

രാജ്യത്തെ കോടിക്കണക്കിന് പോസ്റ്റ് ഓഫീസ് നിക്ഷേപകരെ നേരിട്ട് ബാധിക്കുന്ന സുപ്രധാന പരിഷ്കാരവുമായി തപാൽ വകുപ്പ്. പോസ്റ്റ് ഓഫീസ് സേവിംഗ്സ് ബാങ്ക് (POSB) പ്രവർത്തനങ്ങൾക്കായുള്ള പുതിയ ചട്ടക്കൂടായ 'POSB CBS മാനുവൽ 2026' തപാൽ വകുപ്പ് പുറത്തിറക്കി. 2022 ഫെബ്രുവരി 19-ന് ശേഷം ആദ്യമായാണ് മാനുവൽ പൂർണമായും പരിഷ്കരിച്ചത്.
2026 മാർച്ച് 31 വരെയുള്ള എല്ലാ ഉത്തരവുകളും ഭേദഗതികളും ഉൾക്കൊള്ളിച്ചാണ് പുതിയ മാനുവൽ തയ്യാറാക്കിയിരിക്കുന്നത്. പോസ്റ്റ് ഓഫീസ് ജീവനക്കാർക്കായുള്ള പ്രവർത്തന മാർഗരേഖയാണെങ്കിലും അക്കൗണ്ട് ഉടമകൾക്കും നിക്ഷേപകർക്കും തർക്കങ്ങൾ പരിഹരിക്കുന്നതിനും നിയമവശങ്ങൾ മനസിലാക്കുന്നതിനും ഇത് ഏറെ സഹായകമാകും.
കോർ ബാങ്കിംഗ് സൊല്യൂഷൻ (CBS) പ്ലാറ്റ്ഫോമിൽ നടന്ന സാങ്കേതിക മാറ്റങ്ങളും നാഷണൽ സേവിംഗ്സ് സ്കീം ചട്ടങ്ങളിലെ ഭേദഗതികളും പരിഗണിച്ചാണ് ഈ പരിഷ്കരണം. രണ്ട് ഭാഗങ്ങളായാണ് മാനുവൽ പുറത്തിറക്കിയിരിക്കുന്നത്:
ഭാഗം ഒന്ന് (22 അധ്യായങ്ങൾ): പൊതുവായ വ്യവസ്ഥകൾ, സേവിംഗ്സ് അക്കൗണ്ട്, ആർ.ഡി (RD), ടൈം ഡെപ്പോസിറ്റ് (TD), എം.ഐ.എസ് (MIS), സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം (SCSS), പി.പി.എഫ് (PPF), സുകന്യ സമൃദ്ധി യോജന, കിസാൻ വികാസ് പത്ര (KVP), എൻ.എസ്.സി (NSC), മഹിളാ സമ്മാൻ സേവിംഗ്സ് സർട്ടിഫിക്കറ്റ്, ഇ-കെ.വൈ.സി (e-KYC) നടപടികൾ, മരണാനന്തര ക്ലെയിമുകൾ (Deceased Claims) എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ഭാഗം രണ്ട് (29 അനുബന്ധങ്ങൾ): കെ.വൈ.സി (KYC/AML/CFT) മാനദണ്ഡങ്ങൾ, ചെക്ക് ക്ലിയറിംഗ്, ഇന്റർനെറ്റ്-മൊബൈൽ ബാങ്കിംഗ്, നെഫ്റ്റ്/ആർ.ടി.ജി.എസ് (NEFT/RTGS), പാൻ (PAN) വാലിഡേഷൻ, ടി.ഡി.എസ് (TDS) സമർപ്പിക്കൽ, അൺക്ലെയിംഡ് അക്കൗണ്ടുകൾ, 1981 ഏപ്രിൽ 1 മുതലുള്ള പലിശ നിരക്കുകളുടെ ചരിത്രം എന്നിവ ഇതിൽ വിശദീകരിക്കുന്നു.
പുതിയ മാനുവൽ പ്രകാരം അക്കൗണ്ട് ഉടമകളെ നേരിട്ട് ബാധിക്കുന്ന പ്രധാന വ്യവസ്ഥകൾ താഴെ പറയുന്നവയാണ്:
മിനിമം ബാലൻസ് പിഴ: സേവിംഗ്സ് അക്കൗണ്ടിൽ 500 രൂപ മിനിമം ബാലൻസ് നിലനിർത്തിയില്ലെങ്കിൽ പ്രതിവർഷം 50 രൂപ (18% ജി.എസ്.ടി ഉൾപ്പെടെ) ഫീസ് ഈടാക്കും. ബാലൻസ് പൂജ്യത്തിലെത്തിയാൽ അക്കൗണ്ട് സ്വമേധയാ ക്ലോസ് ആകും.
നിഷ്ക്രിയ അക്കൗണ്ടുകൾ (Silent Accounts): തുടർച്ചയായി മൂന്ന് പൂർണ സാമ്പത്തിക വർഷങ്ങളിൽ നിക്ഷേപമോ പിൻവലിക്കലോ നടക്കാത്ത അക്കൗണ്ടുകൾ നിഷ്ക്രിയമായി കണക്കാക്കും. അക്കൗണ്ടിൽ പലിശ ക്രെഡിറ്റ് ആകുന്നത് ഇടപാടായി പരിഗണിക്കില്ല.
അക്കൗണ്ട് ട്രാൻസ്ഫർ ഫീസ്: ഒരു പോസ്റ്റ് ഓഫീസിൽ നിന്ന് മറ്റൊന്നിലേക്ക് അക്കൗണ്ട് മാറ്റുന്നതിന് 100 രൂപയും ജി.എസ്.ടിയും ഫീസായി നൽകണം.
ഡെത്ത് ക്ലെയിം തീർപ്പാക്കൽ: കൃത്യമായ നോമിനേഷൻ ഉള്ള അക്കൗണ്ടുകളിൽ തുക എത്രയായാലും ഉടൻ തന്നെ പണം നൽകും. നോമിനേഷൻ ഇല്ലാത്ത സാഹചര്യങ്ങളിൽ സക്സഷൻ സർട്ടിഫിക്കറ്റ് ഇല്ലാതെ തന്നെ 5 ലക്ഷം രൂപ വരെയുള്ള ക്ലെയിമുകൾ തീർപ്പാക്കാൻ സാധിക്കും.
5 വർഷത്തെ ടി.ഡി ലോക്ക്-ഇൻ: 2023 നവംബർ 10-നോ അതിനുശേഷമോ ആരംഭിച്ച അഞ്ച് വർഷത്തെ ടൈം ഡെപ്പോസിറ്റുകൾ നാല് വർഷം പൂർത്തിയായതിന് ശേഷം മാത്രമേ കാലാവധിക്ക് മുമ്പ് ക്ലോസ് ചെയ്യാൻ സാധിക്കൂ.
പണം പിൻവലിക്കുമ്പോഴുള്ള ടി.ഡി.എസ് (TDS): ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നവർക്ക് ഒരു കോടി രൂപയ്ക്ക് മുകളിലുള്ള പണം പിൻവലിക്കലിന് 2% ടി.ഡി.എസ് ബാധകമാണ്. റിട്ടേൺ സമർപ്പിക്കാത്തവർക്ക് 20 ലക്ഷം രൂപയ്ക്ക് മുകളിൽ 2 ശതമാനവും ഒരു കോടി രൂപയ്ക്ക് മുകളിൽ 5 ശതമാനവും ടി.ഡി.എസ് ഈടാക്കും.
2026 മാർച്ച് 31 വരെയുള്ള നിർദേശങ്ങൾ മാത്രമാണ് ഈ മാനുവലിൽ ഉൾപ്പെടുത്തിയിരിക്കുന്നത് എന്ന കാര്യം നിക്ഷേപകർ പ്രത്യേകം ശ്രദ്ധിക്കണം. ധനമന്ത്രാലയത്തിന്റെ സാമ്പത്തിക കാര്യ വകുപ്പ് ഓരോ പാദത്തിലും പ്രഖ്യാപിക്കുന്ന പലിശ നിരക്കുകൾ ഈ മാനുവലിന്റെ പരിധിയിൽ വരുന്നില്ല. അതിനാൽ ഏറ്റവും പുതിയ പലിശ നിരക്കുകൾ അറിയാൻ ധനമന്ത്രാലയത്തിന്റെ ഔദ്യോഗിക വിജ്ഞാപനങ്ങളെയാണ് ആശ്രയിക്കേണ്ടത്.
കഴിഞ്ഞ 10 വർഷത്തിനിടെ പോസ്റ്റ് ഓഫീസ് സേവിംഗ്സ് ബാങ്ക് വലിയ ഡിജിറ്റൽ മാറ്റങ്ങൾക്ക് വിധേയമായതായി തപാൽ വകുപ്പ് സെക്രട്ടറിയും പോസ്റ്റൽ സർവീസസ് ബോർഡ് ചെയർമാനുമായ സുബ്രത് ദാസ് വ്യക്തമാക്കി. 1882-ൽ ആരംഭിച്ച ഈ സംവിധാനം ഇന്ന് 1.64 ലക്ഷം പോസ്റ്റ് ഓഫീസുകളിലൂടെ 40 കോടിയിലധികം അക്കൗണ്ട് ഉടമകൾക്ക് എനി-ടൈം എനി-വെയർ (Any time anywhere) ബാങ്കിംഗ് സൗകര്യം നൽകുന്നുണ്ട്.
The Department of Posts has released the first full revision of the Post Office Savings Bank CBS Manual since 2022, consolidating rules on minimum balance fees, account transfers, and claim settlements up to March 31, 2026.
Read DhanamOnline in English
Subscribe to Dhanam Magazine