗണ്ടിലെത്തും. അടിയന്തിരമായി പണം ആവശ്യമുള്ള സാഹചര്യങ്ങളിൽ ഈ വേഗത വളരെ നിർണായകമാണ്.

മറഞ്ഞിരിക്കുന്ന മറ്റ് ചെലവുകൾ

പലിശ നിരക്കുകൾക്ക് പുറമെ വായ്പയുമായി ബന്ധപ്പെട്ടു വരുന്ന മറ്റ് ചെലവുകളും ഉപഭോക്താക്കൾ ശ്രദ്ധിക്കേണ്ടതുണ്ട്. പ്രോസസ്സിംഗ് ഫീസ്, ഫോർക്ലോഷർ പെനാൽറ്റികൾ (കാലാവധിക്ക് മുൻപ് വായ്പ അടച്ചുതീർക്കുമ്പോഴുള്ള പിഴത്തുക), പ്രീപേയ്മെന്റ് ചാർജുകൾ എന്നിവ വായ്പയുടെ ആകെ ചെലവിനെ ബാധിക്കുന്ന ഘടകങ്ങളാണ്. പരസ്യങ്ങളിൽ കാണുന്ന കുറഞ്ഞ പലിശ നിരക്ക് മാത്രം കണക്കിലെടുക്കാതെ, അനുബന്ധ ഫീസുകളെക്കുറിച്ചും വ്യക്തമായി മനസ്സിലാക്കിയ ശേഷം വേണം വായ്പ കരാറുകളിൽ ഒപ്പുവെക്കാൻ.

അതുപോലെ ബാങ്കുകൾ വായ്പയ്ക്ക് പുറമെ സേവിംഗ്സ് അക്കൗണ്ടുകൾ, ക്രെഡിറ്റ് കാർഡുകൾ, ഇൻവെസ്റ്റ്മെന്റ് പ്രോഡക്ട്സ് എന്നിവ ഉൾപ്പെടെയുള്ള സമഗ്രമായ സാമ്പത്തിക സേവനങ്ങൾ നൽകുന്നുണ്ട്. കൂടാതെ, റിസർവ് ബാങ്കിന്റെ (ആർബിഐ) കർശനമായ നിയന്ത്രണ സംവിധാനങ്ങൾക്ക് കീഴിൽ പ്രവർത്തിക്കുന്നതിനാൽ ഉപഭോക്തൃ സംരക്ഷണം ബാങ്കുകളിൽ കൂടുതലായിരിക്കും. അതിനാൽ, സ്വന്തം ക്രെഡിറ്റ് പ്രൊഫൈൽ, പണത്തിനുള്ള അടിയന്തരാവശ്യം, വായ്പയുടെ കാലാവധി എന്നിവ കൂടി വിലയിരുത്തി വേണം ബാങ്കുകളാണോ എൻ.ബി.എഫ്.സികളാണോ അനുയോജ്യമെന്ന് ​ഉപഭോക്താക്കൾ തീരുമാനിക്കേണ്ടതെന്ന് സാരം.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com