ലോണ്‍ അപേക്ഷ തള്ളിപ്പോകുന്നത് പ്രധാനമായും ഈ 4 സാഹചര്യങ്ങളിലാണ്

സാമ്പത്തിക പ്രതിസന്ധിയുള്ളപ്പോഴാണ് പലരും വായ്പകള്‍ക്കായി ഒരുങ്ങുന്നത്. എന്നാല്‍ പല കാരണങ്ങളാലും വായ്പ തള്ളിപ്പോകാന്‍ ഇടയുണ്ട്. അപേക്ഷകളുടെ ആധിക്യം മൂലവും ബാങ്കുകളുടെ കിട്ടാക്കടം പെരുകുന്നതുമാണ് ഇതിന്റെ കാരണങ്ങള്‍. വായ്പയ്ക്ക് വേണ്ടി വീണ്ടും അപേക്ഷിക്കുന്നതിന് മുമ്പ് നിങ്ങളുടെ വായ്പ നിരസിക്കപ്പെട്ടേക്കാനിടയുള്ള കാരണങ്ങള്‍ തിരിച്ചറിഞ്ഞ് നീങ്ങുക പ്രധാനമാണ്. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും വായ്പ നല്‍കുമ്പോള്‍ എടുക്കുന്ന റിസ്‌ക് മൂലം തന്നെ വായ്പ നല്‍കാന്‍ കര്‍ശന മാനദണ്ഡങ്ങളും മുന്നോട്ട് വച്ചിരിക്കുന്നു. അടുത്ത പ്രാവശ്യം വായ്പയ്ക്കായി അപേക്ഷിക്കും മുമ്പ് അവ നിരസിക്കപ്പെടാതിരിക്കാനുള്ള കാരണങ്ങളും തിരിച്ചറിയണം.

അപേക്ഷ നല്‍കുന്നതിലെ വ്യക്തതക്കുറവ്
വായ്പ അപേക്ഷിക്കുമ്പോഴുള്ള നടപടിക്രമങ്ങളിലും ഡോക്യുമെന്റേഷനിലും സംഭവിച്ചേക്കാവുന്ന ഏറ്റവും ചെറിയ പിഴവ് പോലും വായ്പ തിരസ്‌ക്കരിക്കപ്പെടാന്‍ ഇടയാക്കുമെന്ന് നിങ്ങള്‍ മനസ്സിലാക്കേണ്ടതാണ്. നിങ്ങളുടെ എല്ലാ വ്യക്തിഗത രേഖകകളും അതിനാല്‍ ശരിയായി പൂരിപ്പിച്ചിട്ടുണ്ടെന്നും ഓരോ രേഖയും ശ്രദ്ധാപൂര്‍വ്വം മൂല്യനിര്‍ണ്ണയം ചെയ്തിട്ടുണ്ടന്നും ഉറപ്പുവരുത്തുക. ആധാര്‍കാര്‍ഡ് ഉള്‍പ്പെടെയുള്ളവ സമര്‍പ്പിക്കാനും സ്റ്റേറ്റ്‌മെന്റുകള്‍ തയ്യാറാക്കി വയ്ക്കാനും ശ്രദ്ധിക്കുക. നിലവിലെ ക്രെഡിറ്റ് കാര്‍ഡ്, ലോണ്‍ കഴിഞ്ഞിട്ടും ക്ലോസ് ചെയ്യാതെ ഉണ്ടെങ്കില്‍ അത് അങ്ങനെ നൂലാമാലകള്‍ ഒഴിവാക്കി ലോണിനായി അപേക്ഷിക്കുക.
കുറഞ്ഞ ക്രെഡിറ്റ് സ്‌കോര്‍
അപേക്ഷകന്റെ ക്രെഡിറ്റ് സ്‌കോര്‍ മൂല്യനിര്‍ണയത്തിനുള്ള ഏറ്റവും വലിയ മാനദണ്ഡങ്ങളിലൊന്നാണ്. സ്വര്‍ണവായ്പകള്‍ക്ക് പുറമെ ഉള്ള വായ്പകള്‍ക്കായുള്ള അംഗീകാരം ലഭിക്കുന്നതിന് നിങ്ങള്‍ക്ക് നല്ലൊരു ക്രെഡിറ്റ് സ്‌കോര്‍ വേണം. വളരെ താഴ്ന്ന സ്‌കോര്‍ നിരസിക്കുകയും ഇടയില്‍ ഉള്ളവര്‍ക്ക് ഉയര്‍ന്ന പലിശ നിരക്കില്‍ വായ്പ അംഗീകരിക്കുകയും ചെയ്യുന്നു. നിങ്ങളുടെ പണമടയ്ക്കലില്‍ ജാഗ്രത പുലര്‍ത്തുന്നതിലൂടെ നിങ്ങള്‍ക്ക് നല്ലൊരു ക്രെഡിറ്റ് സ്‌കോര്‍ നിലനിര്‍ത്താന്‍ കഴിയും.
വിശദാംശങ്ങള്‍ പൊരുത്തപ്പെട്ടില്ലെങ്കില്‍
ലോണ്‍ നല്‍കുന്നതില്‍ ഡേറ്റാബേസ് പരിശോധിക്കല്‍ പ്രധാനമാണ്. ബാങ്കുകളും മറ്റ് ധനകാര്യസ്ഥാപനങ്ങളുമെല്ലാം ഉപഭോക്താക്കളുടെ പേര്, വിലാസം, ബന്ധപ്പെടാനുള്ള വിശദാംശങ്ങള്‍, അവരുടെ സാമ്പത്തിക ചരിത്രം എന്നിവ പല വഴിക്ക് പരിശോധിക്കാറുണ്ട്. അപൂര്‍വ്വമായ ചില സാഹചര്യങ്ങളില്‍ അപേക്ഷകന്റെ വിശദാംശങ്ങള്‍ ഒരു ഡിഫോള്‍ട്ടറുടെ വിശദാംശങ്ങളുമായി പൊരുത്തപ്പെടുന്നുണ്ടെങ്കില്‍ നിങ്ങളുടെ അപേക്ഷ ഉടനടി റദ്ദാക്കപ്പെടും. ബാങ്കുമായി സംസാരിച്ച് നിങ്ങളുടെ അപേക്ഷ വീണ്ടും പരിഗണിക്കാന്‍ ആവശ്യപ്പെടാം.
വായ്പാ വരുമാന അനുപാതം
അപേക്ഷകന്റെ വായ്പാ വരുമാന അനുപാതത്തിലൂടെയാണ് പല ധനകാര്യ സ്ഥാപനങ്ങളും ലോണ്‍ യോഗ്യത കണക്കാക്കുന്നത്. അപേക്ഷകന്റെ ആസ്തി, പ്രതിമാസ മൊത്ത വരുമാനത്തില്‍ നിന്ന് നിങ്ങളുടെ നിലവിലെ പ്രതിമാസ വായ്പകളും എടുക്കുന്ന വായ്പയുടെ ഇഎംഐ എന്നിവ വിഭജിക്കുന്നതിലൂടെ വായ്പ തിരിച്ചടക്കുന്നതിനുള്ള നിങ്ങളുടെ കഴിവ് കണക്കുകൂട്ടുന്നു. വായ്പാ വരുമാന അനുപാതം കൂടിയാല്‍ വായ്പയ്ക്കായി നിങ്ങള്‍ നിരസിക്കപ്പെടും.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it