ഒറ്റമാസം ക്രെഡിറ്റ് കാര്‍ഡ് വഴി ചെലവിട്ടത് ലക്ഷം കോടി രൂപ

ക്രെഡിറ്റ് കാര്‍ഡ് വഴിയുള്ള ചെലവിടലില്‍ പുതിയ റെക്കോര്‍ഡ്. ഒക്ടോബറില്‍ മാത്രം രാജ്യത്ത് ക്രെഡിറ്റ് കാര്‍ഡ് വഴി ചെലവിട്ട തുക ലക്ഷം കോടി രൂപ കടന്നു. മുന്‍ മാസത്തേക്കാള്‍ 25 ശതമാനം വര്‍ധനയോടെ ഒക്ടോബറില്‍ 1,01,229 കോടി രൂപയാണ് ചെലവിട്ടത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്ക് പ്രകാരണമാണിത്. സെപ്തംബറില്‍ 80477 കോടി രൂപയാണ് ആളുകള്‍ ക്രെഡിറ്റ് കാര്‍ഡ് വഴി ചെലവഴിച്ചത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം 56 ശതമാനം വര്‍ധനവ് ഇക്കാര്യത്തില്‍ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഒക്‌ടോബറില്‍ 64891.96 കോടി രൂപയാണ് ക്രെഡിറ്റ് കാര്‍ഡിലൂടെ ചെലവഴിച്ചിരുന്നത്.

ഓഗസ്റ്റില്‍ 77981 കോടി രൂപയും ജൂലൈയില്‍ 75119 കോടി രൂപയുമായിരുന്നു ഇത്തരത്തില്‍ ചെലവഴിച്ചിരുന്നത്.
ഉത്സവ സീസണ്‍ കൂടിയായിരുന്നു എന്നതാണ് ഒക്ടോബറില്‍ വലിയ ചെലവിടലിലേക്ക് നയിച്ചത് എന്നാണ് വിലയിരുത്തപ്പെടുന്നത്.
അതേസമയം സാമ്പത്തികമായ തിരിച്ചുവരവിന്റെ ലക്ഷണം കൂടിയാണ് വര്‍ധിച്ച ചെലവിടല്‍ സൂചിപ്പിക്കുന്നതെന്നും അഭിപ്രായമുണ്ട്.
ഓണ്‍ലൈന്‍ വഴി മാത്രമല്ല നേരിട്ടുള്ള ചെലവിടലിലും വര്‍ധനയുണ്ടായിട്ടുണ്ട്. എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, എസ്ബിഐ എന്നിവയുടെ ക്രെഡിറ്റ് കാര്‍ഡുകളാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്നത്. രാജ്യത്ത് 66.3 ദശലക്ഷം ക്രെഡിറ്റ് കാര്‍ഡുകളാണ് വിതരണം ചെയ്തിട്ടുള്ളത്. ഒക്ടോബറില്‍ മാത്രം 10 ലക്ഷം പുതിയ കാര്‍ഡുകള്‍ വിതരണം ചെയ്തിട്ടുണ്ട്. ഇതില്‍ 2.58 ലക്ഷം കാര്‍ഡുകള്‍ എച്ച്ഡിഎഫ്‌സി ബാങ്കിന്റേതാണ്. ഐസിഐസി ബാങ്ക് (2.78 ലക്ഷം), ആക്‌സിസ് ബാങ്ക് (2.19 ലക്ഷം), എസ്ബിഐ (1.83 ലക്ഷം) എന്നിങ്ങനെയാണ് മറ്റു ബാങ്കുകള്‍ വിതരണം ചെയ്ത കാര്‍ഡുകളുടെ എണ്ണം.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it