
ദൈനം ദിന ജീവിതത്തിലെ തിരക്കുകള്‍ക്കിടയില്‍ അപ്രതീക്ഷിതമായി നിങ്ങളുടെ കൈയില്‍ നിന്ന് ക്രെഡിറ്റ് കാര്‍ഡും, എടിഎം കാര്‍ഡുകളും അടങ്ങുന്ന പേഴ്‌സ് നഷ്ടപ്പെട്ടാല്‍ എന്തായിരിക്കും സ്ഥിതി? അതും പ്‌ളാസ്റ്റിക് മണി നമ്മുടെ ജീവവായുവായിക്കൊണ്ടിരിക്കുന്ന കാലത്ത്.
എ ടി എം കാര്‍ഡുകള്‍ ഡെബിറ്റ് കാര്‍ഡുകള്‍ കൂടിയായതിനാല്‍ കാര്‍ഡ് സൈ്വപ് ചെയ്തും മറ്റുളളവര്‍ക്ക് പണം ഉപയോഗപ്പെടുത്താനാകും. അതേസമയം ക്രെഡിറ്റ് കാര്‍ഡുപയോഗിച്ചാണ് മറ്റാരെങ്കിലും പര്‍ച്ചേസ് നടത്തുന്നതെങ്കില്‍ വന്‍ കട ബാധ്യതയാകും കാര്‍ഡുടമയ്ക്ക് നേരിടേണ്ടി വരിക. കാരണം വായ്പയായി ഈടാക്കുന്ന ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകളുടെ പലിശ നിരക്ക് 40 ശതമാനത്തിന് മുകളിലാണ്. ഇത്തരത്തിലുളള സാമ്പത്തിക നഷ്ടങ്ങള്‍ ഒഴിവാക്കാനും ആവശ്യമായ പണം കൈയിലില്ലാതെ വരുന്ന അവസ്ഥ ഇല്ലാതാക്കാനും തീര്‍ച്ചയായും ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്.
എത്രയും വേഗം ബാങ്കുമായി ബന്ധപ്പെട്ട് കാര്‍ഡുകള്‍ ബ്‌ളോക്ക് ചെയ്യിപ്പിക്കുന്നതാണ് സാമ്പത്തിക നഷ്ടം ഒഴിവാക്കാനുളള ഫലപ്രദമായ ഒരു മാര്‍ഗം. ഇന്ത്യയില്‍ ക്രെഡിറ്റ് കാര്‍ഡ് ചട്ടങ്ങള്‍ അനുസരിച്ച് കാര്‍ഡ് നഷ്ടപ്പെട്ടാല്‍ ഉപ
ഭോക്താവ് പെട്ടെന്നുതന്നെ പരാതി നല്‍കിയിരിക്കണം. ഇല്ലെങ്കില്‍ അതുമൂലമുണ്ടാകുന്ന ഒരു നഷ്ടത്തിനും ബാങ്ക് ഉത്തരവാദിയായിരിക്കില്ല. പക്ഷേ ഒരിക്കല്‍ പരാതി നല്‍കിയാല്‍ അതിനുശേഷം നടത്തുന്ന ഇടപാടുകള്‍ക്ക് ബാങ്കിന് ഉത്തരവാദിത്തമുണ്ട്.
കാര്‍ഡുകളുടെ സുരക്ഷ ഉറപ്പാക്കാന്‍ വിവിധ ബാങ്കുകള്‍ നല്‍കുന്ന പരിരക്ഷയെ കുറിച്ച് അറിയുകയും ആവശ്യമെങ്കില്‍ കാര്‍ഡ് പ്രൊട്ടക്ഷന്‍ പ്ലാനുകള്‍ എടുക്കുകയും ചെയ്യുന്നതാണ് മറ്റൊരു മാര്‍ഗം.
ചില ബാങ്കുകള്‍ തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് കാര്‍ഡ് ഉപയോഗിച്ചുള്ള വ്യാജ ഇടപാടുകള്‍, മോഷണം എന്നിവയ്ക്ക് ഇന്‍ഷുറന്‍സ് കവറേജ് നല്‍കുന്നുണ്ട്. കാര്‍ഡ് ഇഷ്യു ചെയ്യുന്ന ബാങ്ക് തന്നെ അതിനുള്ള ചെലവ് വഹിക്കും. മറ്റ് ചില ബാങ്കുകള്‍ ഉപഭോക്താവിന്റെ പക്കല്‍ നിന്ന് പ്രീമിയം ഈടാക്കുകയാണ് ചെയ്യുന്നത്.
സെന്‍ട്രല്‍ ബാങ്കിന്റെ, ഉയര്‍ന്ന ആസ്തിയുളള ഉപഭോക്താക്കള്‍ക്കുളള പ്‌ളാറ്റിനം ഡെബിറ്റ് കാര്‍ഡുകള്‍ നഷ്ടപ്പെട്ടാല്‍ ഒരു ലക്ഷം രൂപ വരെയുളള ഇടപാടുകള്‍ക്ക് പരിരക്ഷ ലഭിക്കും. ഇഷ്യുവന്റ് ഫീസും വാര്‍ഷിക ഫീസും നല്‍കുന്നതിനൊപ്പം മിനിമം ബാലന്‍സ് 50000 രൂപ നില നിര്‍ത്തുകയും വേണം. ആക്‌സിസ് ബാങ്കും പ്രയോറിറ്റി പ്‌ളാറ്റിനം ഡെബിറ്റ് കാര്‍ഡുടമകള്‍ക്ക് കാര്‍ഡ് നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം സംഭവിക്കുന്ന നഷ്ടങ്ങള്‍ക്ക് പരിരക്ഷയേര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന് ഇഷ്യുവന്റ് ഫീസോ വാര്‍ഷിക ഫീസോ ഈടാക്കുന്നില്ല. മിനിമം ബാലന്‍സ് 25000 രൂപ നില നിര്‍ത്തണമെന്ന് മാത്രം.
ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് എന്നിവയ്ക്ക് വിവിധ കമ്പനികളും ഇപ്പോള്‍ മികച്ച പരിരക്ഷ നല്‍കുന്നുണ്ട്, സിപിപി ഇന്ത്യ, ടാറ്റാ എ.ഐ.ജി ജനറല്‍ ഇന്‍ഷുറന്‍സ്, തുടങ്ങിയവയാണ് ഉദാഹരണങ്ങള്‍. പരമാവധി 1.6 ലക്ഷം രൂപ വരെയുള്ള പോളിസികളുണ്ട്. യാത്രാ ചെലവുകള്‍, ഏഴു ദിവസം വരെ സംഭവിക്കുന്ന 1.5 ലക്ഷം രൂപ വരെയുള്ള വ്യാജ ഇടപാടുകള്‍ക്ക് സംരക്ഷണം എന്നിവ കവറേജില്‍ ഉള്‍പ്പെടും. ഒരു വര്‍ഷമാണ് മിക്ക പ്ലാനുകളുടെയും കാലാവധി.
Read DhanamOnline in English
Subscribe to Dhanam Magazine