

നിങ്ങൾ ഒരു വായ്പ നേടാന്‍ പദ്ധതിയിടുകയാണെങ്കിൽ ആദ്യം ചെയ്യേണ്ടത് നിങ്ങളുടെ ക്രെഡിറ്റ് സ്കോർ കണ്ടെത്തുക എന്നതാണ്. എടുത്ത വായ്പ തിരിച്ചടയ്ക്കാനുള്ള നിങ്ങളുടെ കഴിവിനെ സൂചിപ്പിക്കുന്നതാണ് ക്രെഡിറ്റ് സ്കോർ. ക്രെഡിറ്റ് സ്കോർ കുറയുമ്പോൾ വായ്പ ലഭിക്കുന്നത് കൂടുതൽ ബുദ്ധിമുട്ടായിരിക്കും.
ക്രെഡിറ്റ് സ്കോർ ഉയർന്നതാണെങ്കിൽ (700 അല്ലെങ്കിൽ അതിൽ കൂടുതലാണെങ്കില്‍) ബാങ്കുമായോ ധനകാര്യ സ്ഥാപനങ്ങളുമായോ നല്ലൊരു ഇടപാട് നടത്താൻ നിങ്ങൾക്ക് സാധിക്കുന്നു. നല്ല ക്രെഡിറ്റ് സ്കോർ ഉണ്ടായിരിക്കുന്നതിന്റെ പ്രധാന ഗുണങ്ങളാണ് ഇവിടെ പരിശോധിക്കുന്നത്.
കുറഞ്ഞ പലിശ നിരക്കിലുള്ള വായ്പകൾ: ബാങ്കുകൾ സാധാരണയായി ഉയര്‍ന്ന ക്രെഡിറ്റ് സ്കോര്‍ ഉളള വ്യക്തികളെ കുറഞ്ഞ റിസ്ക് ഉള്ളവരായി കാണുന്നു. അതിനാൽ നിങ്ങൾക്ക് കുറഞ്ഞ പലിശ നിരക്കിൽ വ്യക്തിഗത, വീട്, കാർ വായ്പകള്‍ ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. നിരക്കില്‍ 1 ശതമാനത്തിൽ പോലും വ്യത്യാസം വരുത്തുന്നത് ഗണ്യമായ തുക ലാഭിക്കാൻ നിങ്ങളെ സഹായിക്കും.
പ്രോസസ്സിംഗിൽ കുറഞ്ഞ നിരക്കുകൾ: നിങ്ങളുടെ സ്കോർ ഉയർന്നതാണെങ്കില്‍, കുറഞ്ഞ ഫീസിനോ ചാർജുകൾക്കോ വായ്പാദാതാക്കളുമായി വിലപേശാൻ നിങ്ങൾക്ക് കൂടുതൽ സൗകര്യപ്രദമായിരിക്കും.
എളുപ്പത്തിലുള്ള വായ്പാ അംഗീകാരങ്ങൾ: ഉയർന്ന ക്രെഡിറ്റ് സ്കോറുകൾ വായ്പകൾക്കും ക്രെഡിറ്റ് കാർഡുകൾക്കും വേഗത്തിലും തടസ്സരഹിതമായും അംഗീകാരങ്ങൾ ലഭിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. സാധാരണയായി ഇത്തരം കേസുകളില്‍ കുറഞ്ഞ രേഖകൾ മാത്രമാണ് ആവശ്യപ്പെടാറുളളത്.
ഉയർന്ന ക്രെഡിറ്റ് പരിധി: നിങ്ങളുടെ തിരിച്ചടവ് ശേഷിയിൽ കടം നല്‍കുന്നവർക്ക് വിശ്വാസമുള്ളതിനാൽ, നിങ്ങൾക്ക് ഉയർന്ന ക്രെഡിറ്റ് കാർഡ് പരിധികളോ വലിയ വായ്പ തുകയോ ലഭിക്കാനുളള സാധ്യതകള്‍ കൂടുതലാണ്.
പ്രീ-അപ്രൂവ്ഡ് ലോണുകൾ: വളരെ കുറഞ്ഞ രേഖകളുടെ അടിസ്ഥാനത്തില്‍ ബാങ്കുകൾ നിങ്ങൾക്ക് പ്രീ-അപ്രൂവ്ഡ് വ്യക്തിഗത ലോണുകളോ തൽക്ഷണ ഓവർഡ്രാഫ്റ്റ് സൗകര്യങ്ങളോ നൽകുന്നു.
ക്രെഡിറ്റ് കാർഡ് ഓഫറുകൾ: മികച്ച റിവാർഡുകൾ, ക്യാഷ്ബാക്ക്, ലോഞ്ച് ആക്‌സസ്, മറ്റ് ആനുകൂല്യങ്ങൾ എന്നിവയുള്ള പ്രീമിയം ക്രെഡിറ്റ് കാർഡുകളിലേക്ക് ആക്‌സസ് ലഭിക്കാൻ സാധ്യതയുണ്ട്.
A credit score above 700 boosts chances for low-interest loans, faster processing, and premium credit benefits.
Read DhanamOnline in English
Subscribe to Dhanam Magazine