

ആദായ നികുതി റിട്ടേണ്‍ ഫയലിംഗ് സമയപരിധി ജൂലൈ 31 ൽ നിന്ന് സെപ്റ്റംബർ 15 ലേക്ക് സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് (CBDT) നീട്ടിയിരുന്നു. എന്നാല്‍ ഫയലിംഗ് സമയപരിധി വീണ്ടും നീട്ടാനുളള സാധ്യതകളുളളതായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 2025-26 ലെ മൂല്യനിർണ്ണയ വർഷത്തേക്കുള്ള ITR-2, ITR-3, ITR-5, ITR-6, ITR-7 തുടങ്ങിയ പ്രധാനപ്പെട്ട ആദായനികുതി റിട്ടേൺ (ITR) ഫോമുകള്‍ ഇപ്പോഴും തയ്യാറായിട്ടില്ല. ഇതാണ് സമയപരിധി നീട്ടാനുളള കാരണമായി വ്യക്തമാക്കുന്നത്.
2025 ലെ ധനകാര്യ നിയമത്തിൽ നിന്നുള്ള വിവരങ്ങള്‍ ഉൾപ്പെടുത്തേണ്ട AY 2021-22, AY 2022-23 എന്നിവയിലെ അപ്‌ഡേറ്റ് ചെയ്ത റിട്ടേൺ ഫോമുകള്‍ ഇതുവരെ ലഭ്യമാക്കിയിട്ടില്ല. നികുതി ഓഡിറ്റ് കേസുകൾക്ക് ആവശ്യമായ 3CA/3CB-3CD പോലുള്ള ഓഡിറ്റ് സംബന്ധമായ ഫോമുകളും പുറത്തിറക്കിയിട്ടില്ല. ഇവയില്ലാതെ നികുതി പ്രൊഫഷണലുകൾക്ക് കൃത്യസമയത്ത് ഓഡിറ്റ് ഫയലിംഗുകൾ പൂർത്തിയാക്കാൻ കഴിയാത്ത സാഹചര്യമാണ് ഉളളത്.
മതിയായ സമയമില്ലെങ്കിൽ നികുതിദായകർക്ക് തെറ്റുകൾ സംഭവിക്കാനും ഫയൽ ചെയ്യുന്നതിൽ വീഴ്ചകള്‍ സംഭവിക്കാനും ഇടയുണ്ട്. ഓഡിറ്റ് ചെയ്യാത്ത കേസുകൾക്കുള്ള സമയപരിധി 2025 സെപ്റ്റംബർ 30 വരെയും ഓഡിറ്റ് കേസുകൾക്കുള്ള സമയപരിധി 2025 നവംബർ 30 വരെയും നീട്ടണമെന്നാണ് വിവിധ കോണുകളില്‍ നിന്ന് നിർദ്ദേശം ഉയരുന്നത്. ഫയലിംഗ് സീസൺ ആരംഭിച്ച് 100 ദിവസത്തിലധികം പിന്നിട്ടിട്ടും നിർണായക ഐടിആർ ഫോമുകൾ ഇപ്പോഴും ലഭ്യമല്ലാത്തതിനാൽ മറ്റൊരു സമയപരിധി നീട്ടൽ അനിവാര്യമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്.
അതേസമയം കാലാവധി നീട്ടുന്നത് സംബന്ധിച്ച് ആദായനികുതി വകുപ്പ് ഇതുവരെ ഔദ്യോഗികമായി അറിയിപ്പൊന്നും നൽകിയിട്ടില്ല. സമയപരിധി അടുക്കുകയും ഫോമുകൾ ലഭ്യമല്ലാത്ത സാഹചര്യം സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നതിനാല്‍ നിരവധി നികുതിദായകരും പ്രൊഫഷണലുകളും ആശങ്കാകുലരാണ്.
Due to delays in the release of crucial income tax return forms, experts predict a possible extension of the filing deadline, creating concerns among taxpayers.
Read DhanamOnline in English
Subscribe to Dhanam Magazine