Begin typing your search above and press return to search.
ബജറ്റ് ദിവസം ഓഹരി വിപണിയില്‍ ഇറങ്ങുന്നവര്‍ ജാഗ്രതൈ! വിദഗ്ധരുടെ ഉപദേശം ഇതാണ്
ഈ മാസം 23ന് ലോക്‌സഭയില്‍ രാവിലെ 11 മുതല്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് പ്രസംഗം ആരംഭിക്കും. ഉച്ചക്ക് ഒരു മണിയോളം നീളും. ഇതിനിടയിലെ പ്രഖ്യാപനങ്ങള്‍ ഓഹരി വിപണിയില്‍ ചലനങ്ങള്‍ സൃഷ്ടിക്കും. ചില ഓഹരികളുടെ വില കുതിക്കുകയും മറ്റു ചിലതിന്റെ വില താഴുകയും ചെയ്യാം. ഇത്തരത്തില്‍ ഓഹരി വിപണിയില്‍ ഊഞ്ഞാലാട്ടം നടക്കുമ്പോള്‍ നിക്ഷേപകന്‍ കണ്ടു നില്‍ക്കണോ, കളത്തിലിറങ്ങണോ? സമര്‍ഥമായി കളിച്ചാല്‍ ലാഭം; അല്ലെങ്കില്‍ പെരുംനഷ്ടം. എങ്ങനെ കളിക്കണം? വിദഗ്ധര്‍ പറയുന്നത് ഇതൊക്കെയാണ്.
2024-25 സാമ്പത്തിക വര്‍ഷത്തെ സമ്പൂര്‍ണ ബജറ്റാണ് പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നത്. മൂലധന നിക്ഷേപം, നിര്‍മാണ മേഖലയുടെ വളര്‍ച്ച, സാമ്പത്തിക സ്ഥിരത തുടങ്ങിയവക്ക് ബജറ്റ് പൊതുവെ ഊന്നല്‍ നല്‍കാറുണ്ട്. അതിനൊത്ത പ്രഖ്യാപനങ്ങള്‍ക്ക് അനുസരിച്ചു വേണം തീരുമാനമെടുക്കാന്‍.
കഴിഞ്ഞ 10 വര്‍ഷങ്ങള്‍ക്കിടയില്‍ നടന്ന 13 ബജറ്റ് അവതരണങ്ങളില്‍ 10ലും നിഫ്റ്റി 50യില്‍ മൂന്നു ശതമാനം വരെ കയറ്റിറക്കങ്ങള്‍ ഉണ്ടായി.
ചെറുകിട നിക്ഷേപകര്‍ ദീര്‍ഘകാല കാഴ്ചപ്പാടില്‍ വേണം ഓഹരി നിക്ഷേപം നടത്താന്‍. മോദി സര്‍ക്കാറിന്റെ മൂന്നാമൂഴമെന്ന നിലക്ക് സര്‍ക്കാര്‍ നയപരിപാടികളില്‍ തുടര്‍ച്ച പ്രതീക്ഷിക്കാം. സര്‍ക്കാര്‍ കൂടുതല്‍ മുതല്‍ മുടക്കുന്ന മേഖലകളിലെ ഓഹരികള്‍ക്ക് കുതിപ്പ് ഉണ്ടാകും. അടിസ്ഥാന സൗകര്യ വികസനം, ആരോഗ്യ രംഗം, പുനരുപയോഗ ഊര്‍ജം തുടങ്ങിയവ ഉദാഹരണം.
മതിയായ അകലത്തില്‍ സ്‌റ്റോപ് ലോസ് വെച്ചുകൊണ്ടു വേണം ഇന്‍ട്രാ ഡേ ട്രേഡിങ് എന്ന ഞാണിന്മേല്‍ കളിക്ക് ഇറങ്ങാന്‍. മാനസിക പിരിമുറുക്കം മൂലം തീരുമാനങ്ങള്‍ എടുക്കരുത്. വിപണിയുടെ ചാഞ്ചാട്ടം കുറഞ്ഞു വരുന്നതു വരെ ട്രേഡിങ്ങിന് കാത്തു നില്‍ക്കണം. ബജറ്റ് അവതരണത്തിനു മുമ്പത്തെ അനിശ്ചിതാവസ്ഥയില്‍ തീരുമാനങ്ങളിലേക്ക് കടക്കരുത്.
കഴിഞ്ഞ 20 ട്രേഡിങ് ദിനങ്ങളില്‍ ഓഹരി വിപണി മേല്‍പോട്ടു കുതിക്കുന്നതാണ് കണ്ടത്. നിഫ്റ്റി 10 ശതമാനത്തിലേറെ ഉയര്‍ന്നിട്ടുണ്ട്. ഇതിന്റെ ഫലമായി ലാഭമെടുക്കല്‍ പ്രവണതയും വിപണിയില്‍ ദൃശ്യമാണ്. ബജറ്റിന് ശേഷം ഒരാഴ്ച കൊണ്ടു മാത്രമാണ് വിപണിയിലെ ചാഞ്ചാട്ടം ഒന്ന് ഒതുങ്ങുക. അതിനൊത്ത തീരുമാനങ്ങള്‍ വേണം എടുക്കാന്‍.
Next Story
Videos