കോയിൻബേസ് ഇന്ത്യയിൽ: ക്രിപ്‌റ്റോ നിക്ഷേപകർക്ക് നേരിട്ടുള്ള ഐ.എൻ.ആർ പിന്തുണയുമായി ആഗോള ഭീമൻ

ഐഎൻആർ നിക്ഷേപങ്ങൾക്ക് പ്രത്യേക ഫീസുകൾ ഈടാക്കുന്നില്ല. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യൻ സ്റ്റാർട്ടപ്പ് മേഖലയിൽ കോയിൻബേസ് സജീവമാണ്
Digital currency
Digital currencycanva
Published on

ആഗോള ക്രിപ്‌റ്റോ എക്സ്ചേഞ്ച് ഭീമനായ കോയിൻബേസ് (Coinbase) ഇന്ത്യയിൽ തങ്ങളുടെ പ്രവർത്തനം ഔദ്യോഗികമായി ആരംഭിച്ചു. റീട്ടെയിൽ നിക്ഷേപകർക്കായി നേരിട്ടുള്ള ഇന്ത്യൻ രൂപ (INR) പിന്തുണയോടെയാണ് കമ്പനിയുടെ വരവ് എന്നത് നിക്ഷേപകർക്ക് വലിയ ആശ്വാസമാണ്.

പ്രധാന സവിശേഷതകൾ

ഇനിമുതൽ ഇന്ത്യൻ ഉപഭോക്താക്കൾക്ക് പിയർ-ടു-പിയർ (P2P) ഇടപാടുകളെയോ മറ്റ് സങ്കീർണമായ വഴികളെയോ ആശ്രയിക്കാതെ തന്നെ തങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് ഐഎംപിഎസ് (IMPS) വഴി നേരിട്ട് പണം നിക്ഷേപിക്കാനും പിൻവലിക്കാനും സാധിക്കും. ഐഎൻആർ നിക്ഷേപങ്ങൾക്ക് പ്രത്യേക ഫീസുകൾ ഈടാക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്. സ്പോട്ട് ട്രേഡിംഗിന് പുറമെ പ്രമുഖ ക്രിപ്‌റ്റോ അസറ്റുകളിൽ പെർപെച്വൽ ഫ്യൂച്ചേഴ്സ് കോൺട്രാക്റ്റുകളും പ്ലാറ്റ്‌ഫോമിൽ ലഭ്യമാണ്.

അഡ്വാൻസ്ഡ് ടൂളുകളും ലിക്വിഡിറ്റിയും

കൂടുതൽ പ്രൊഫഷണൽ സേവനങ്ങൾ ആഗ്രഹിക്കുന്നവർക്കായി 'കോയിൻബേസ് അഡ്വാൻസ്ഡ്' (Coinbase Advanced) ലഭ്യമാണ്. ഇതിൽ ഇൻസ്റ്റിറ്റ്യൂഷണൽ സ്റ്റാൻഡേർഡ് എപിഐകൾ (APIs), ട്രേഡിംഗ് വ്യൂ (TradingView) ചാർട്ടിംഗ് തുടങ്ങിയ അത്യാധുനിക ടൂളുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യൻ ഉപഭോക്താക്കൾക്കായി പ്രത്യേകമായി ലോക്കൽ റുപ്പി ഓർഡർ ബുക്കുകളും കമ്പനി സജ്ജമാക്കിയിട്ടുണ്ട്. ഇതിലൂടെ ആഗോള ലിക്വിഡിറ്റിക്കൊപ്പം മികച്ച ട്രേഡിംഗ് അനുഭവവും ഉപഭോക്താക്കൾക്ക് ലഭിക്കും.

നിയമപരമായ സുരക്ഷയും ഇന്ത്യയോടുള്ള പ്രതിബദ്ധതയും: ഇന്ത്യയുടെ ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റിൽ (FIU-IND) കോയിൻബേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. വെർച്വൽ ഡിജിറ്റൽ അസറ്റുകൾക്ക് ബാധകമായ ടിഡിഎസ് (TDS) ഉൾപ്പെടെയുള്ള എല്ലാ ഇന്ത്യൻ നികുതി നിയമങ്ങളും കമ്പനി പാലിക്കുന്നുണ്ട്. ദീർഘകാലാടിസ്ഥാനത്തിലുള്ള പ്രവർത്തനമാണ് ഇന്ത്യയിൽ ലക്ഷ്യമിടുന്നതെന്ന് കമ്പനി വ്യക്തമാക്കി.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യൻ സ്റ്റാർട്ടപ്പ് മേഖലയിൽ കോയിൻബേസ് സജീവമാണ്. ഇന്ത്യയിലെ പ്രമുഖ എക്സ്ചേഞ്ചായ കോയിൻഡിസിഎക്സിൽ (CoinDCX) ഇവർക്ക് നിക്ഷേപമുണ്ട്. കൂടാതെ തങ്ങളുടെ 'ബേസ്' (Base) നെറ്റ്‌വർക്ക് വഴി 4,000-ത്തിലധികം ബിൽഡർമാരെയും 150-ഓളം സ്റ്റാർട്ടപ്പുകളെയും ഇവർ പിന്തുണയ്ക്കുന്നുണ്ട്. പുതിയ ഉപഭോക്താക്കൾക്ക് coinbase.com വഴി അക്കൗണ്ട് ആരംഭിച്ച് ട്രേഡിംഗ് തുടങ്ങാവുന്നതാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com