

സാമ്പത്തിക ലക്ഷ്യങ്ങള്‍ മുന്നില്‍വെച്ചുകൊണ്ടുള്ള നിക്ഷേപത്തിന്റെയും പോര്‍ട്ട്ഫോളിയോകള്‍ നിശ്ചിത കാലയളവില്‍ പുനരവലോകനം ചെയ്യേണ്ടതിന്റെയും പ്രാധാന്യം എന്താണെന്ന് നമുക്ക് പരിശോധിക്കാം. പേഴ്സണല്‍ ഫിനാന്‍സിന്റെ കാര്യത്തില്‍ വ്യക്തമായ നിക്ഷേപ തന്ത്രമെന്നത് സമ്പത്ത് വളര്‍ത്താനുള്ള ഒരു വഴി എന്നതിലുപരി ജീവിതലക്ഷ്യങ്ങള്‍ നേടുന്നതിനുള്ള ഒരു റോഡ്മാപ്പ് കൂടിയാണ്. നിക്ഷേപ തന്ത്രത്തിന്റെ കേന്ദ്രബിന്ദുവെന്ന് പറയുന്നത് ലക്ഷ്യം മുന്നില്‍ കണ്ടുള്ള നിക്ഷേപമാണ്.
നിശ്ചിത സാമ്പത്തിക ലക്ഷ്യങ്ങള്‍ നേടാന്‍ അച്ചടക്കത്തോടെയുള്ള നിക്ഷേപ സമീപനമാണ് വേണ്ടത്. ലക്ഷ്യാധിഷ്ഠിത നിക്ഷേപവും നിശ്ചിത കാലയളവിലുള്ള പോര്‍ട്ട്ഫോളിയോ പുനരവലോകനവും വിപണിയിലെ സങ്കീര്‍ണ സാഹചര്യത്തിലും സാമ്പത്തിക സ്വപ്നങ്ങള്‍ സാക്ഷാത്ക്കരിക്കാന്‍ വ്യക്തികളെ പ്രാപ്തരാക്കുന്നു.
ഒരു വ്യക്തിയുടെ സാമ്പത്തിക ലക്ഷ്യമെന്താണെന്ന് തീരുമാനിക്കലാണ് ലക്ഷ്യാധിഷ്ഠിത നിക്ഷേപ രീതിയുടെ ആദ്യപടി. സ്വന്തമായ വീട്, മക്കളുടെ വിദ്യാഭ്യാസത്തിനുള്ള പണം, റിട്ടയര്‍മെന്റ് ജീവിതത്തിന് വേണ്ട സമ്പത്ത് സൃഷ്ടിക്കല്‍ എന്നിങ്ങനെ എന്താണ് ലക്ഷ്യമെന്ന് ആദ്യം തീരുമാനിക്കുക. ഓരോ ലക്ഷ്യവും നേടിയെടുക്കാനുള്ള സമയം, എത്രമാത്രം റിസ്‌ക് ഇതിനായി എടുക്കാന്‍ പറ്റും തുടങ്ങിയ കാര്യങ്ങളെല്ലാം പരിഗണിച്ച് തികച്ചും വ്യക്തികേന്ദ്രീകൃതമായ നിക്ഷേപ തന്ത്രങ്ങള്‍ ആവിഷ്‌ക്കരിക്കാനാവും.
ഹ്രസ്വകാല ലക്ഷ്യങ്ങള്‍ക്കായി റിസ്‌ക് കുറഞ്ഞ നിക്ഷേപമാര്‍ഗങ്ങളായ സ്ഥിര നിക്ഷേപം, മണി മാര്‍ക്കറ്റ് ഫണ്ടുകള്‍ എന്നിവ സ്വീകരിക്കാം. റിട്ടയര്‍മെന്റ് പ്ലാനിംഗ് പോലെ ദീര്‍ഘകാല ലക്ഷ്യങ്ങള്‍ക്കായി നിക്ഷേപത്തിന്റെ നല്ലൊരു ശതമാനം ഓഹരിയിലേക്ക് പോകുന്ന നിക്ഷേപമാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതാകും ഉചിതം. ദീര്‍ഘകാലം കൊണ്ട് മികച്ച നേട്ടം സൃഷ്ടിക്കാന്‍ ഈ മാര്‍ഗം ഉപകരിക്കും. ഒരു ലക്ഷ്യം മുന്നില്‍ വെച്ച് നിക്ഷേപം നടത്തുമ്പോള്‍ ഓഹരി വിപണി താഴ്ന്നാലും അതില്‍ പതറാതെ നിക്ഷേപം തുടരാന്‍ പ്രചോദനമുണ്ടാകും. മുന്നിലെ ലക്ഷ്യം വ്യക്തമാണെങ്കില്‍ വിപണിയുടെ ചാഞ്ചാട്ടങ്ങളുടെ വേളയില്‍ നിക്ഷേപം പിന്‍വലിക്കാനുള്ള ചിന്തയൊന്നും വരില്ല.
ലക്ഷ്യാധിഷ്ഠിത നിക്ഷേപ രീതി പിന്തുടരുമ്പോള്‍ സമ്പാദ്യത്തിന്റെ കാര്യത്തിലും ചെലവിടലിന്റെ കാര്യത്തിലും അച്ചടക്കവുമുണ്ടാകും. സാമ്പത്തിക ലക്ഷ്യത്തെയും അതിന് വേണ്ട നിക്ഷേപത്തെയും കുറിച്ച് വ്യക്തതയുണ്ടാകുമ്പോള്‍ വ്യക്തികള്‍ സമ്പാദ്യത്തിന് മുന്‍ഗണന നല്‍കും. മാത്രമല്ല, സാമ്പത്തിക തീരുമാനങ്ങള്‍ എടുത്തുചാടി എടുക്കില്ല. മറിച്ച് ചിന്തിച്ച് മാത്രമേ പ്രവര്‍ത്തിക്കൂ.
ലക്ഷ്യാധിഷ്ഠിത നിക്ഷേപങ്ങള്‍ക്ക് ശക്തമായ ചട്ടക്കൂട് വേണമെങ്കിലും സാമ്പത്തിക മേഖലയിലെ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ പാകത്തിലുള്ളതു കൂടിയാകണം അത്. സാമ്പത്തിക സാഹചര്യങ്ങള്‍, വിപണിയിലെ പ്രവണതകള്‍ തുടങ്ങി വ്യക്തികളുടെ സാമ്പത്തിക സ്ഥിതികള്‍ വരെ മാറാം. അതുകൊണ്ടാണ് നിശ്ചിത കാലയളവിലുള്ള പോര്‍ട്ട്ഫോളിയോ പുനരവലോകനം സുപ്രധാനമായ കാര്യമായി വരുന്നത്.
പോര്‍ട്ട്ഫോളിയോയുടെ പ്രകടനം എങ്ങനെയാണ്, ആസ്തികളുടെ വിഭജനം ശരിയായ വിധത്തിലാണോ, റിസ്‌ക് എത്രമാത്രമുണ്ട്, മൊത്തത്തിലുള്ള നേട്ടമെന്താണ് എന്നിങ്ങനെയുള്ള കാര്യങ്ങള്‍ വ്യക്തമായി അറിയാന്‍ പോര്‍ട്ട്ഫോളിയോ അവലോകനം സഹായിക്കും. വ്യക്തികളുടെ യഥാര്‍ത്ഥ സാമ്പത്തിക ലക്ഷ്യങ്ങളില്‍ നിന്ന് വ്യതിചലനം സംഭവിച്ചിട്ടുണ്ടോയെന്നറിയാനും വേണ്ട മാറ്റങ്ങള്‍ കൊണ്ടുവന്ന് കാര്യങ്ങള്‍ നേരായ രീതിയിലാക്കാനും പോര്‍ട്ട്ഫോളിയോവിശകലനത്തിലൂടെ സാധിക്കും.
ചുരുക്കിപ്പറഞ്ഞാല്‍ ലക്ഷ്യാധിഷ്ഠിത നിക്ഷേപവും നിശ്ചിത കാലയളവുകളില്‍ നടത്തുന്ന പോര്‍ട്ട്ഫോളിയോ പുനരവലോകനവും വിജയകരമായ നിക്ഷേപ തന്ത്രത്തിന്റെ അനിവാര്യമായ നെടും തൂണുകളാണ്. പേഴ്സണല്‍ ഫിനാന്‍സ് രംഗത്ത് വിദഗ്ധരായവരുടെ സേവനം ഇക്കാര്യങ്ങളില്‍ തേടുന്നത് ഉചിതമാകും.
(Originally published in Dhanam Magazine 15 February 2025 issue.)
Read DhanamOnline in English
Subscribe to Dhanam Magazine