

പണത്തിന് ആവശ്യം വരുമ്പോള്‍ പേഴ്സണല്‍ ലോണുകളെയാണോ സെക്യൂരിറ്റീസ് ഈടായി നല്‍കി വാങ്ങുന്ന വായ്പയെയാണോ (loan against securities, LAS) ആശ്രയിക്കേണ്ടത് എന്നത് പലര്‍ക്കും ഉളള ആശയക്കുഴപ്പമാണ്. ഏത് തരത്തിലുളള വായ്പ എടുത്താലും അതിനു മുമ്പായി ഇവയോടനുബന്ധിച്ചുളള ചെലവും അപകടസാധ്യതകളും മനസിലാക്കേണ്ടത് വളരെ പ്രധാനമാണ്.
സെക്യൂരിറ്റി ഈടിലുളള വായ്പ സാധാരണയായി നൽകുന്നത് കുറഞ്ഞ പലിശ നിരക്കുകളിലാണ്. ഈ നിരക്കുകൾ പലപ്പോഴും ഏകദേശം 9-11 ശതമാനം മുതൽ ആരംഭിക്കുന്നു. ഇതിനു വിപരീതമായി, പേഴ്സണല്‍ ലോണിന്റെ പലിശ നിരക്കുകൾ പ്രതിവർഷം 10 മുതല്‍ 25 ശതമാനം വരെയാണ്. ക്രെഡിറ്റ് പ്രൊഫൈൽ, ക്രെഡിറ്റ് സ്കോർ തുടങ്ങിയവയെ ആശ്രയിച്ചാണ് ഈ ലോണുകള്‍ നല്‍കുന്നത്.
രണ്ട് തരത്തിലുള്ള വായ്പകൾക്കും ഗുണങ്ങളും ദോഷങ്ങളുമുണ്ട്. ഓഹരികൾ, മ്യൂച്വൽ ഫണ്ടുകൾ, ബോണ്ടുകൾ തുടങ്ങിയ സെക്യൂരിറ്റികൾ എല്‍.എ.എസിന് ആവശ്യമാണ്. സാധാരണയായി ധനകാര്യ സ്ഥാപനങ്ങള്‍ ആസ്തി മൂല്യത്തിന്റെ 50-70 ശതമാനമാണ് ഇത്തരം ലോണില്‍ മുൻകൂർ നൽകുന്നത്. എന്നാല്‍ സുരക്ഷിതമല്ലാത്ത വിഭാഗത്തിലാണ് വ്യക്തിഗത വായ്പകൾ ഉളളത് എന്നതിനാല്‍ വരുമാനം, തിരിച്ചടവ് ചരിത്രം എന്നിവ വളരെ പ്രധാനമാണ്.
സെക്യൂരിറ്റികൾ ഈടായി നൽകുന്ന വായ്പകൾ പലപ്പോഴും വഴക്കമുള്ള തിരിച്ചടവ് അവസരങ്ങൾ വാഗ്ദാനം ചെയ്യുന്നു. പിന്നീട് മുതല്‍ അടയ്ക്കാവുന്ന തരത്തില്‍ പ്രതിമാസ പലിശ പേയ്‌മെന്റുകളും 15 വർഷം വരെ കാലാവധിയുള്ള ദീർഘകാല ഇഎംഐകളും ധനകാര്യ സ്ഥാപനങ്ങൾ നല്‍കുന്നു. അതേസമയം പേഴ്സണല്‍ ലോണുകള്‍ സാധാരണയായി അഞ്ച് വർഷത്തേക്ക് പരിമിതപ്പെടുത്തുന്നു, സ്ഥിരമായ ഇഎംഐ ഘടനകളും കൂടുതൽ വേഗത്തിലുള്ള തിരിച്ചടവുകളും ഇതിന് ആവശ്യമാണ്.
ഷെയറുകൾ, മ്യൂച്വൽ ഫണ്ടുകൾ, ബോണ്ടുകള്‍ തുടങ്ങിയവയുടെ കൊളാറ്ററൽ മൂല്യം കുറയുകയാണെങ്കിൽ ധനകാര്യ സ്ഥാപനങ്ങള്‍ അപകടസാധ്യതകള്‍ പരിഗണിക്കാറുണ്ട്. തുടർന്ന് ബാങ്കുകള്‍ തിരിച്ചടവ് ആവശ്യപ്പെടാനോ അധിക കൊളാറ്ററൽ ആവശ്യപ്പെടാനോ സാധ്യതയുളള മാർജിൻ കോൾ നടത്താനിടയുണ്ട്. മറുവശത്ത്, പേഴ്സണല്‍ ലോണുകള്‍ക്ക് കൊളാറ്ററൽ റിസ്ക് ഇല്ലെങ്കിലും പലപ്പോഴും ഉയർന്ന പലിശയും കർശനമായ ക്രെഡിറ്റ് പരിശോധനയും ഉണ്ടായിരിക്കും.
അതുകൊണ്ടുതന്നെ, കുറഞ്ഞ ചെലവിൽ കൂടുതല്‍ വഴക്കമുള്ള ലോണ്‍ നേടാൻ ആഗ്രഹിക്കുന്ന വലിയ നിക്ഷേപ പോർട്ട്‌ഫോളിയോ ഉള്ളവര്‍ക്ക് എല്‍.എ.എസ് കൂടുതൽ പ്രയോജനകരമായിരിക്കും. അതേസമയം, പണയം വയ്ക്കാൻ കാര്യമായൊന്നും ഇല്ലാതെ ലോണ്‍ എടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് താരതമ്യേന ചെലവേറിയതാണെങ്കിലും ചെറിയ തുകകൾ വേഗത്തിൽ ലഭിക്കുന്ന പേഴ്സണല്‍ ലോണ്‍ വിവേകപൂർണമായ തിരഞ്ഞെടുപ്പായിരിക്കും.
Understand the differences between loan against securities (LAS) and personal loans, focusing on their benefits, risks, and interest rates, to make an informed financial decision.
Read DhanamOnline in English
Subscribe to Dhanam Magazine