

കമ്പനികൾ അവരുടെ പ്രവർത്തനങ്ങൾക്കോ വികസനത്തിനോ വേണ്ടി പൊതുജനങ്ങളിൽ നിന്ന് പണം സമാഹരിക്കുന്നതിനുള്ള ഒരു മാർഗമാണ് കോർപ്പറേറ്റ് ബോണ്ടുകൾ (Corporate Bonds). ഒരു നിശ്ചിത സമയപരിധിയിലേക്ക് കമ്പനിക്ക് പണം കടം കൊടുക്കുന്നതിന് തുല്യമാണിത്. സ്ഥിരവരുമാനം ആഗ്രഹിക്കുന്ന നിക്ഷേപകർക്ക് കോർപ്പറേറ്റ് ബോണ്ടുകൾ പരിഗണിക്കാവുന്ന ഒരു നിക്ഷേപ മാർഗ്ഗമാണ്.
ബാങ്ക് സ്ഥിര നിക്ഷേപങ്ങളെ അപേക്ഷിച്ച് ഉയർന്ന പലിശ നിരക്ക് (Coupon Rate) കോർപ്പറേറ്റ് ബോണ്ടുകൾ വാഗ്ദാനം ചെയ്യുന്നു. ഈ പലിശ നിശ്ചിത ഇടവേളകളിൽ (മാസത്തിലോ, പാദത്തിലോ, വർഷത്തിലോ) നിക്ഷേപകന് ലഭിക്കുന്നു. കാലാവധി പൂർത്തിയാകുമ്പോൾ നിക്ഷേപിച്ച മുഴുവൻ തുകയും തിരികെ ലഭിക്കുകയും ചെയ്യും. സാധാരണയായി, കമ്പനിയുടെ ക്രെഡിറ്റ് റേറ്റിംഗ് കുറവാണെങ്കിൽ, അവർ കൂടുതൽ പലിശ വാഗ്ദാനം ചെയ്യും.
2020 ൽ സെബി റിക്വസ്റ്റ് ഫോർ ക്വോട്ട് (RFQ) പ്രോട്ടോക്കോൾ നടപ്പിലാക്കിയതിനുശേഷം കോർപ്പറേറ്റ് ബോണ്ട് വിപണി 10 മടങ്ങ് വളർച്ചയാണ് കൈവരിച്ചത്. ഇത് ഓണ്‍ലൈന്‍ വ്യാപാരം സുഗമമാക്കുകയും സുതാര്യത വർദ്ധിപ്പിക്കുകയും ചെയ്തു. ചില ഉയർന്ന വരുമാനമുള്ള ബോണ്ടുകൾ ഹ്രസ്വകാല നിക്ഷേപത്തിന് പ്രതിവർഷം 9-14 ശതമാനം പലിശ വരെ വാഗ്ദാനം ചെയ്യുന്നു.
കോർപ്പറേറ്റ് ബോണ്ടുകളിലെ ഏറ്റവും പ്രധാനപ്പെട്ട അപകടസാധ്യത സ്ഥിരമായി പലിശ നൽകുന്നതിനോ, കാലാവധിയിൽ പണം തിരികെ നൽകുന്നതിനോ കമ്പനിക്ക് കഴിയാതെ വരുന്ന "ഡിഫോൾട്ട് റിസ്ക്" (Default Risk) ആണ്.
ക്രെഡിറ്റ് റിസ്ക്: കമ്പനിയുടെ സാമ്പത്തിക സ്ഥിതി മോശമാവുകയാണെങ്കിൽ പണം നഷ്ടപ്പെടാം. അതിനാൽ, AAA (Triple A) പോലുള്ള ഉയർന്ന ക്രെഡിറ്റ് റേറ്റിംഗ് ഉള്ള ബോണ്ടുകൾ തിരഞ്ഞെടുക്കുന്നത് ഈ റിസ്ക് കുറയ്ക്കും.
പലിശ നിരക്ക് റിസ്ക്: വിപണിയിലെ പലിശ നിരക്കുകൾ മാറുമ്പോൾ ബോണ്ടിന്റെ മൂല്യത്തിലും മാറ്റം വരും. പലിശ നിരക്ക് ഉയരുമ്പോൾ, നിലവിലുള്ള ബോണ്ടുകളുടെ വിപണി മൂല്യം കുറയും.
സ്ഥിരമായ വരുമാനം ആവശ്യമുള്ളവരും, സ്ഥിര നിക്ഷേപങ്ങളേക്കാൾ കൂടുതൽ റിട്ടേൺ ആഗ്രഹിക്കുന്നവരും കോർപ്പറേറ്റ് ബോണ്ടുകൾ പരിഗണിക്കാവുന്നതാണ്. സെബിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഓൺലൈൻ ബോണ്ട് പ്ലാറ്റ്‌ഫോമുകളില്‍ കോർപ്പറേറ്റ് ബോണ്ടുകൾ ഓൺലൈനായി വാങ്ങുന്നതിനുളള സൗകര്യമുണ്ട്. എന്നിരുന്നാലും, നിക്ഷേപത്തിന് മുമ്പ് കമ്പനിയുടെ ക്രെഡിറ്റ് റേറ്റിംഗും (Credit Rating), നിലവിലുള്ള സാമ്പത്തിക സ്ഥിതിയും വിശദമായി പഠിക്കുകയും, നിങ്ങളുടെ നിക്ഷേപം വിവിധ ബോണ്ടുകളിലും അസറ്റ് ക്ലാസുകളിലുമായി വൈവിധ്യവൽക്കരിക്കുകയും (Diversify) ചെയ്യേണ്ടത് അത്യാവശ്യമാണ്.
Corporate bonds offer steady income for investors, balancing higher returns with credit and interest rate risks.
Read DhanamOnline in English
Subscribe to Dhanam Magazine