പിതാവിന്റെ എല്ലാ സ്വത്തുക്കളും കുടുംബ സ്വത്തല്ല, സ്വയം ആർജിത സ്വത്തും കുടുംബസ്വത്തും തമ്മിലുള്ള വ്യത്യാസം എന്താണ്?

സ്വത്തുക്കളുടെ ഉറവിടം കൃത്യമായി രേഖപ്പെടുത്തേണ്ടത് (Documentation) കുടുംബാംഗങ്ങൾക്കിടയിലുള്ള തർക്കങ്ങൾ ഒഴിവാക്കാൻ അത്യാവശ്യമാണ്
father and son
Image courtesy: Canva
Published on

പിതാവിന്റെ പേരിലുളള എല്ലാ സ്വത്തുക്കളും തങ്ങൾക്ക് അവകാശപ്പെട്ട കുടുംബസ്വത്താണെന്ന ധാരണ പൊതുവെയുണ്ട്. എന്നാല്‍ ഇത് പലപ്പോഴും തെറ്റാണെന്ന് പുതിയ കോടതി വിധികൾ വ്യക്തമാക്കുന്നു. പിതാവ് സ്വന്തമായി സമ്പാദിച്ച സ്വത്തുക്കളിൽ (Self-acquired property) മക്കൾക്ക് ജന്മനാ അവകാശമില്ലെന്നാണ് നിയമം പറയുന്നത്. ഒരാൾ സ്വന്തം വരുമാനം ഉപയോഗിച്ച് വാങ്ങുന്നതോ, അല്ലെങ്കിൽ പൂർവികമല്ലാത്ത ഉറവിടങ്ങളിൽ നിന്ന് ലഭിക്കുന്നതോ ആയ സ്വത്താണ് സ്വയം ആർജിത സ്വത്ത്.

ഇത്തരത്തിലുള്ള സ്വത്തുക്കൾ ആർക്ക് നൽകണം എന്ന് തീരുമാനിക്കാനുള്ള പൂർണ അധികാരം പിതാവിനുണ്ട്. ഇത് വിൽക്കാനോ, ഇഷ്ടദാനമായി (Gift) നൽകാനോ, അല്ലെങ്കിൽ വിൽപ്പത്രം (Will) വഴി മക്കളെ ഒഴിവാക്കി മറ്റൊരാൾക്ക് നൽകാനോ അദ്ദേഹത്തിന് സാധിക്കും. പിതാവ് സ്വയം സമ്പാദിച്ച സ്വത്തിൽ മകന് അവകാശം ഉന്നയിക്കാൻ സാധിക്കില്ലെന്ന് കോടതികൾ ആവർത്തിച്ചു വ്യക്തമാക്കുന്നു.

കുടുംബസ്വത്ത് അഥവാ പൈതൃക സ്വത്ത്

ഒരു മകനോ മകൾക്കോ ജന്മനാ സ്വത്തിൽ അവകാശം ലഭിക്കുന്നത് അത് പൂർവികമായ ഉറവിടങ്ങളിൽ നിന്നുള്ള പൈതൃക സ്വത്താണെങ്കിൽ മാത്രമാണ്. പൈതൃകമായ ഭൂമി വിഭജിച്ചു ലഭിച്ചതാണെങ്കിൽ, മകൻ ജനിക്കുന്ന നിമിഷം മുതൽ അത് പിതാവിനും മകനും തുല്യ അവകാശമുള്ള 'കോപാർസനറി' (കൂട്ടവകാശി, Coparcenary) സ്വത്തായി മാറും. എന്നാൽ, 1956-ലെ ഹിന്ദു പിന്തുടർച്ചാവകാശ നിയമം നിലവിൽ വന്നതിന് ശേഷം പിതാവിന് ലഭിച്ച സ്വയം ആർജിത സ്വത്തുക്കൾ മകന് ലഭിക്കുന്നത് വ്യക്തിഗത ശേഷിയിലായിരിക്കും.

തന്റെ പിതാവിന്റെ 46 സെന്റ് ഭൂമിയിൽ അവകാശം ഉന്നയിച്ച മകന് അടുത്തിടെ കേരള ഹൈക്കോടതി പരിഗണിച്ച ഒരു കേസിൽ തിരിച്ചടി നേരിട്ടു. ആ സ്വത്ത് പിതാവ് സ്വന്തമായി സമ്പാദിച്ചതാണെന്നും പൈതൃകമല്ലെന്നും തെളിയിക്കപ്പെട്ടതിനാലാണ് പിതാവ് തന്റെ ഭാര്യക്ക് നൽകിയ ഇഷ്ടദാനം കോടതി ശരിവെച്ചത്.

തർക്കങ്ങൾ ഒഴിവാക്കാൻ: സ്വത്തുക്കളുടെ ഉറവിടം കൃത്യമായി രേഖപ്പെടുത്തേണ്ടത് (Documentation) കുടുംബാംഗങ്ങൾക്കിടയിലുള്ള തർക്കങ്ങൾ ഒഴിവാക്കാൻ അത്യാവശ്യമാണ്. വിൽപ്പത്രങ്ങളോ ഇഷ്ടദാന ആധാരങ്ങളോ കൃത്യമായി രജിസ്റ്റർ ചെയ്യുന്നത് ഭാവിയിലെ നിയമപോരാട്ടങ്ങൾ കുറയ്ക്കാൻ സഹായിക്കുമെന്ന് നിയമ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

Children do not automatically have rights over a father’s self-acquired property, while ancestral property grants birthright claims under inheritance laws.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com