സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട ഉണ്ണീ ; കണ്ടറിഞ്ഞു കൊണ്ടുനടക്കാം ക്രെഡിറ്റ് കാര്‍ഡുകളെ

പുതിയ ക്രെഡിറ്റ് കാര്‍ഡ് എടുത്തോ? എന്നാല്‍ നിന്റെ കാര്യം തീര്‍ന്നത് തന്നെ. പുതിയ ക്രെഡിറ്റ് കാര്‍ഡ് എടുത്ത മിക്കവര്‍ക്കും ലഭിച്ചിട്ടുള്ള മറുപടിയായിരുക്കുമിത്. സാമ്പത്തിക ഭദ്രത നശിപ്പിക്കാന്‍ ഇതിലും മികച്ച മറ്റൊരു വഴി ഇല്ലെന്ന മട്ടിലാണ് പലരും ക്രെഡിറ്റ് കാര്‍ഡിനെ കാണുന്നത്. കൃത്യമായി പേയ്മെന്റുകള്‍ നടത്താതെയും യാതൊരു മുന്‍കരുതലുമില്ലാതെയും ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചു പണികിട്ടിയവരുടെ അനുഭവങ്ങളാണ് യഥാര്‍ത്ഥത്തില്‍ ഈ മനോഭാവങ്ങള്‍ക്ക് കാരണമാകുന്നത്.
എവിടെ എങ്ങനെ ഉപയോഗിക്കണമെന്ന വ്യക്തമായ ധാരണയുണ്ടെങ്കില്‍ പണമിടപാടുകള്‍ക്കുള്ള മികച്ച ടൂളാണ് ക്രെഡിറ്റ് കാര്‍ഡ്.
ക്രെഡിറ്റ് കാര്‍ഡ് നിങ്ങള്‍ക്ക് സൗജന്യമായി പണം തരുന്നില്ലെന്ന വസ്തുത ആദ്യം തിരിച്ചറിയുക. ക്രെഡിറ്റ് കാര്‍ഡ് ബില്‍ എപ്പോള്‍ സൃഷ്ടിക്കപ്പെടുന്നു എന്നതിനെ അടിസ്ഥാനമാക്കി 45 മുതല്‍ 55 ദിവസത്തെ പലിശ രഹിത കാലയളവാണ് നിങ്ങള്‍ക്ക് ലഭിക്കുന്നത്. വിനിയോഗിച്ച പണം കൃത്യ സമയത്ത് തിരിച്ചടച്ചില്ലെങ്കില്‍ കാത്തിരിക്കുന്നത് മുട്ടന്‍ പണിയായിരിക്കും.
ക്രെഡിറ്റ് കാര്‍ഡ് ഉപയോഗം മെച്ചപ്പെടുത്താനുള്ള ചില പൊടിക്കൈകള്‍

ഉയര്‍ന്ന പലിശ നിരക്ക്

നിങ്ങള്‍ ഉപയോഗിച്ച തുകയ്ക്കനുസരിച്ച് ക്രെഡിറ്റ് കാര്‍ഡുകള്‍ ഉയര്‍ന്ന പലിശ നിരക്കാണ് ഈടാക്കുന്നത്. ക്രെഡിറ്റ് കാര്‍ഡ് ബില്‍ വന്നയുടന്‍ എത്രയും വേഗം ക്ലിയര്‍ ചെയ്യുക. അടയ്ക്കാത്ത ബില്ലുകള്‍ക്ക് പ്രതിമാസം രണ്ടു മുതല്‍ മൂന്ന് ശതമാനം, അതായത് പ്രതിവര്‍ഷം 24-36 ശതമാനം എന്ന പരിധിയില്‍ ഉയര്‍ന്ന പലിശ നല്‍കേണ്ടി വന്നേക്കാം.

ക്രെഡിറ്റ് യൂട്ടിലൈസേഷന്‍ റേഷ്യോ (സി.യു.ആര്‍):

ക്രെഡിറ്റ് യൂട്ടിലൈസേഷന്‍ റേഷ്യോ എന്നത് ഒരു വ്യക്തിയുടെ അല്ലെങ്കില്‍ സ്ഥാപനത്തിന്റെ ക്രെഡിറ്റ് കാര്‍ഡുകളും വായ്പകളും ഉപയോഗിക്കുന്ന രീതിയെ അടിസ്ഥാനമാക്കിയുള്ള മാനദണ്ഡം ആണ്. നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡിന്റെ ആകെ ലിമിറ്റില്‍ നിങ്ങള്‍ എത്ര വിനിയോഗിക്കുന്നു എന്ന് ഇതിലൂടെ മനസ്സിലാക്കാം. ഒരു നല്ല ക്രെഡിറ്റ് സ്‌കോര്‍ നിലനിര്‍ത്തുന്നതിന്, നിങ്ങളുടെ ക്രെഡിറ്റ് യൂട്ടിലൈസേഷന്‍ റേഷ്യോ 30 ശതമാനത്തില്‍ താഴെയായിരിക്കണം. ഉദാഹരണത്തിന് നിങ്ങളുടെ ക്രെഡിറ്റ് പരിധി 10 ലക്ഷം രൂപയാണെങ്കില്‍ മൂന്ന് ലക്ഷം രൂപയിലധികം കാര്‍ഡിലൂടെ വിനിയോഗിക്കരുത്. ചില ക്രെഡിറ്റ് കാര്‍ഡ് ഉപയോക്താക്കള്‍ ഒന്നിലധികം ക്രെഡിറ്റ് കാര്‍ഡുകള്‍ കൃത്യമായി ഉപയോഗിക്കുന്നതിലൂടെ ഒരു കാര്‍ഡിലും ക്രെഡിറ്റ് യൂട്ടിലൈസേഷന്‍ റേഷ്യോ 30 ശതമാനത്തില്‍ അധികമാകാതെ ശ്രദ്ധിക്കാറുണ്ട്.

ഒന്നിലധികം ക്രെഡിറ്റ് കാര്‍ഡുകള്‍

ക്രെഡിറ്റ് യൂട്ടിലൈസേഷന്‍ റേഷ്യോ 30 ശതമാനത്തില്‍ അധികമാകാതെ നിലനിര്‍ത്താനും ഓഫറുകളും മറ്റു ക്യാഷ്ബാക്ക് ആനുകൂല്യങ്ങളും മുന്‍നിര്‍ത്തി മിക്കവരും ഒന്നിലധികം കാര്‍ഡുകള്‍ ഉപയോഗിക്കാറുണ്ട്. എങ്കില്‍ പോലും ക്രെഡിറ്റ് കാര്‍ഡുകളുടെ എണ്ണം അതിരുവിടാതെ സൂക്ഷിക്കുക. മിക്ക കാര്‍ഡുകള്‍ക്കും വാര്‍ഷിക ഫീസുകളുണ്ട്. ഒരു കാര്‍ഡ് ഉപയോഗിച്ച് മറ്റൊന്നിന്റെ ബില്‍ ക്ലിയര്‍ ചെയ്യുന്നത് ശീലമാക്കാതിരിക്കുക.

വാര്‍ഷിക ഫീസ്

ക്രെഡിറ്റ് കാര്‍ഡ് തികച്ചും സൗജന്യമാണെന്നത് ഒരു തെറ്റിദ്ധാരണയാണ്. സാധാരണയായി ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് വാര്‍ഷിക ഫീസ് ഈടാക്കുന്നുണ്ട്. കാര്‍ഡുകളും നല്‍കുന്ന ധനകാര്യ സ്ഥാപനങ്ങള്‍ക്കും അനുസരിച്ചു വാര്‍ഷിക ഫീസ് വ്യത്യാസപ്പെട്ടിരിക്കും. ഓഫറുകളെന്നോണം ചില കാര്‍ഡുകള്‍ക്ക് ആദ്യ വര്‍ഷത്തെ ഫീസുകളില്‍ ഇളവ് ലഭിച്ചേക്കാം.

പണം പിന്‍വലിക്കല്‍

ക്രെഡിറ്റ് കാര്‍ഡില്‍ നിന്ന് നേരിട്ട് പണം പിന്‍വലിക്കുകയെന്നത് കാര്‍ഡിന്റെ തെറ്റായ ഉപയോഗമാണ്. പണം പിന്‍വലിക്കുന്നതിലൂടെ നിങ്ങള്‍ അടക്കേണ്ട പലിശ സാധാരണയില്‍ നിന്ന് വളരെ ഉയര്‍ന്നതാണ്. അത്യാവശ്യ ഘട്ടങ്ങളില്‍ പോലും കാര്‍ഡില്‍ നിന്നു നേരിട്ടുള്ള പണം പിന്‍വലിക്കല്‍ ഒഴിവാക്കുന്നതാണ് നല്ലത്.

Related Articles

Next Story

Videos

Share it