ക്രിപ്‌റ്റോയുടെ തകര്‍ച്ച; നിക്ഷേപിക്കാന്‍ പറ്റിയ സമയം ഇതോ..?

കുറച്ചുനാള്‍ മുമ്പുവരെ നിക്ഷേപകര്‍ക്കിടയിലെ പ്രധാന ചര്‍ച്ചകളില്‍ ഒന്ന് ക്രിപ്‌റ്റോ(crypto) വിപണി ഉണ്ടാക്കുന്ന അസാധാരണ നേട്ടങ്ങളെക്കുറിച്ചായിരുന്നു. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ അങ്ങനെയല്ല. കഴിഞ്ഞ ആഴ്ചയാണ് ഒന്നര വര്‍ഷത്തിന് ശേഷം ആദ്യമായി ക്രിപ്‌റ്റോ കറന്‍സികളുടെ മൂല്യം ആഗോള തലത്തില്‍ ഒരു ട്രില്യണിന് താഴെയായത്. ക്രിപ്‌റ്റോയെ സംബന്ധിച്ച് 2022 അത്ര നല്ലതല്ല.

ഈ വര്‍ഷം ക്രിപ്‌റ്റോ നിക്ഷേപകര്‍ നേരിടുന്ന രണ്ടാമത്തെ തിരിച്ചടിയാണിത്. ആദ്യത്തേത് ടെറ ലൂണയുടെ തകര്‍ച്ചയും അത് സൃഷ്ടിച്ച ആശങ്കകളുമായിരുന്നു. ഇത്തവണ സാമ്പത്തിക മാന്ദ്യത്തെക്കുറിച്ചുള്ള ഭയവും പണപ്പെരുപ്പവുമാണ് പ്രധാന കാരണങ്ങള്‍. കിട്ടാവുന്ന ലാഭമെടുത്ത് സുരക്ഷിതമായ നിക്ഷേപങ്ങളിലേക്ക് ആളുകള്‍ മാറാന്‍ ശ്രമിച്ചത് പല ക്രിപ്‌റ്റോ കറന്‍സികള്‍ക്കും തിരിച്ചടിയായി. ഇതിനിടയില്‍ ക്രിപ്‌റ്റോ പ്ലാ്റ്റ്‌ഫോം സെല്‍ഷ്യസ്, ലിക്വിഡിറ്റി ഉറപ്പാക്കാന്‍ ഇടപാടുകള്‍ മരവിപ്പിച്ചത് ആശങ്കകള്‍ വര്‍ധിപ്പിച്ചു,

നിലവില്‍ 16,66751 രൂപയാണ് ഒരു ബിറ്റ് കോയിന്റെ മൂല്യം. 2020 ഡിസംബറിന് ശേഷം ആദ്യമായാണ് ബിറ്റ്‌കോയിന്റെ വില ഇത്രയും ഇടിയുന്നത്. എഥറിയത്തിന്റെ വില 89,500 രൂപയാണ്. ഈ സാഹചര്യം പുതുതായി ക്രിപ്‌റ്റോ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂലമാണെന്ന് വിലയിരുത്തുന്നവര്‍ ഉണ്ട്. എന്നാല്‍ വിലകുറഞ്ഞല്ലോ എന്ന് കരുതി തോന്നും പടി വാങ്ങിക്കൂട്ടിയാല്‍ അത് പിന്നീട് നിങ്ങളെ വലിയ നഷ്ടത്തില്‍ കൊണ്ടെത്തിച്ചേക്കാം

ക്രിപ്‌റ്റോ നിക്ഷേപം ഇപ്പോള്‍

ഹ്രസ്വകാല നിക്ഷേപങ്ങള്‍ക്കുള്ള സാഹചര്യം ഇപ്പോള്‍ ഇല്ലെന്ന് നിങ്ങള്‍ക്ക് ഇതിനകം മനസിലായി കാണും. നിക്ഷേപങ്ങള്‍ ദീര്‍ഘകാലത്തേക്കാണെങ്കില്‍ മാത്രം ക്രിപ്‌റ്റോയെക്കുറിച്ച് ചിന്തിക്കുന്നതാണ് നല്ലത്. നിലവിലെ സാഹചര്യത്തില്‍ പ്രധാന രണ്ട് ക്രിപ്‌റ്റോകളായ ബിറ്റ്‌കോയിനും എഥറിയവും മാത്രം നിക്ഷേപത്തിനായി തെരഞ്ഞെടുക്കാം. ഈ രണ്ട് കറന്‍സിയിലും എത്ര അനുപാതത്തില്‍ നിക്ഷേപിക്കണം എന്നത് നിങ്ങളുടെ തീരുമാനം ആണ്.

ക്രിപ്‌റ്റോയിലേക്ക് എത്തുമ്പോള്‍ എല്ലാവരും പറയും പോലെ തന്നെ നിക്ഷേപത്തിനായി മാറ്റിവെക്കുന്ന തുകയുടെ ചെറിയൊരു പങ്ക്, (ഉദാ: രണ്ട് ശതമാനം) മാത്രം വിനിയോഗിക്കുക. വിവിധ ക്രിപ്‌റ്റോ പ്ലാറ്റ്‌ഫോമുകള്‍ നല്‍കുന്ന എസ്‌ഐപി നിക്ഷേപ പദ്ധതികള്‍ ഇതിനായി തെരഞ്ഞെടുക്കാം. വിലകുറഞ്ഞ ക്രിപ്‌റ്റോകളും പുതിയ ക്രിപ്‌റ്റോകളും ഒഴിവാക്കുന്നതായിരിക്കും നല്ലത്. കാരണം ഈ സമയത്ത് ധാരാളം തട്ടിപ്പുകള്‍ക്കുള്ള സാധ്യതയുണ്ട്.

എന്‍എഫ്ടി മേഖല

എന്‍എഫ്ടിയെ ഒരു നിക്ഷേപമായി കാണുന്ന ആളുകള്‍ക്ക് ഏറ്റവും അനിയോജ്യമായ സമയം ആയാണ് ഈ ഇടിവ് വിലയിരുത്തപ്പെടുന്നത്. കുറഞ്ഞ വിലയില്‍ വാങ്ങിക്കൂട്ടാം എന്നത് തന്നെ കാരണം . ഒരു എഥറിയത്തില്‍ നിന്ന് 0.5നും താഴേക്ക് ഇടിഞ്ഞ നിരവധി എന്‍എഫ്ടികളുണ്ട്. ഗ്യാസ് ഫീയില്‍ വലിയ മാറ്റമൊന്നും ഇല്ലെങ്കിലും എന്‍എഫ്ടിയിലേക്ക് ആദ്യമായി വര്‍ക്കുകള്‍ അപ്‌ലോഡ് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനെക്കുറിച്ചും ആലോചിക്കാവുന്നതാണ്.ഏത് മേഖലയില്‍ ആണെങ്കിലും സ്വന്തമായി പഠിച്ച്, കൃത്യമായ ധാരണയില്‍ എത്തിയ ശേഷം മാത്രം നിക്ഷേപം നടത്തുക എന്ന അടിസ്ഥാന വസ്തുത മറക്കാതിരിക്കുക.

Amal S
Amal S  

Sub Editor

Related Articles
Next Story
Videos
Share it