വല വിരിച്ച് വ്യാജ ലോണ്‍ ആപ്പുകള്‍; ആപ്പിലാകാതിരിക്കാന്‍ ശ്രദ്ധിക്കാം

'ഈ ചിത്രത്തിലുള്ള നിങ്ങളുടെ സുഹൃത്ത് അരുണ്‍ കുമാര്‍ കോയമ്പത്തൂരില്‍ ലക്ഷങ്ങള്‍ തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയാണ്. കൂടാതെ കൊച്ചു കുട്ടികളെ തട്ടികൊണ്ട് പോകുന്ന സംഘത്തിലും ഇയാളുണ്ട്. ലഹരികടത്തിനും ഇയാള്‍ പിടിക്കപ്പെട്ടിട്ടുള്ളതായി പോലീസ് പറയുന്നു. പോലീസില്‍ നിന്നും രക്ഷപ്പെട്ട ഇയാളെ എത്രയും വേഗം കണ്ടെത്താന്‍ നിങ്ങള്‍ സഹായിക്കുക'. ഈ പറഞ്ഞിരിക്കുന്ന അരുണ്‍ കുമാറിന്റെ സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും അയാളുടെ ഫോണ്‍ കോണ്ടാക്ടിലുള്ള എല്ലാ വ്യക്തികള്‍ക്കും ഓരേസമയം ലഭിച്ച മോബൈല്‍ സന്ദേശമാണിത്. എന്താണ് സംഭവം?

അടവ് മുടങ്ങി

അരുണ്‍ കുമാര്‍ ലോണ്‍ ആപ്പ് വഴി ഒരു വായ്പയെടുത്തു. ഒരു തിരിച്ചടവ് മുടങ്ങി. പിന്നീട് സംഭവിച്ചതാണിത്. പല സാമ്പത്തിക തട്ടിപ്പുകള്‍ക്കു പിന്നാലെ വ്യാജ ലോണ്‍ ആപ്പുകള്‍ വഴിയുള്ള തട്ടിപ്പുകളും ഇന്ന് കേരളത്തില്‍ പിടിമുറുക്കുകയാണ്. നിയമപരമല്ലാത്ത ഡിജിറ്റല്‍ വായ്പകള്‍ക്കെതിരെ റിസര്‍വ് ബാങ്ക് കര്‍ശന നിലപാട് എടുത്തിട്ടും വന്‍തോതില്‍ ഇവ നടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. രേഖകള്‍ ഒന്നുമില്ലാതെ തന്നെ വായ്പ നല്‍കാമെന്ന പ്രലോഭനങ്ങളില്‍ പലരും വീഴുന്നു. പിന്നീട് ധനനഷ്ടവും മാനഹാനിയുമൊക്കെയാകും അവര്‍ നേരിടേണ്ടി വരുന്നത്.

രേഖകള്‍ കുറവ്

നിരവധി ഓണ്‍ലൈന്‍ ലോണ്‍ ആപ്പുകള്‍ നിയമവിരുദ്ധമായി രാജ്യത്താകമാനം പ്രവര്‍ത്തിക്കുന്നുണ്ട്. ഒട്ടനവധി പരാതികളാണ് ഇവയ്‌ക്കെതിരെ ദിവസവും ലഭിച്ചു കൊണ്ടിരിക്കുന്നത്. എങ്കിലും ഇപ്പൊഴും ആളുകള്‍ ഇത്തരം ആപ്പുകള്‍ക്ക് പിന്നാലെയാണ്. പല കാരണങ്ങളാണ് ആളുകളെ ഇതിലേക്ക് ആകര്‍ഷിക്കുന്നത്. സീറോ ഫിസിക്കല്‍ ഡോക്യുമെന്റേഷനാണ് അതില്‍ ഒന്ന്. ലോണ്‍ ആപ്പ് ഉപയോഗിച്ച് വായ്പയെടുക്കുന്നതിന് ഒരു ബാങ്കിലോ മറ്റേതെങ്കിലും ഓഫീസിലോ പോകേണ്ടി വരുന്നില്ല. വായ്പ ലഭിക്കാന്‍ ഇനി ബാങ്കില്‍ പോയി മണിക്കൂറുകള്‍ കാത്തിരിക്കേണ്ടതില്ല. ലോണ്‍ ആപ്പില്‍ ആവശ്യമായ രേഖകള്‍ നിങ്ങള്‍ക്ക് അപ്ലോഡ് ചെയ്യാം. യാത്രയും സമയവും ലാഭം. ഇത് ആളുകെള ഇതിലേക്ക് ആകര്‍ഷിക്കുന്നു.

തല്‍ക്ഷണ വായ്പ, കാരണം വേണ്ട

തല്‍ക്ഷണ വായ്പ വാഗ്ദാനമാണ് ആളുകള്‍ കാണുന്ന മറ്റൊരു ആകര്‍ഷണം. വളരെ എളുപ്പത്തില്‍ തന്നെ ആളുകള്‍ക്ക് ഇവ വ്യക്തിഗത വായ്പകള്‍ വാഗ്ദാനം ചെയ്യുന്നു. ചുരുങ്ങിയ വിവരങ്ങള്‍ വാങ്ങി ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ആപ്പുകള്‍ വായ്പക്ക് അംഗീകരം നല്‍കുന്നു. പണം അനായാസം നിങ്ങളുടെ അക്കൗണ്ടില്‍ എത്തുന്നു. ലോണ്‍ ആപ്പുകളില്‍ നിന്ന് വായ്പയെടുക്കുന്നതില്‍ ആളുകള്‍ കാണുന്ന മറ്റൊരു നേട്ടം വ്യക്തിഗത അല്ലെങ്കില്‍ ബിസിനസ് ആവശ്യങ്ങള്‍ക്ക് ഈ പണം ഉപയോഗിക്കാം എന്നതാണ്. ലോണ്‍ എടുക്കുന്നതിനുള്ള കാരണം നിങ്ങള്‍ വ്യക്തമാക്കേണ്ടതില്ല. മാത്രമല്ല വെറും 1000 രൂപയുടെ വായ്പ പോലും ഇത്തരം ആപ്പുകള്‍ നല്‍കി വരുന്നുണ്ട്.

ആപ്പിലാകാതെ നോക്കാം

കോവിഡ് മൂലമുണ്ടായ തൊഴില്‍ നഷ്ടം, വര്‍ധിച്ചുവന്ന ചികിത്സാ ചെലവുകള്‍, സാമ്പത്തിക മാന്ദ്യം എന്നിവ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഏറെയുണ്ടാക്കി. ഈ ബുദ്ധിമുട്ടുകള്‍ മറികടക്കാന്‍ ആളുകള്‍ ലോണ്‍ ആപ്പുകള്‍ ഉപയോഗിക്കാന്‍ തുടങ്ങി. അങ്ങനെ ഇത്തരം തട്ടിപ്പ് കേസുകളുടെ എണ്ണം വര്‍ധിച്ചു. വായ്പാ തട്ടിപ്പുകള്‍ക്ക് ഇരയാകുന്നതില്‍ നിന്നും രക്ഷപെടാനും ചില വഴികളുണ്ട്. അവയെന്തെല്ലാമാണെന്ന് നോക്കാം.

ആര്‍ബിഐ അംഗീകാരം

നിങ്ങള്‍ തിരഞ്ഞെടുക്കുന്ന ലോണ്‍ ആപ്പ് നിയമാനുസൃതമോ വ്യാജമോ ആണോ എന്ന് കൃത്യമായി പരിശോധിക്കണം. ആര്‍ബിഐയുടെ വായ്പാ നയങ്ങള്‍ അനുസരിച്ച് അംഗീകൃത വായ്പാ പ്ലാറ്റ്ഫോമുകള്‍ അവരുടെ നിയമാനുസൃത ബാങ്കിന്റെയും എന്‍ബിഎഫ്‌സി പങ്കാളികളുടെയും പേരുകള്‍ പരാമര്‍ശിക്കണം. ഇത് കൃത്യമായി പരിശോധിക്കുക.

ഭൗതിക വിലാസം

വ്യാജ ലോണ്‍ ആപ്പുകള്‍ ശരിയായ ഭൗതിക വിലാസം വെളിപ്പെടുത്തില്ല. ലോണ്‍ അപേക്ഷകര്‍ എല്ലായ്‌പ്പോഴും ഒരു യഥാര്‍ത്ഥ ഫിസിക്കല്‍ വിലാസമുണ്ടോ, അപൂര്‍ണ്ണമായ ഒന്നാണോ എന്ന് പരിശോധിക്കണം. മിക്ക വ്യാജ ആപ്പുകളും നിലവിലില്ലാത്ത വിലാസങ്ങള്‍ നല്‍കുന്നു. അവയും സാധ്യമായ രീതിയിലെല്ലാം നിങ്ങള്‍ പരിശോധിക്കേണ്ടതുണ്ട്.

അനാവശ്യ അനുമതികള്‍

നിയമവിരുദ്ധമായ ലോണ്‍ ആപ്പുകള്‍ അപേക്ഷകരില്‍ നിന്ന് വിവിധ വിവരങ്ങളും അനുമതികളും തേടും. അത് പിന്നീട് അവരെ ഭീഷണിപ്പെടുത്താന്‍ ദുരുപയോഗം ചെയ്യും. വായ്പയ്ക്കായി അടിസ്ഥാന കെവൈസി വിശദാംശങ്ങള്‍ ശേഖരിക്കാന്‍ മാത്രമേ അധികാരമുള്ളൂ എന്നത് നിങ്ങള്‍ ശ്രദ്ധിക്കുക. ഫോണ്‍ കോണ്‍ടാക്റ്റുകള്‍, ഫോട്ടോകള്‍ മുതലായവ പോലുള്ള അവരുടെ സ്വകാര്യ ഡാറ്റയിലേക്ക് ആക്സസ് ആവശ്യപ്പെടുന്ന ആപ്പുകള്‍ ഒഴിവാക്കണം. വായ്പാ തുക മുഴുവന്‍ പലിശ സഹിതം തിരിച്ചടച്ചതിന് ശേഷവും വായ്പക്കാരില്‍ നിന്ന് പണം തട്ടിയെടുക്കാന്‍ ഈ വിശദാംശങ്ങള്‍ ഉപയോഗിക്കുന്നു.

വായ്പ ഉടമ്പടി

ലോണ്‍ ആപ്പിന്റെ വിവരങ്ങള്‍ ഉള്‍പ്പടെ ശരിയായ ലോണ്‍ ഡോക്യുമെന്റേഷന്‍ വായ്പ കരാര്‍ ആവശ്യപ്പെടണം. അതായത് വായ്പ നല്‍കുന്നയാളുടെ പേര്, വായ്പയുടെ പ്രോസസ്സിംഗ് ഫീസ്, വാര്‍ഷിക പലിശ നിരക്ക്, ഡിഫോള്‍ട്ടിനുള്ള പിഴകള്‍, തിരിച്ചടവ് ഷെഡ്യൂള്‍ എന്നിവ വെളിപ്പെടുത്തുന്ന വായ്പ ഉടമ്പടി വാങ്ങേണ്ടതാണ്.

രേഖകളില്ലാതെ അമിത പലിശ നിരക്കില്‍

അധികം രേഖകള്‍ ആവശ്യമില്ലെന്ന് പറയുമ്പോള്‍ തന്നെ നിങ്ങള്‍ ശ്രദ്ധിക്കണം. കാരണം വ്യാജ ലോണ്‍ ആപ്പുകള്‍ ശരിയായ ഡോക്യുമെന്റേഷനുകളൊന്നും ആവശ്യപ്പെടാതെ തന്നെ വായ്പകള്‍ വാഗ്ദാനം ചെയ്യും. കൃത്യമായ പലിശ നിരക്കുകള്‍ ഈടാക്കുന്ന അംഗീകൃത വായ്പാ ദാതാക്കളില്‍ നിന്ന് വ്യത്യസ്തമായി, വ്യാജ വായ്പാ ആപ്പുകള്‍ അധിക പലിശ നിരക്കില്‍ വായ്പ വാഗ്ദാനം ചെയ്യുന്നു. ഇവിടെ നിങ്ങള്‍ തിരിച്ചറിയണം ഇത് തട്ടിപ്പാണെന്ന്. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ വ്യാജ വായ്പ ആപ്പ് തട്ടിപ്പിന് ഇരയാകുന്നത് ഒഴിവാക്കാനാകുമെന്ന് ഉറപ്പാക്കും.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it