ക്രെഡിറ്റ് കാർഡ് ഉപയോഗം കൂടുന്നു

ക്രെഡിറ്റ് കാർഡിന്റെ ഉപയോഗം രാജ്യത്ത് ഉയരുന്നത് സാമ്പത്തിക മേഖലയിൽ പ്രകടമാവുന്ന ആദ്മവിശ്വാസത്തിന്റെ ലക്ഷണമാണെന്ന് വിലയിരുത്തപ്പെടുന്നു. കോവിഡ് 19 വരുത്തിയ സാമ്പത്തിക തകര്ച്ചയുടെ പശ്ചാത്തലത്തിൽ പിറകോട്ടു പോയ ക്രെഡിറ്റ് കാർഡ് ഇടപാടുകൾ തിരിച്ചുവരുന്നതായി റിപ്പോർട്ട്. കഴിഞ്ഞവർഷം വരെ 5.6 കോടി ക്രെഡിറ്റ്ക്കാർഡുകളായിരുന്നു രാജ്യത്ത് ഉണ്ടായിരുന്നത്.എന്നാൽ ഈ വർഷം ആദ്യത്തോടെ ഇത് 6.1 കോടി ക്രെഡിറ്റ് കാർഡുകളായി ഉയർന്നെന്ന് ദി മിൻ്റ് ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. കോവിഡ് കാലത്ത് ഓൺലൈൻ ഷോപ്പിംഗിലും ഓൺലൈൻ പണമിടപാടുകളിലും വൻ വർദ്ധനവുണ്ടായിരുന്നെങ്കിലും കാർഡ് പെയ്മെൻറ് ഉപയോഗത്തിൽ വന്ന ഗണ്യമായ കുറവ് ചെറുകിട വ്യവസായങ്ങളെയും ബിസിനസ് കാർഡ് മേഖലയെയും ബാങ്കുകളെയും ആശങ്കയിലാക്കിയിരുന്നു.

ഈ വർഷം ജനുവരിയിൽ മാത്രം 64,737 കോടി രൂപ ക്രെഡിറ്റ് കാർഡ് വഴി ചെലവഴിച്ചുവെന്നാണ് കണക്ക്.2020 ജനുവരി മാസത്തെ അപേക്ഷിച്ച് 1,836 കോടി രൂപയുടെ കുറവാണിത്. ഈ വർഷം ജനുവരിയിൽ ക്രെഡിറ്റ് കാർഡ് വഴി രാജ്യം ചെലവാക്കിയ തുക കഴിഞ്ഞ വർഷം ഫെബ്രുവരി മാർച്ച് മാസങ്ങളിൽ ചെലവഴിച്ച തിനേക്കാൾ കൂടുതലാണ്. ഇന്ത്യയുടെ ഫെസ്റ്റിവൽ സീസണായി കണക്കാക്കുന്ന ഒക്ടോബർ മാസത്തിലും ഈ സ്ഥിതി തുടർന്നു.കോവിഡ് വ്യാപനത്തെ തുടർന്ന് ലക്ഷക്കണക്കിന് തൊഴിലാളികളുടെ തൊഴിൽ നഷ്ടപ്പെടുകയും, രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയും ചെയ്തത് ഇതിന് കാരണമായി.

ക്രെഡിറ്റ് കാർഡ് വഴിയുള്ള ചെലവഴിക്കൽ ഉപഭോക്താവിൻ്റെ സാമ്പത്തികമായ ആദ്മവിശ്വാസത്തെ ആശ്രയിച്ചിരിക്കും. സമ്പദ്‌വ്യവസ്ഥ തിരിച്ചുവരുന്നതോടെ ക്രെഡിറ്റ് കാർഡ് വഴിയുള്ള ചെലവഴിക്കൽ വർദ്ധിക്കും.എന്നാൽ ഉപഭോക്താക്കൾക്ക് സമ്പദ് വ്യവസ്ഥയിൽ പൂർണ്ണമായും ശുഭാപ്തി വിശ്വാസം വീണ്ടെടുക്കാൻ കഴിയാത്തത് ജാഗ്രതയോടെ പണം ചെലവഴിക്കാൻ അവരെ നിർബന്ധിതരാക്കുന്നുണ്ട്.എന്നിട്ടും ചെലവ് വർദ്ധിക്കുന്നത് പ്രതീക്ഷ നൽകുന്നതാണെന്ന് ഡിജിറ്റൽ വായ്പ മേഖലയിലെ വിദഗ്ധർ അഭിപ്രായപ്പെടുന്നു.

മാർച്ച് മാസത്തിൽ ആർബിഐ പുറത്തുവിട്ട റിപ്പോർട്ടിൽ, ഗാർഹിക സാമ്പത്തിക സമ്പാദ്യവും സാമ്പത്തികവളർച്ചയും വിപരീതദിശയിലാണെന്ന് വ്യക്തമാക്കിയിരുന്നു. കഴിഞ്ഞവർഷം ജൂൺ അവസാന പാദം വരെയുള്ള കാലയളവിൽ ഗാർഹിക സാമ്പത്തിക സമ്പാദ്യം 20 ശതമാനമായി കുറഞ്ഞിരുന്നു. നിലവിൽ രാജ്യത്തിൻറെ മൊത്തം ആഭ്യന്തര ഉല്പാദനതിൻ്റെ 10.4 ശതമാനമാണ് ഗാർഹിക സാമ്പത്തിക സമ്പാദ്യം. കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടയിൽ ജനങ്ങൾ ക്രമേണ ഷോപ്പിങ്ങിനായും ഭക്ഷണം കഴിക്കുന്നതിനായും വീടുകളിൽ നിന്ന് പുറത്തിറങ്ങി പണം ചെലവഴിക്കാൻ ആരംഭിച്ചിരുന്നു. എന്നാൽ കോവിഡ് അണുബാധയുടെ രണ്ടാം തരംഗം ഈ മാറ്റത്തിന് പ്രതികൂലമായി ബാധിച്ചു. മാർച്ച് ഏപ്രിൽ മാസങ്ങളിൽ ഇത് പ്രകടമാകും.

മൊത്തത്തിലുള്ള ഡിജിറ്റൽ ഇടപാടുകളുടെ വളർച്ചയോടൊപ്പമാണ് ക്രെഡിറ്റ് കാർഡ് വഴിയഉള്ള ചെലവഴിക്കലിലെ വർദ്ധനവെന്നും, ഓൺലൈൻ ഡിജിറ്റൽ പെയ്മെൻറ് വഴി ഇടപാടുകൾ നടത്തുന്ന ഉപഭോക്താക്കൾക്ക് ക്രെഡിറ്റ് കാർഡുകളോട് താല്പര്യം കൂടുന്നുണ്ടെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഓഫ്‌ലൈൻ ഇടപാടുകൾ വളർച്ചയുടെ അടുത്ത ഘട്ടത്തിൽ ഓൺലൈൻ ഇടപാടുകൾകൊപ്പം എത്തുമെന്നും, പെയ്മെൻറ് സ്ഥാപനങ്ങൾ ഓഫ്‌ലൈൻ ഉപകരണങ്ങളിലും അടിസ്ഥാന സൗകര്യങ്ങളിലും ഗണ്യമായ നിക്ഷേപം നടത്തുന്നുണ്ടെന്നും പിഡബ്ല്യുസി യുടെ പാർട്ണറും സാമ്പത്തിക വിദഗ്ധനുമായ വിവേക് ബെല്ഗവി അഭിപ്രായപ്പെട്ടു.

ഉപഭോക്താക്കൾ ക്രമേണ ചെറുകിട വ്യാപാര കേന്ദ്രങ്ങളിൽനിന്ന് മാറി ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമുകളിൽ പണം ചെലവഴിക്കുന്നത് വർദ്ധിച്ചതായി കഴിഞ്ഞ വർഷത്തെ കണക്കുകൾ വ്യക്തമാക്കുന്നുണ്ട്. കഴിഞ്ഞവർഷം മാർച്ച് മാസത്തിൽ ക്രെഡിറ്റ് കാർഡ് ചെലവ് പോയിൻറ് ഓഫ് സെയിൽ (പിഒഎസ്) ടെർമിനൽ വഴി 26,656 കോടി രൂപയുടെ ഇടപാട് നടന്നിട്ടുണ്ട്. ഇത് മറ്റു മാർഗ്ഗങ്ങളിലൂടെ ചെലവഴിച്ചതിനേക്കാൾ കൂടുതലാണ്. എന്നാൽ കോവിഡ് ആരംഭിച്ചതോടുകൂടി പിഒഎസ് ടെർമിനലുകളെ പിന്തള്ളി മറ്റ് ഓൺലൈൻ ഇടപാടുകൾ മുന്നിലെത്തി. ഈ വർഷം ജനുവരി വരെ ഈ നില തുടർന്നുവെന്ന് ഈ മേഖലയിലെ വിദഗ്ധർ വിലയിരുത്തുന്നു.Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it