ഏതാണ് ​ഗുണകരം? നേരിട്ട് ബോണ്ട് വാങ്ങുന്നതോ ബോണ്ട് ഫണ്ടിൽ നിക്ഷേപിക്കുന്നതോ?

ആരാണ് നേരിട്ട് ബോണ്ടിൽ നിക്ഷേപിക്കേണ്ടത്? എപ്പോഴാണ് ബോണ്ട് മ്യൂച്വൽ ഫണ്ട് തെരഞ്ഞെടുക്കേണ്ടത്? ഇവയുടെ ​ഗുണങ്ങളും ദോഷങ്ങളും എന്തൊക്കെ? വിശദമായി അറിയാം.
bond funds
canva
Published on

വിപണി ചാഞ്ചാട്ടത്തിന്റെ പാതയിലേക്ക് വഴിമാറുമ്പോഴും പലിശ നിരക്കിൽ മാറ്റം സംഭവിക്കുമ്പോഴുമൊക്കെ നിശ്ചിതവും സ്ഥിരവരുമാനം ലഭിക്കുന്ന നിക്ഷേപ മാർ​ഗങ്ങൾ അന്വേഷിക്കാറുണ്ട്. ഇത്തരമൊരു സാഹചര്യത്തിലാണ് ബോണ്ടുകൾ (Bonds) സവിശേഷ ശ്രദ്ധയാകർഷിക്കുന്നത്. എന്നാൽ ബോണ്ടുകളിൽ എങ്ങനെ, എവിടെ നിക്ഷേപിക്കണം എന്ന ചോദ്യമാണ് മിക്കവരേയും കുഴപ്പിക്കുന്നത്.

അതേസമയം ബോണ്ടുകളിലേക്ക് പ്രധാനമായും രണ്ട് രീതിയിൽ നിക്ഷേപം നടത്താനാകും. ഒന്ന്, നേരിട്ട് ബോണ്ട് വാങ്ങുക. രണ്ട്, മ്യൂച്വൽ ബോണ്ട് ഫണ്ടുകളിലൂടെ നിക്ഷേപിക്കുക. ഈ രണ്ട് നിക്ഷേപ ശൈലിക്കും അതിന്റേതായ ​ഗുണവും ദോഷങ്ങളുമുണ്ട്. ഇവയെല്ലാം മനസ്സിലാക്കിയശേഷം നിക്ഷേപകന്റെ സാമ്പത്തിക ലക്ഷ്യവുമായി ചേർന്നുനിൽക്കുന്നത് പരി​ഗണിക്കുന്നതാകും ഉചിതമായ നടപടി. വിശദമായി അറിയാം.

എന്താണ് ബോണ്ട്?

കമ്പനികളും സർക്കാരുകളും ധനസമാഹരണത്തിനായി ഉപയോ​ഗിക്കുന്ന കടപ്പത്രമാണ് ബോണ്ട്. ഇടവേളകളിൽ നിശ്ചിത പലിശ (കൂപ്പൺ) നൽകിക്കൊണ്ട് കാലാവധി പൂർത്തിയാകുമ്പോൾ വാങ്ങിയ തുക മുഴുവനായി തിരികെ നൽകുമെന്ന് വാ​ഗ്ദാനം ചെയ്യുന്ന രീതിയാണിത്. ഓഹരിയിൽ നിന്നും വ്യത്യസ്തമായി ബോണ്ട് ഇഷ്യൂ ചെയ്ത് പണം സമാഹരിക്കുമ്പോൾ കമ്പനിയുടെ ഉടമസ്ഥാവകാശം നൽകുന്നില്ലെന്നതാണ് പ്രത്യേകത. ഇവിടെ ബോണ്ട് ഇഷ്യൂ ചെയ്യുന്നവരുടെ ക്രെഡിറ്റ് റേറ്റിങ്, സുരക്ഷിതത്വം, പലിശ നിരക്ക്, ആദായം കൈമാറുന്ന ഇടവേള എന്നിങ്ങനെയുള്ള ഘടകങ്ങളൊക്കെ സ്വന്തം നിലയിൽ വിലയിരുത്തി നിക്ഷേപകന് നേരിട്ട് ബോണ്ട് വാങ്ങാം.

എന്താണ് ബോണ്ട് ഫണ്ട്?

പൊതുവായ ലക്ഷ്യങ്ങളോടെ സർക്കാർ/കമ്പനി ബോണ്ടുകൾ കേന്ദ്രീകരിച്ച് നിക്ഷേപം നടത്തുന്ന മ്യൂച്വൽ ഫണ്ട് സ്കീമുകളെയാണ് ബോണ്ട് ഫണ്ട് എന്ന് വിശേഷിപ്പിക്കുന്നത്. പലിശ വരുമാനത്തിലും മൂലധന നേട്ടത്തിലൂടെയും നിക്ഷേപകർക്ക് മികച്ച ആദായം നൽകാനാണ് ബോണ്ട് ഫണ്ടുകൾ ശ്രമിക്കുന്നത്. പ്രൊഫഷണൽ ഫണ്ട് മാനേജരാകും നിക്ഷേപങ്ങളുടെ മേൽനോട്ടം വഹിക്കുക. ഒറ്റയടിക്ക് വലിയ തുക നിക്ഷേപിക്കുന്ന (lump sum) ശൈലിയിലോ നിശ്ചിത തുക വീതം ആവർത്തിച്ച് നിക്ഷേപിക്കുന്ന (എസ്ഐപി) ശൈലിയിലോ ബോണ്ട് ഫണ്ടിൽ നിക്ഷേപിക്കാനാകും.

കൈവശമുള്ള ബോണ്ടുകളുടെ മൂല്യം അടിസ്ഥാനമാക്കി ദിവസേന സ്കീമിന്റെ എൻഎവി (NAV) അറിയിക്കുന്നതായിരിക്കും. ഈ എൻഎവിയിലെ വ്യത്യാസം അനുസരിച്ചാണ് മൂലധന നേട്ടം തിട്ടപ്പെടുത്തുന്നത്. എപ്പോൾ വേണമെങ്കിലും നിക്ഷേപകന് പണം പിൻവലിക്കാൻ കഴിയുമെന്നതാണ് ബോണ്ട് ഫണ്ടുകളുടെ ഏറ്റവും വലിയ സവിശേഷത.

നേരിട്ട് ബോണ്ട് വാങ്ങിയാലുള്ള നേട്ടവും കോട്ടവും

മുൻകൂട്ടി എത്രയെന്ന് അറിയാവുന്നതും നിശ്ചിത ഇടവേളകളിൽ ലഭിക്കുന്നതുമായ ആദായം; സർക്കാർ/കമ്പനി, ഹ്രസ്വകാലം/ദീർഘകാലം, സുരക്ഷിതം/റിസ്ക് ഉള്ളത് എന്നിങ്ങനെ നിക്ഷേപിക്കുന്നതിനായി ഇഷ്ടമുള്ള ബോണ്ട് സെക്യൂരിറ്റീസ് തെരഞ്ഞെടുക്കാനുള്ള അവസരം; നിക്ഷേപത്തിന്മേലുള്ള പൂർണ നിയന്ത്രണം എന്നിവയൊക്കെയാണ് നേരിട്ട് ബോണ്ടിൽ നിക്ഷേപിക്കുന്നതു കൊണ്ടുള്ള ​ഗുണവശങ്ങൾ.

അതേസമയം നിക്ഷേപിക്കാനുള്ള മിനിമം തുക പൊതുവേ ഉയർന്നതാണ്; അതിനാൽ തന്നെ ബോണ്ടുകളിൽ വൈവിധ്യവത്കരണം നടത്താൻ താഴ്ന്ന വിഭാ​ഗക്കാരെ സംബന്ധിച്ച് പ്രയാസകരമാകും ഇത് കോൺസെന്ട്രേഷൻ റിസ്ക് (Concentration risk) സാധ്യത തുറന്നിടുന്നു; ഏതെങ്കിലും ഒരു ബോണ്ടിൽ തുക തിരികെ കിട്ടിയില്ലെങ്കിൽ (ഡിഫോൾട്ട് ആയാൽ) വ്യക്തി​ഗത നിക്ഷേപകർക്ക് കനത്ത നഷ്ടം നേരിടാം; നിരന്തരമായ അവലോകനം; കാലാവധിക്ക് മുമ്പ് പണമാക്കി മാറ്റാനുള്ള ബുദ്ധിമുട്ട് (ലിക്വിഡിറ്റി കുറവ്) എന്നിവയൊക്കെയാണ് നേരിട്ട് ബോണ്ടിൽ നിക്ഷേപിച്ചാലുള്ള ദോഷവശങ്ങൾ.

ബോണ്ട് ഫണ്ടിന്റെ നേട്ടവും കോട്ടവും

താഴ്ന്ന മിനിമം നിക്ഷേപ തുക (ചില സ്കീമുകൾ 100 രൂപ മുതൽ ലഭ്യം); അതിനാൽ താഴ്ന്ന വരുമാനക്കാർക്ക് ആശ്രയിക്കാം; എസ്ഐപി മുഖേന നിക്ഷേപിക്കാനാകും; യോ​ഗ്യരായ ഫണ്ട് മാനേജർമാർ ഉള്ളതിനാൽ നിക്ഷേപം പ്രൊഫഷലായി കൈകാര്യം ചെയ്യുന്നു; എളുപ്പത്തിൽ പോർട്ട്ഫോളിയോ വൈവിധ്യവത്കരണം സാധ്യമാകുന്നു; വേ​ഗത്തിൽ പണമാക്കി മാറ്റാൻ കഴിയും (ഉയർന്ന ലിക്വിഡിറ്റി) എന്നിവയൊക്കെയാണ് ബോണ്ട് ഫണ്ടിൽ നിക്ഷേപിച്ചാലുള്ള ​ഗുണവശങ്ങൾ.

അതേസമയം പ്രൊഫഷണലുകൾ കൈകാര്യം ചെയ്യുന്നതിന്റെ ചെലവ് നേരിടാൻ ഫണ്ട് ഹൗസുകൾ നിശ്ചിത ഫീസ് ഈടാക്കുന്നതായിരിക്കും (എക്സ്പെൻസ് റോഷ്യോ); നേരിട്ടുള്ള നിയന്ത്രണം കുറവാണ് എന്നതൊക്കെയാണ് ബോണ്ട് ഫണ്ട് നിക്ഷേപത്തെ സംബന്ധിച്ചുള്ള ന്യൂനതകൾ.

ഏത് തെരഞ്ഞെടുക്കണം?

സാമ്പത്തിക കാര്യങ്ങളിൽ അവബോധമുള്ളവരും ബോണ്ട് തെരഞ്ഞെടുപ്പിലും നിക്ഷേപത്തിലും കൂടുതൽ സ്വാതന്ത്ര്യം വേണമെന്നുള്ളവരും ഇവയെല്ലാം തനിയെ കൈകാര്യം ചെയ്യുന്നതിന് അറിവും ആത്മവിശ്വാസവും ഉള്ളവർ ബോണ്ടുകളിൽ നേരിട്ട് നിക്ഷേപം നടത്തുന്നതാകും അനുയോജ്യം. എന്നാൽ നിക്ഷേപ മേഖലയിൽ തുടക്കക്കാരും ബോണ്ട് തെരഞ്ഞെടുക്കാനും വിലയിരുത്താനും പോർട്ട്ഫോളിയോ കൈകാര്യം ചെയ്യുന്നതിനുമൊന്നും സമയം കിട്ടാത്തവരും ആണെങ്കിൽ ബോണ്ട് മ്യൂച്വൽ ഫണ്ടുകളെ ആശ്രയിക്കുന്നതാകും ഉചിതം. തുടർച്ചായി നിക്ഷേപിക്കുന്നതിനായി എസ്ഐപി ശൈലിയും പരീക്ഷിക്കാവുന്നതാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com