

ബാലച്രന്ദന്‍ വിശ്വറാം
ചില സിനിമകളുടെ അവസാനം ഇങ്ങനെ എഴുതിക്കാണിക്കുന്നത് കണ്ടിട്ടില്ലേ? ''പിന്നീട് അവര്‍ ദീര്‍ഘകാലം സന്തോഷത്തോടെ ജീവിച്ചു''. ഒട്ടേറെ പ്രശ്നങ്ങളും പ്രതിസന്ധികളും പിന്നിട്ട കഥാപാത്രങ്ങള്‍ ഇതുപോലെ ശുഭ പര്യവസാനത്തിലെത്തുമ്പോള്‍, അത് കണ്ടിരുന്ന നമ്മള്‍ക്കും സന്തോഷം വരും. അല്ലേ?
ഇനി നിങ്ങളുടെ ജീവിതത്തിലേക്ക് വരാം. ജോലിയും ഉത്തരവാദിത്തങ്ങളും കഴിഞ്ഞ് സുഖമായി അല്ലലില്ലാതെ ദീര്‍ഘനാള്‍ സന്തോഷത്തോടെ ജീവിക്കുന്ന ഒരു സ്ഥിതി ഓര്‍ത്തുനോക്കൂ. നിങ്ങളുടെ ജീവിതത്തിന്റെ തിരശ്ശീലയിലും തെളിയുന്നത് നമ്മള്‍ ആദ്യം പറഞ്ഞ വാചകമാകും. ''...പിന്നീട് അവര്‍ ദീര്‍ഘകാലം സന്തോഷത്തോടെ ജീവിച്ചു'' അതിനെന്താണ് നാം ചെയ്യേണ്ടത്.
നമ്മുടെ സമൂഹത്തിന് ചില സവിശേഷതകളുണ്ട്. അവര്‍ വ്യക്തികളെ അളക്കുന്ന മാനദണ്ഡങ്ങള്‍ പലതാണ്. ചെയ്യുന്ന ജോലി കൊണ്ടുതന്നെ വ്യക്തികളെ പല തട്ടിലാക്കിക്കളയും. ഈ ജോലിയെങ്ങാനും പോയി, പണിയില്ലാതെ നടക്കുകയാണെങ്കില്‍ സമൂഹം അതുവരെ നല്‍കിയ മാന്യത പിന്നെ ലഭിക്കില്ല. മുന്നില്‍ നിന്ന് തേനൊലിക്കും വിധം സംസാരിക്കുന്നവര്‍ പിന്നില്‍ നിന്ന് കുറ്റങ്ങള്‍ ചാര്‍ത്തും. ഒരു പണിയുമില്ലാത്തവന് സമൂഹത്തില്‍ വലിയ സ്ഥാനമില്ല. അതിനേക്കാള്‍ ദുഃഖകരമായ മറ്റൊരു വസ്തുതയുണ്ട്. എത്രമാത്രം പ്രതിഭയുള്ളവരായാലും നമ്മളത് കഷ്ടപ്പെട്ട് തെളിയിച്ചാല്‍ മാത്രമെ ചുറ്റിലുമുള്ള സമൂഹം നമുക്ക് മാന്യത തരൂ.
നല്ലൊരു ജോലിയില്ലെങ്കില്‍ നമ്മുടെ നാട്ടില്‍ നല്ലൊരു വിവാഹ ബന്ധം കിട്ടില്ല. വരുമാന സ്രോതസ് കാണിക്കാതെ സാമ്പത്തിക സേവനങ്ങളൊന്നും നമുക്ക് കിട്ടില്ല. 'ജോലി കിട്ടിയിട്ട് വേണം ലീവെടുക്കാന്‍' എന്ന് തൊഴില്‍ തേടി നടക്കുന്നവര്‍ പറയുന്നതു പോലെ ജോലി കിട്ടിക്കഴിഞ്ഞാല്‍ ചെയ്യാന്‍ വേണ്ടി നീണ്ട പട്ടിക തന്നെ പലരുടെയും കയ്യില്‍ കാണും.
കല്യാണം കഴിക്കണം, കാര്‍ വാങ്ങണം, വലിയ വീട് വെയ്ക്കണം, വിദേശത്ത് ടൂര്‍ പോകണം... അങ്ങനെ അങ്ങനെ പലതും. തനിക്ക് നല്ല ജോലിയും ശമ്പളവുമുണ്ടെന്ന് നാട്ടുകാരെ കാണിക്കാന്‍ കൂടിയാണ് ഇങ്ങനെ പലതും ചെയ്തുകൂട്ടുന്നതും. മറ്റുള്ളവരുടെ പ്രതീക്ഷയ്ക്കൊത്ത് ജീവിക്കാന്‍ വേണ്ടിയാണ് പിന്നെ നെട്ടോട്ടം.
ഒരുപക്ഷേ നമ്മുടെ മാതാപിതാക്കള്‍ ഇങ്ങനെയൊക്കെ ചെയ്യുന്നതുംകണ്ടിട്ടുണ്ടാവും. അതുകൊണ്ട് നിങ്ങളും അതൊക്കെ ആവര്‍ത്തിക്കും. പക്ഷേ നിങ്ങള്‍ക്ക് ഇതൊക്കെ ചെയ്യാതിരിക്കാനുള്ള സാഹചര്യമുണ്ട്. മറ്റുള്ളവരെ കാണിക്കാനുള്ളവ ചെയ്യാതിരിക്കുക. നിങ്ങളുടെ പാഷനെ പിന്തുടരുക. ഒരു ജോലി കിട്ടിക്കഴിഞ്ഞാല്‍ നിങ്ങള്‍ ഇന്ന് ആദ്യം ചെയ്യേണ്ടത് റിട്ടയര്‍മെന്റ് പ്ലാനിംഗാണ്. മറിച്ച് കാര്‍ വാങ്ങുന്നതോ വീട് വാങ്ങുന്നതോ ആവരുത്.
നിങ്ങളുടെ അധ്വാനവും സമയവും ചെലവിടുന്നതിന് പകരമായി പണം കിട്ടുന്ന ഒരു പ്ലാറ്റ്ഫോമാണ് ജോലി. ഈ പണംകൊണ്ട് ഭാവിയില്‍ നിങ്ങള്‍ക്ക് സമയവും സ്വാതന്ത്ര്യവും ലഭിക്കുന്നില്ലെങ്കില്‍ ആ ഏര്‍പ്പാടുകൊണ്ട് വലിയ മെച്ചമൊന്നുമില്ല. എന്നുവെച്ച് നിങ്ങള്‍ ഹ്രസ്വമായ സാമ്പത്തിക ലക്ഷ്യങ്ങള്‍ ഒന്നും മനസില്‍ വെച്ച് മുന്നോട്ട് പോകരുത് എന്നല്ല. റിട്ടയര്‍മെന്റ് പ്ലാനിംഗ് എന്ന വിശാലമായ ലക്ഷ്യത്തിന്റെ ഭാഗമെന്നോണം വേണം ഈ ഹ്രസ്വകാല ലക്ഷ്യങ്ങള്‍. കല്യാണം കഴിക്കണം, വീട് വേണം, കാര്‍ വേണം, മക്കളെ പഠിപ്പിക്കണം, അവരുടെ വിവാഹം നടത്തണം എന്നിവയെല്ലാം തന്നെ റിട്ടയര്‍മെന്റ് പ്ലാനിംഗിന്റെ ഭാഗമായി വരണം.
റിട്ടയര്‍മെന്റ് എന്നാല്‍ ഒന്നും ചെയ്യാതെ വെറുതെ ഇരിക്കുന്ന അവസ്ഥയല്ല. ഇഷ്ടമില്ലെങ്കിലും ചെയ്യാന്‍ നിര്‍ബന്ധിതമായ കാര്യങ്ങളെല്ലാം വിട്ട് നമുക്കിഷ്ടമുള്ളത് ചെയ്ത് ജീവിക്കുന്ന സമയമാണ് റിട്ടയര്‍മെന്റ് ലൈഫ്.
ജീവിതത്തിന്റെ ഈ ഘട്ടത്തില്‍ നമ്മള്‍ താല്‍പ്പര്യമില്ലാത്തവ ഒഴിവാക്കി സ്വന്തം പാഷന്‍ പിന്തുടരും. തിരിച്ചൊന്നും പ്രതീക്ഷിക്കാതെ സാമൂഹ്യ സേവനമാകാം, അല്ലെങ്കില്‍ വലിയ വരുമാനമില്ലാത്ത നിങ്ങളുടെ പാഷനായ കൃഷിയാകാം അങ്ങനെ പലതും. റിട്ടയര്‍മെന്റ് പ്രായം എന്നാല്‍ 65 വയസെന്ന് തന്നെയാകണമെന്നുമില്ല. 40ലും 45ലും 50ലുമൊക്കെ നിങ്ങള്‍ക്ക് ജോലിയില്‍ നിന്ന് വിരമിച്ച് ജീവിതം പൂര്‍ണമായ അര്‍ത്ഥത്തില്‍ ആസ്വദിച്ച് ജീവിക്കാം.
ജോലിയില്‍ ഇപ്പോള്‍ കയറിയ വ്യക്തിയാണെങ്കില്‍ റിട്ടയര്‍മെന്റിനെ കുറിച്ച് പ്ലാന്‍ ചെയ്യാം. നിങ്ങളുടെ പ്രതിവര്‍ഷ വരുമാനത്തിന്റെ 16 മടങ്ങ് വേണം നിങ്ങള്‍ റിട്ടയര്‍ ചെയ്യുമ്പോഴുള്ള ഫണ്ട്. അതായത് 10 ലക്ഷം രൂപ പ്രതിവര്‍ഷ വരുമാനമുള്ള വ്യക്തി റിട്ടയര്‍ ചെയ്യുമ്പോള്‍ 10,00,000 ത 16 = 1.6 കോടി രൂപ സമ്പാദ്യമായി കയ്യില്‍ കാണണം. ആ തുക കയ്യില്‍ വന്നാല്‍ പിന്നെ ജോലി വിട്ട് പാഷന് പിന്നാലെ പോകാം.
ജോലിയില്‍ കയറുമ്പോള്‍ തന്നെ എങ്ങനെ റിട്ടയര്‍മെന്റ് ഫണ്ട് കണ്ടുപിടിക്കാനാകുമെന്ന സംശയം പലര്‍ക്കുമുണ്ടാകും.
ഇതാണ് അതിനുള്ള വഴി.
ഇപ്പോള്‍ നിങ്ങള്‍ക്ക് 25 വയസുണ്ടെന്ന് കരുതുക. 20 വര്‍ഷം കഴിയുമ്പോള്‍ വിരമിക്കണമെന്നും ആലോചനയുണ്ട്. ഇപ്പോള്‍ 10 ലക്ഷം രൂപയാണ് വാര്‍ഷിക വരുമാനമെങ്കില്‍ വര്‍ഷം തോറും അഞ്ച് ശതമാനം വേതന വര്‍ധന കൂടി പരിഗണിച്ചാല്‍ 45-ാം വയസില്‍ പ്രതിവര്‍ഷ വരുമാനം 26.53 ലക്ഷമായിരിക്കും.
[S = 10,00,000(1.05)²° = 10L X 2.653 = 26.53 lakhs per year~2.21 L/ month.]
റിട്ടയര്‍മെന്റ് കാലത്ത് വേണ്ട ഫണ്ട് പ്രതിവര്‍ഷ വരുമാനത്തിന്റെ 16 മടങ്ങ്. അതായത് 26.53 ലക്ഷം x 16 = 4.24 കോടി തുക കണ്ടെത്താം
10 ലക്ഷം രൂപ പ്രതിവര്‍ഷ വരുമാനമുള്ള വ്യക്തി വര്‍ഷം തോറും 3.6 ലക്ഷം രൂപ ആദ്യവര്‍ഷം എസ്‌ഐപിയില്‍ നിക്ഷേപിക്കണം. അതായത് മാസം 30,000 രൂപ വീതം.
സാലറി കൂടുന്നതിന് അനുസരിച്ച് പ്രതിമാസ എസ്‌ഐപി തുകയും കൂട്ടണം. ഒരു വര്‍ഷത്തിലെ മൊത്തം വേതനത്തിന്റെ ഏതാണ്ട് 36% റിട്ടയര്‍മെന്റ് ഫണ്ടിനായി നീക്കിവെയ്ക്കണം. ബാക്കി വരുന്ന 64 ശതമാനത്തില്‍ നിന്ന് വേണം കാര്‍ വാങ്ങുന്നതിനും മറ്റ് ആവശ്യങ്ങള്‍ക്കുമുള്ള പണം കണ്ടെത്താന്‍.
45-ാം വയസില്‍ റിട്ടയര്‍മെന്റ് ഫണ്ടിലേക്കുള്ള പണം നീക്കിവെയ്ക്കല്‍ നിങ്ങള്‍ നിര്‍ത്തിയാല്‍ പോലും അതുവരെയുള്ള സമ്പാദ്യം വീണ്ടും വളര്‍ന്നുകൊണ്ടേയിരിക്കും.
അതായത് 45 വയസിന് ശേഷം നിങ്ങള്‍ക്ക് സ്വന്തം ഇഷ്ടം പോലെ സമയം ചെലവിടാം. വരുമാനം കുറവെങ്കിലും ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യാം. സാമൂഹ്യ സേവനത്തിന് ഇറങ്ങിത്തിരിക്കാം. പൂര്‍ണമായും ജീവിതം ആസ്വദിക്കാം. അപ്പോള്‍ സന്തുഷ്ടമായൊരു റിട്ടയര്‍മെന്റ് ജീവിതത്തിന് ഒരുങ്ങുകയല്ലേ, ഇപ്പോള്‍ തന്നെ.
(Originally published in Dhanam Magazine December 31, 2025 issue.)
Car, house, retirement planning... Is this how you should think?
Read DhanamOnline in English
Subscribe to Dhanam Magazine