

മധ്യവര്‍ഗക്കാര്‍ ആശങ്കയിലാണ്.
വര്‍ഷങ്ങളോളം പഠിച്ചതുവെച്ച് ജോലി ലഭിക്കണമെന്നില്ല. ജോലിയുണ്ടെങ്കില്‍ തന്നെ അതിന്റെ ഭാവി തുലാസിലാണ്. ചെലവ് റോക്കറ്റ് പോലെ കുതിക്കുകയും വരവ് വരണ്ടുവരണ്ട് പോകുകയും ചെയ്യുന്നു. നാളത്തെ കാര്യം പോകട്ടെ, ഇന്നത്തെ കാര്യം തന്നെ ആലോചിച്ചാല്‍ എത്തുംപിടിയും കിട്ടുന്നില്ല. ഈ വിഷമവൃത്തത്തില്‍ നിന്ന് പുറത്തുകടക്കാന്‍ വഴിയുണ്ട്; ഒന്ന് മനസുവെക്കണമെന്ന് മാത്രം. പലതരത്തിലുള്ള വരുമാന സ്രോതസ് നമുക്ക് തുറന്നെടുക്കാം.
രാവന്തിയോളം പണിയെടുത്തിട്ടും വരവും ചെലവും മുട്ടുന്നില്ല. അതിനിടെ പലതലത്തിലുള്ള വരുമാന സ്രോതസ് തുറക്കുമോ? ചോദ്യം സ്വാഭാവികം. പക്ഷേ അതൊക്കെ ചെയ്യുന്നവര്‍ നമുക്കിടയില്‍ തന്നെയുണ്ട്. കൊച്ചി നഗരത്തിലെ പ്രമുഖ കോളെജിലെ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനി തന്റെ ചെലവുകള്‍ക്ക് പണം കണ്ടെത്തുന്നത് പ്രമുഖ പിസ ബ്രാന്‍ഡിന്റെ ഡെലിവറി ഗേളായി ജോലി ചെയ്തുകൊണ്ടാണ്. കൊച്ചിയിലെ പ്രമുഖ മാളുകള്‍ക്കുള്ളിലെ ഔട്ട്ലെറ്റുകളില്‍ സെയ്ല്‍സ് സ്റ്റാഫായി നില്‍ക്കുന്നവര്‍ രാത്രിയിലോ, അതിരാവിലെയോ ഒക്കെ ഊബര്‍/ഓല പോലുള്ള ഓണ്‍ലൈന്‍ ടാക്സികള്‍ ഓടിച്ച് അധിക വരുമാനം കണ്ടെത്തുന്നു.
നമ്മുടെ സമയവും സൗകര്യവും അനുസരിച്ച് ജോലി ചെയ്യാനുള്ള അവസരം ഇന്നുണ്ട്. ഇത്തരംഗിഗ് വര്‍ക്കു (ഹ്രസ്വ കാല, താല്‍കാലിക, അല്ലെങ്കില്‍ കരാര്‍ അടിസ്ഥാനത്തിലുള്ള സ്വതന്ത്ര തൊഴില്‍) കള്‍ കണ്ടെത്താന്‍ പ്രയാസവുമില്ല. ഊബര്‍, ഓല, സൊമാറ്റോ, ബ്ലിങ്കിറ്റ്, ഇന്‍സ്റ്റാമാര്‍ട്ട്, പോര്‍ട്ടര്‍ പോലുള്ള ആപ്പുകള്‍ തീര്‍ച്ചയായും 'പണി' തരും.
''ശ്ശേ... ഞാന്‍ ഡെലിവറി ജോലി ചെയ്യുകയോ?'' ഇത്തരമൊരു നാണക്കേടൊന്നും വേണ്ട.
ഏതൊരു ജോലിക്കും അതിന്റേതായ മാന്യതയുണ്ട്.ജീവിതത്തില്‍ രണ്ടറ്റവും കൂട്ടിമുട്ടിക്കാനാവാതെ കടവും കടത്തിന്മേല്‍ കടവുമായി ഞെരുങ്ങി ജീവിക്കുന്നതിനേക്കാള്‍ എന്തുകൊണ്ടും നല്ലതാണ് പാര്‍ട്ട് ടൈം ജോലി അവസരങ്ങള്‍. പ്രത്യേകിച്ച് ആപ്പുകള്‍ നല്‍കുന്നത് ഉപയോഗപ്പെടുത്തുന്നത്.ഇത്തരം ജോലികള്‍ ചെയ്യാന്‍ പ്രത്യേകിച്ച് സ്‌കില്ലൊന്നും വേണ്ട. നിങ്ങളുടെ സമയവും അധ്വാനവും മാത്രം മതി.
നമ്മുടെ വ്യക്തിഗത സമ്പാദ്യം വളരെ മികച്ച രീതിയിലാകുന്നത് പല തരത്തിലുള്ള വരുമാന മാര്‍ഗങ്ങള്‍ തുറക്കുകയും അതിലൂടെ വരുമാനം ലഭിക്കുകയും ചെയ്യുമ്പോഴാണ്. വരുമാന മാര്‍ഗങ്ങളെ പ്രധാനമായും ആക്ടീവെന്നും പാസീവെന്നും തിരിക്കാം. ആക്ടീവ് എന്നാല്‍ നിങ്ങള്‍ കഷ്ടപ്പെട്ട് പണിയെടുത്താല്‍ ലഭിക്കുന്ന വരുമാനം. പാസീവ് എന്നാല്‍ പലിശ വരുമാനം, വാടക വരുമാനം, മൂലധന നേട്ടം, ഡിവിഡന്റ്, റോയല്‍റ്റി എന്നിവയൊക്കെയാണ്.ഗിഗ് വര്‍ക്ക് ആക്ടീവായ വരുമാന സ്രോതസാണ്. നിങ്ങളുടെ സമയവും അധ്വാനവും നേരിട്ട് ചെലവിട്ടാല്‍ വരുമാനം വരും. രണ്ടാമതൊരു ജോലിയായി ഗിഗ് വര്‍ക്ക് ചെയ്യുന്നവര്‍ക്ക് ഈ വരുമാനത്തെ ഭാവിയിലേക്കുള്ള പാസീവ് വരുമാന സ്രോതസുകള്‍ തുറക്കാനായി വിനിയോഗിക്കാം.
മുഖ്യ ജോലിയില്‍ നിന്നുള്ള വരുമാനം കൊണ്ട് ജീവിക്കുക. പാര്‍ട്ട് ടൈം ജോലി- ഗിഗ് വര്‍ക്കിലൂടെ ലഭിക്കുന്ന പണം അത് എത്രയായാലും സമ്പാദിക്കുക.
നിങ്ങള്‍ പണക്കാരെ ശ്രദ്ധിച്ചിട്ടുണ്ടോ? അവര്‍ സമ്പന്നരായിരിക്കുന്നത് ഒരിടത്ത് നിന്ന് കിട്ടുന്ന വരുമാനം കൊണ്ടല്ല. മറിച്ച് അവര്‍ക്ക് പലതരത്തില്‍ വരുമാനം വരുന്നുണ്ടാകും. സമ്പത്ത് ഇരട്ടിപ്പിക്കാനുള്ള വഴി പലവിധത്തിലുള്ള വരുമാന സ്രോതസ് തുറന്നെടുക്കലാണ്. സമൂഹത്തിലെ മധ്യവര്‍ഗക്കാര്‍ പക്ഷേ അതിന് തുനിഞ്ഞിറങ്ങാറില്ല. ചില ജോലികള്‍ ചെയ്യുന്നത് നാണക്കേടാണ് എന്നൊക്കെ ചിന്തിച്ച് വരുമാനം കുറവുള്ള ജോലിയില്‍ തന്നെ കടിച്ചുതൂങ്ങി കാലം കഴിക്കും. സമ്പാദ്യമൊട്ടും ഉണ്ടാവുകയുമില്ല. പകരം ആപ്പുകള്‍ തുറന്നിടുന്ന അവസരങ്ങള്‍ വിനിയോഗിച്ച് ദിവസത്തിലെ സമയം ബുദ്ധിപൂര്‍വം ഉപയോഗിച്ചാല്‍ അധിക വരുമാനം വരും. ഇത് മ്യൂച്വല്‍ ഫണ്ടിലോ, വളര്‍ച്ചാ സാധ്യതയുള്ള നല്ല ഓഹരികളിലോ ഒക്കെ നിക്ഷേപിച്ചാല്‍ അതെല്ലാം പാസീവ് വരുമാനമായി ഭാവിയില്‍ മാറും.
ഗിഗ് വര്‍ക്കുകള്‍ ചെയ്താല്‍ ആളുകള്‍ എന്നെപ്പറ്റി എന്ത് വിചാരിക്കും? ഈ ചിന്തയുണ്ടോ? അവര്‍ കാണുന്നത് നിങ്ങള്‍ സൊമാറ്റോ ബാഗുമായോ പോര്‍ട്ടറിന്റെ യൂണിഫോമിട്ടോ ജോലി ചെയ്യുന്നതാകും. അതുവെച്ച് അവര്‍ നിങ്ങള്‍ക്ക് വിലയിട്ടുകൊള്ളട്ടെ.
പക്ഷേ അങ്ങനെ ജോലി ചെയ്ത് കിട്ടുന്ന പണം മ്യൂച്വല്‍ ഫണ്ടിലും ഓഹരിയിലും എഫ്ഡിയായും ഇട്ട് കിട്ടുന്ന വരുമാനം അവര്‍ കാണുകയോ, അതുവെച്ച് നിങ്ങളെ അളക്കുകയോ ചെയ്യുന്നില്ല. ആരും കാണാതെ,നിങ്ങള്‍ക്ക് വേണ്ടി നിശബ്ദമായി പണിയെടുക്കുന്ന ആ പണമാണ് നിങ്ങളെ വിജയിയാക്കുന്നത്.
ഏതൊരു ജോലിക്കും മാന്യതയുണ്ട്. മനസുവെക്കൂ, സമ്പത്ത് സൃഷ്ടിക്കപ്പെടും.
(ധനം മാഗസീന്‍ 2026 ഒക്ടോബര്‍ 31 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്)
Exploring how part-time gig opportunities and smart investments can help Kochi's middle class overcome rising living costs and build lasting wealth.
Read DhanamOnline in English
Subscribe to Dhanam Magazine