സാമ്പത്തിക സ്വാതന്ത്ര്യത്തിന് ഈ ആറു കാര്യങ്ങള്‍ ശ്രദ്ധിക്കൂ

2020 എന്നത് പുതിയ വര്‍ഷം മാത്രമല്ല, പുതിയൊരു ദശാബ്ദത്തിലേക്കുള്ള ചവിട്ടുപടി കൂടിയാണ്. സാമ്പത്തിക സ്വാതന്ത്ര്യം നേടാന്‍ അടുത്ത പത്തു വര്‍ഷം വ്യക്തമായ പദ്ധതിയും ലക്ഷ്യവും ഇട്ട് മുന്നേറാം. അടുത്ത ദശാബ്ദത്തില്‍ ജീവിത ചെലവ് ഏറെ കൂടുമെന്ന കാര്യത്തില്‍ സംശയമില്ല. അത് മറികടന്ന് എങ്ങനെ മികച്ച സമ്പാദ്യം നേടാം? ഇതാ ചില വഴികള്‍

ദീര്‍ഘകാല സാമ്പത്തിക ലക്ഷ്യങ്ങള്‍ കണ്ടെത്തുക
എന്തൊക്കെയാണ് നിങ്ങള്‍ക്ക് ദീര്‍ഘകാലാടിസ്ഥാനത്തില്‍ കൈവരിക്കേണ്ടതെന്ന കാര്യത്തില്‍ വ്യക്തത വരുത്തുക. ഉദാഹരണത്തിന് കോളെജില്‍ പഠിക്കുന്നവരാണെങ്കില്‍ ജോലി നേടുക, വിദ്യാഭ്യാസ വായ്പ തിരിച്ചടക്കല്‍, അത്യാവശ്യത്തിനുള്ള ഫണ്ട് സ്വരൂപിക്കല്‍, ഭാവിയിലേക്ക് സമ്പാദ്യം നടത്തുക, ലൈഫ് ഇന്‍ഷുറന്‍സ് പോളിസി, വാഹനം വാങ്ങല്‍, വീട് വെക്കല്‍ എന്നിങ്ങനെയുള്ളവയാകും ലക്ഷ്യങ്ങള്‍. എന്നാല്‍ മധ്യവയസിനോടടുത്താണ് പ്രായമെങ്കില്‍ ഭവന വായ്പ തിരിച്ചടവ്, ആവശ്യത്തിനുള്ള ഇന്‍ഷുറന്‍സ് പരിരക്ഷ, കുട്ടികളുടെ ഭാവിക്കായുള്ള തുക വകയിരുത്തല്‍ തുടങ്ങിയവും റിട്ടയര്‍മെന്റിനോടടുത്താണെങ്കില്‍ കടങ്ങളെല്ലാം തീര്‍ക്കല്‍, വിരമിച്ചതിനു ശേഷം നിലവിലുള്ള ജീവിത നിലവാരം കാക്കുന്നതിന് ആവശ്യമായ പണം സ്വരൂപിക്കല്‍ തുടങ്ങിയവും ലക്ഷ്യങ്ങളാവും.

പണപ്പെരുപ്പത്തെ കുറിച്ച് ബോധവാനാകുക
തൊട്ടു മുമ്പത്തെ ദശാബ്ദത്തെ അപേക്ഷിച്ച് ഇക്കഴിഞ്ഞ ദശാബ്ദത്തില്‍ ശരാശരി പണപ്പെരുപ്പം കുറവായിരുന്നു. അടുത്ത ദശാബ്ദത്തില്‍ ഇനിയും കുറയാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് പിപിഎഫ്, സ്ഥിര നിക്ഷേപം തുടങ്ങിയവയുടെ പലിശ നിരക്കിലും കുറവ് വന്നേക്കാം. ഓഹരിയിലെ നിക്ഷേപം കൂടുതല്‍ സ്ഥിരതയുള്ളതും കരുത്തുള്ളതുമാകാം. പണം നിക്ഷേപിക്കുമ്പോള്‍ അതില്‍ നിന്നുള്ള നേട്ടത്തെ പണപ്പെരുപ്പം എങ്ങനെ ബാധിക്കുമെന്ന് അറിഞ്ഞ് ചെയ്യുക. നിക്ഷേപത്തിലെ വൈവിധ്യവത്കരണം ഗുണം ചെയ്യും. പിപിഎഫ്, എന്‍പിഎസ്, മ്യൂച്വല്‍ ഫണ്ട്, ഗോള്‍ഡ് ബോണ്ട്, ഇടിഎഫ് തുടങ്ങിയ മാര്‍ഗങ്ങളില്‍ നിക്ഷേപിക്കുന്നത് നല്ലതാണ്.
ഇതിനു പുറമേ ആറു മാസത്തെ നിങ്ങളുടെ ചെലവിന് സമമായ തുക അടിയന്തിരാവശ്യത്തിനുള്ള ഫണ്ടായി കരുതിയിരിക്കാനും ശ്രദ്ധിക്കുക. എല്ലാ പ്രായക്കാര്‍ക്കും ഇത് ബാധകമാണ്.

ഇന്‍ഷുറന്‍സ് പ്ലാനുകള്‍ ക്രമീകരിക്കുക
നിങ്ങളുടെ ജോലി, പ്രായം തുടങ്ങിയവയൊക്കെ പരിഗണിച്ച് ഇന്‍ഷുറന്‍സ് പ്ലാന്‍ മാറ്റുക. നിങ്ങളുടെ റിസ്‌ക് എന്തായാലും അത് കവര്‍ ചെയ്യുന്ന തരത്തില്‍ ലൈഫ്, ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ എടുക്കുക. നിലവില്‍ അവയുണ്ടെങ്കില്‍ ഇപ്പോഴത്തെ സാഹചര്യത്തിനനുസരിച്ച് പ്ലാനില്‍ ആവശ്യമായ മാറ്റം വരുത്തുക. മറ്റു ചെലവുകളെ അപേക്ഷിച്ച് ആശുപത്രി ചെലവുകള്‍ വേഗത്തിലാണ് ഉയരുന്നത്. അതിനനുസരിച്ച് പ്ലാന്‍ മാറ്റാന്‍ ശ്രദ്ധിക്കണം. നിങ്ങളുടെ വാര്‍ഷിക വരുമാനത്തിന്റെ 10 മുതല്‍ 20 മടങ്ങ് വരെ തുകയ്ക്ക് തുല്യമായ ഇന്‍ഷുറന്‍സ് പരിരക്ഷ ഉണ്ടായിരിക്കണം.

വീട് വാടയ്ക്ക് മതിയോ സ്വന്തമാക്കണോ?
സ്ഥല ലഭ്യതയിലുണ്ടാകുന്ന കുറവ്, ജനസംഖ്യാ വര്‍ധന മൂലം വീട് എന്നത് അടുത്ത ദശാബ്ദത്തിലെ വലിയ വെല്ലുവിളിയായിരിക്കും. നഗരങ്ങളില്‍ താമസിക്കുമ്പോള്‍ വാടകയ്ക്ക് വീടെടുത്താല്‍ മതിയോ സ്വന്തമായി വാങ്ങണോ എന്ന് നിശ്ചയിക്കുക. ഏതു തീരുമാനമായാലും അതിനനുസരിച്ച് സാമ്പത്തിക കാര്യങ്ങള്‍ ആസൂത്രണം ചെയ്യുക.

കുട്ടികളുടെ ഉന്നതവിദ്യാഭ്യാസം എങ്ങനെയാകണം?
ഇക്കാലത്ത് ഗുണനിലവാരമുള്ള ഉന്നത വിദ്യാഭ്യാസം എന്നത് ചെലവേറിയ കാര്യം തന്നെയാണ്. അടുത്ത ദശാബ്ദത്തിലും ഇതില്‍ കുറവു വരാന്‍ സാധ്യതയില്ല. കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള ഫണ്ട് വര്‍ധിപ്പിക്കുക ലക്ഷ്യമായിരിക്കണം. നിങ്ങളുടെ കരിയര്‍ അവസാനിക്കാറായ സമയത്ത് വിദ്യാഭ്യാസത്തിനായി വായ്പയെടുക്കുന്നത് ഒഴിവാക്കുക. പിപിഎഫ്, എസ്എസ്‌വൈ, എസ്‌ഐപി തുടങ്ങിയ വൈവിധ്യമാര്‍ന്ന മാര്‍ഗങ്ങളിലൂടെ ഇതിനായി തുക കണ്ടെത്താം.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Related Articles
Next Story
Videos
Share it