ക്രൂഡോയിൽ വീണ്ടും $100 മറികടന്നു; എനർജി മ്യൂച്വൽ ഫണ്ടുകൾ ഇനി മികച്ച നേട്ടം നൽകുമോ?

മുൻനിര എനർജി ഫണ്ടുകൾ കഴിഞ്ഞ ഒരു വർഷത്തിനിടെ മികച്ച നേട്ടം സമ്മാനിച്ചതായി കാണാം. പക്ഷേ, കഴിഞ്ഞ ഒന്നര മാസത്തിനിടെ മിക്കവയും നെ​ഗറ്റീവ് റിട്ടേൺസ് അല്ലെങ്കിൽ നേരിയ നേട്ടമേ നൽകിയിട്ടുള്ളു. അപ്പോൾ നിക്ഷേപകർ എന്ത് ചെയ്യണം?
energy funds
canva
Published on

യു.എസ് - ഇസ്രായേൽ സഖ്യം നടത്തുന്ന ആക്രമണത്തിനുള്ള തിരിച്ചടിയെന്നോണമാണ്, ആ​ഗോള ക്രൂഡോയിൽ വ്യാപാരത്തിന്റെ അ‌ഞ്ചിലൊന്നും കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് ഇറാൻ തടസ്സപ്പെടുത്തിയത്. ​ഗൾഫിൽ നിന്നുള്ള എൽ.എൻ.ജി നീക്കവും മുടങ്ങി. ചില കപ്പലുകൾക്ക് നേരെ ആക്രമണവുമുണ്ടായി. ഇതോടെ ഹോർമുസ് കടലിടുക്ക് വഴിയുള്ള കയറ്റുമതിയും അനിശ്ചിതത്വത്തിലായി. ഇതിന്റെ ഫലമായി, രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില ബാരലിന് 100 ഡോളർ നിലവാരം വീണ്ടും മറികടന്നു.

ഈയൊരു പശ്ചാത്തലത്തിലാണ് എനർജി മ്യൂച്വൽ ഫണ്ടുകൾ നിക്ഷേപക ശ്രദ്ധയാകർഷിക്കുന്നത്. ഏവരും ഉന്നയിക്കുന്നത് ഒരേചോ​ദ്യം. എനർജി മ്യൂച്വൽ ഫണ്ടുകളിൽ ഇപ്പോൾ നിക്ഷേപിച്ചാൽ മികച്ച നേട്ടം ലഭിക്കുമോ? വിശദമായി പരിശോധിക്കാം.

ഫണ്ടുകളുടെ പ്രകടനം എങ്ങനെ?

പ്രമുഖ ഇൻവെ​സ്റ്റ്മെന്റ് റിസർച്ച് സ്ഥാപനങ്ങളിലൊന്നായ വാല്യൂ റിസർച്ച് ഏറ്റവുമൊടുവിൽ പ്രദ്ധീകരിച്ച ഡേറ്റ പ്രകാരം, കഴിഞ്ഞ ഒരു വർഷത്തിനിടെ വിപണിയിലെ മുൻനിര എനർജി ഫണ്ടുകൾ മികച്ച നേട്ടം സമ്മാനിച്ചിട്ടുള്ളതായി കാണാം.

  • ഡി.എസ്.പി നാച്ചുറൽ റിസോഴ്സസ് & ന്യൂ എനർജി ഫണ്ട്: +31.73%

  • ഐ.സി.ഐ.സി.ഐ പ്രൂഡൻഷ്യൽ എനർജി ഓപ്പർച്യൂണിറ്റീസ് ഫണ്ട്: +20.67%

  • ബറോഡ ബി.എൻ.പി പരിബാസ് എനർജി ഫണ്ട്: +17.01%

  • ടാറ്റ റിസോഴ്സസ് & എനർജി ഫണ്ട്: +16.26%

  • എസ്.ബി.ഐ എനർജി ഓപ്പർച്യൂണിറ്റീസ് ഫണ്ട്: +16.01%

പക്ഷേ കഴിഞ്ഞ ഒന്നര മാസത്തിനിടെ ഈ എനർജി ഫണ്ടുകളിൽ മിക്കവയും നെ​ഗറ്റീവ് റിട്ടേൺസ് അല്ലെങ്കിൽ നേരിയ തോതിൽ മാത്രമുള്ള നേട്ടമേ നൽകിയിട്ടുള്ളു. അതായത്, ഹ്രസ്വകാലയളവിനിടെ നോക്കിയാൽ എനർജി ഫണ്ടുകളിൽ ചാ‍ഞ്ചാട്ടം നേരിടുന്നുണ്ടെന്ന് ചുരുക്കം.

നിക്ഷേപകർ എന്ത് ചെയ്യണം?

സാമ്പത്തിക മേഖലയിൽ നിന്നുള്ള വിദ​ഗ്ധർ പറയുന്നത്, കമ്മോഡിറ്റിയുടെ വിലയിൽ ഹ്രസ്വകാലയളവിനിടെ പ്രകടമാകുന്ന കുതിപ്പിൽ ആകൃഷ്ടരായി ഓടിച്ചെന്ന് നിക്ഷേപിക്കുന്നത് മികച്ചൊരു തന്ത്രമല്ല. അത് നിക്ഷേപ ശൈലിയിൽ പുലർത്തുന്നൊരു തെറ്റാണ്. കാരണം, ഇത്തരം ഹ്രസ്വകാല കുതിപ്പ് കണ്ട് ഫണ്ടിലേക്ക് എൻട്രി ചെയ്യുന്നവർ, മുന്നേറ്റത്തിന് സഹായിച്ച താത്കാലിക അനുകൂല സാഹചര്യം മാറുമ്പോൾ അതിവേ​ഗത്തിൽ തിരുത്തൽ നേരിടുകയും ചെയ്യുന്നു. അപ്പോൾ കനത്ത നഷ്ടവും നേരിടേണ്ടിവരാം.

അതുകൊണ്ട്, എനർജി ഫണ്ടുകൾ വാങ്ങണമെങ്കിൽ, ഒറ്റയടിക്ക് വലിയൊരു തുക നിക്ഷേപിക്കരുത്. പകരം എസ്ഐപി വഴി ഘട്ടംഘട്ടമായി നിക്ഷേപിക്കുന്ന ശൈലി സ്വീകരിക്കുക. അതും പോ‌ർട്ട്ഫോളിയോയുടെ ചെറിയ ഒരു ഭാഗം മാത്രം നിക്ഷേപത്തിനായി നീക്കിവെക്കുക (ടാക്ടിക്കൽ അലോക്കേഷൻ). അല്ലാതെ പോർട്ട്ഫേളോയിയോയുടെ ​ഗണ്യമായഭാ​ഗം നീക്കിവെക്കരുത്. പകരം ദീർഘമായ കാലയളവ് കണക്കാക്കി ​ഡൈവേഴ്സിഫെഡ് നിക്ഷേപതന്ത്രം പിന്തുടരുന്നത് തന്നെയാകും ഉചിതം. കാരണം എനർജി ഫണ്ടുകൾ പശ്ചിമേഷ്യയിലെ യുദ്ധത്തിന്റെ സാ​​ഹചര്യത്തിൽ ഇപ്പോൾ ഒരു അവസരമായാലും അച്ചടക്കം പാലിച്ചില്ലെങ്കിൽ അതൊരു കുരുക്കുമായി മാറാം.

Disclaimer: പഠനാവശ്യം മുന്‍നിര്‍ത്തി പങ്കുവെക്കുന്ന ഈ വിവരങ്ങള്‍ നിക്ഷേപ തീരുമാനങ്ങള്‍ക്കുള്ള ശുപാര്‍ശയല്ല. മ്യൂച്വൽ ഫണ്ട് നിക്ഷേപം വിപണിയുടെ ലാഭനഷ്ട സാധ്യതകള്‍ക്ക് വിധേയമായതിനാല്‍ നിക്ഷേപത്തിന് മുമ്പ് സ്വന്തം നിലയില്‍ ഫണ്ടുകളെ കുറിച്ച് കൂടുതല്‍ പഠിക്കുകയോ, സെബി അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനം തേടുകയോ ചെയ്യേണ്ടതുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com