

നിനച്ചിരിക്കാതെ കടന്നുവരുന്ന സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്നതിനായി മിക്കവരും ആശ്രയിക്കുന്നത് പേഴ്സണൽ ലോണിനെയായിരിക്കും. കൈവശം പണയം വെക്കാനുള്ള സ്വർണമോ ആവശ്യമായ തുക നൽകാൻ പ്രാപ്തരായ സുഹൃത്തുക്കളോ സമീപമില്ലാത്തപ്പോൾ പ്രത്യേകിച്ചും. കാരണം ഈടായൊന്നും (Collateral) നൽകേണ്ടതില്ല എന്നതാണ് പേഴ്സണൽ ലോണുകളെ ആകർഷമാക്കുന്നത്.
എന്നാൽ മാസവരുമാനം, ക്രെഡിറ്റ് സ്കോർ, വരുമാനത്തിന്റെ സ്ഥിരതയും ഒക്കെ പരിഗണിച്ചാകും ഒരു വ്യക്തിക്ക് പേഴ്സണൽ ലോൺ അനുവദിച്ചുകിട്ടുക. അപ്പോൾ സ്വാഭാവികമായും ഉയർന്നുവരുന്ന ചോദ്യമാണ് പേഴ്സണൽ ലോൺ കിട്ടാനുള്ള ചുരുങ്ങിയ ശമ്പളം അല്ലെങ്കിൽ മാസവരുമാനം എത്ര വേണമെന്നത്. എന്നാൽ നിശ്ചിത ചുരുങ്ങിയ മാസവരുമാനം മാത്രമല്ല നിങ്ങൾക്ക് പേഴ്സണൽ ലോണിനുള്ള യോഗ്യത ഉറപ്പാക്കുന്നത്. അത് മറ്റ് ചില ഘടകങ്ങൾ കൂടി അടിസ്ഥാനമാക്കിയാണ്. വിശദമായി നോക്കാം.
മിക്ക ബാങ്കുകളും പേഴ്സണൽ ലോണിനുള്ള ചുരുങ്ങിയ മാസവരുമാനം വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതുപ്രകാരം വലിയ നഗരങ്ങളിൽ 20,000 - 25,000 രൂപ വരെയാണ് ശമ്പളക്കാരുടെ വിഭാഗത്തിലുള്ളവർക്ക് മിനിമം വരുമാനമായി നിശ്ചയിച്ചിട്ടുള്ളത്. ചെറിയ ടൗണുകളിൽ ഇതിലും താഴ്ന്ന വരുമാനമാണ് ആവശ്യപ്പെടുന്നത്.
അതേസമയം സ്വയം തൊഴിലോ ബിസിനസോ ചെയ്യുന്നവർക്ക് 30,000 രൂപയോ അതിലധികമോ ആണ് ചുരുങ്ങിയ മാസവരുമാനമായി നിബന്ധന വെച്ചിട്ടുള്ളത്. എന്നാൽ ബാങ്കിന്റെ ചുരുങ്ങിയ വരുമാന നിബന്ധന പാലിക്കുന്നു എന്നതുകൊണ്ട് മാത്രം ഒരാൾക്ക് പേഴ്സണൽ ലോൺ പാസായിക്കിട്ടുമെന്ന് കരുതരുത്. അതിന് മറ്റ് ചില കാര്യങ്ങൾ കൂടി ബാങ്ക് പരിഗണിക്കുന്നുണ്ട്.
നിലവിലെ വരുമാനത്തിൽ നിന്നും നിങ്ങൾക്ക് വായ്പ തിരിച്ചടയ്ക്കാനുള്ള ശേഷി എത്രത്തോളമുണ്ട് എന്നതാണ് ബാങ്ക് പ്രധാനമായും പരിഗണിക്കുന്ന മാനദണ്ഡം. വായ്പയുടെ പ്രതിമാസ തിരിച്ചടവ് തുക (ഇഎംഐ), നിലവിലുള്ള വരുമാനത്തിന്റെ പകുതിയിൽ താഴെയാകണം. ഇഎംഐ അടച്ചതിനുശേഷം വരുമാനത്തിൽ നിന്നുള്ള മിച്ചം തുക കൊണ്ട് ഒഴിവാക്കാനാകാത്ത മറ്റ് ജീവിത ചെലുകൾ കൂടി നേരിടാനുള്ള പ്രാപ്തിയുണ്ടോ എന്നതാണ് ബാങ്കുകൾ വിലയിരുത്തുന്നത്.
നിലവിൽ ഹോം ലോൺ, കാർ ലോൺ പോലുള്ള വായ്പ എടുത്തിട്ടുള്ളവരാണെങ്കിൽ അതിന്റെയൊക്കെ മൊത്തം ഇഎംഐ തുക, നിലവിലെ വരുമാനത്തിന്റെ 40-50 ശതമാനത്തിലധികമായിട്ടുണ്ടെങ്കിൽ ബാങ്കുകളെ അതിനെ ഒരു റെഡ് ഫ്ലാഗായാണ് കണക്കാക്കുന്നത്. ഇത്തരക്കാർക്ക് ബാങ്കിൽ നിന്നും പുതിയൊരു വായ്പ കൂടി ലഭിക്കാനുള്ള സാധ്യത കുറവായിരിക്കും. അതിനാലാണ് വായ്പ എടുത്തിട്ടുള്ളതും അല്ലാത്തതുമായ രണ്ട് പേർ ഒരേ ശമ്പളം ഉള്ളവരാണെങ്കിൽ പോലും വായ്പ അനുവദിക്കാനുള്ള സാധ്യതയിൽ വ്യത്യാസം വരുന്നത്.
ജോലിയുടെ സ്ഥിരതയും ബാങ്ക് വായ്പ ലഭിക്കുന്നതിനുള്ള പ്രധാന മാനദണ്ഡങ്ങളിലൊന്നാണ്. ഇടയ്ക്കിടെ ജോലി മാറിയും ഇടവേളയെടുത്തും നിലവിലെ മാസശമ്പളം 50,000 രൂപയുള്ള ഒരു വ്യക്തിയേക്കാളും കഴിഞ്ഞ രണ്ട് വർഷമായി ഒരേ കമ്പനിയിൽ നിന്നും മാസശമ്പളമായി 30,000 രൂപ വാങ്ങുന്ന വ്യക്തിയേയാകും ബാങ്ക് പേഴ്സണൽ ലോണിനായി പരിഗണിക്കാൻ സാധ്യത കൂടുതലുള്ളത്.
അതേസമയം സ്വയം തൊഴിൽ ചെയ്യുന്നവരാണെങ്കിൽ വരുമാന സ്ഥിരതയുടെ മാനദണ്ഡം ഇത്തിരികൂടി കടുപ്പമാണ്. നിങ്ങൾ ഉയർന്ന വരുമാനം നേടിയ വർഷമായിരിക്കില്ല ബാങ്ക് നോക്കുന്നത്. പകരം 2-3 വർഷത്തെയെങ്കിലും വരുമാനത്തിന്റെ ശരാശരിയായിരിക്കും ബാങ്ക് കണക്കിലെടുക്കുക. വരുമാനത്തിൽ വരുന്ന ഏറ്റക്കുറച്ചിലുകൾ, പണച്ചെലവ് ഏറെയുള്ള ബിസിനസ് എന്നിവയൊക്കെ വായ്പയ്ക്ക് അപേക്ഷിക്കുന്ന വേളയിൽ തിരിഞ്ഞുകൊത്താം.
ക്രെഡിറ്റ് ഹിസ്റ്ററിയും പ്രധാന മാനദണ്ഡമാണ്. ഇതിന് മുൻപ് ഏതെങ്കിലും വായ്പയുടെ തിരിച്ചടവ് മുടക്കുക, ഇഎംഐ വൈകി അടയ്ക്കുക, ക്രെഡിറ്റ് കാർഡിലെ പരമാവധി പരിധിയിൽ ചെലവഴിക്കുക, മുൻകാലത്ത് വായ്പ സെറ്റിൽമെന്റ് ചെയ്തിട്ടുള്ളതിന്റെ ചരിത്രം എന്നിവയും ബാങ്കുകൾ പരിശോധിക്കും. അതിനാൽ ഒരുലക്ഷം രൂപ ശമ്പളമുള്ള ക്രെഡിറ്റ് സ്കോർ കുറവുള്ള വ്യക്തിയേക്കാളും ശുദ്ധമായ ക്രെഡിറ്റ് ഹിസ്റ്ററി നിലനിർത്തിയിട്ടുള്ള 50,000 രൂപ ശമ്പളക്കാരെനായിരിക്കും ബാങ്ക് പരിഗണിക്കുക. ചുരുക്കത്തിൽ നിങ്ങളുടെ സാമ്പത്തിക ആരോഗ്യമാണ് വായ്പ ലഭിക്കാൻ നിർണായകമെന്ന് സാരം.
Read DhanamOnline in English
Subscribe to Dhanam Magazine