

ആദായനികുതി റിട്ടേണുമായി (ITR) ബന്ധപ്പെട്ട് പൊരുത്തക്കേടുകൾ ഉണ്ടെങ്കില്‍ ഐ.ടി വകുപ്പ് നികുതിദായകനുമായി നടത്തുന്ന ഔദ്യോഗിക ആശയവിനിമയത്തെ ആദായനികുതി നോട്ടീസ് എന്നാണ് വിളിക്കുന്നത്. ഐ.ടി.ആറില്‍ എന്തെങ്കിലും കാര്യങ്ങൾ പാലിച്ചില്ലെങ്കിലും വിവിധ കാര്യങ്ങളില്‍ വ്യക്തത വരുത്തണമെങ്കിലും ആദായനികുതി വകുപ്പ് നികുതിദായകന് നോട്ടീസ് നല്‍കാം. ആദായനികുതി നിയമത്തിലെ പ്രത്യേക വകുപ്പുകൾ പ്രകാരമാണ് വ്യത്യസ്ത തരം ആദായനികുതി നോട്ടീസുകൾ പുറപ്പെടുവിക്കപ്പെടുന്നത്. പിഴകൾ ഒഴിവാക്കാൻ ഇവയില്‍ സമയബന്ധിതമായ നടപടി ആവശ്യമാണ്.
അറിയിപ്പ് നോട്ടീസ് - സെക്ഷൻ 143(1)
ഒരു നികുതിദായകന്റെ ആദായനികുതി റിട്ടേണിന്റെ പ്രാരംഭ വിലയിരുത്തലുമായി ബന്ധപ്പെട്ടതാണ് ആദായനികുതി നിയമത്തിലെ സെക്ഷൻ 143(1). റിട്ടേൺ ഫയൽ ചെയ്തതായി അംഗീകരിക്കപ്പെട്ടിട്ടുണ്ടോ റീഫണ്ട് നൽകേണ്ടതുണ്ടോ അല്ലെങ്കിൽ നികുതി അടയ്ക്കേണ്ടതിലേക്ക് നയിക്കുന്ന എന്തെങ്കിലും പൊരുത്തക്കേട് ഉണ്ടോ തുടങ്ങി വിശദമായ വിലയിരുത്തലുളള ഓട്ടോമേറ്റഡായ നോട്ടീസാണ് ഇത്. ഇതൊരു ശിക്ഷാ നടപടിയല്ല, മറിച്ച് നിങ്ങളുടെ നികുതി വിധേയ വരുമാനത്തിന്റെ വിശദാംശങ്ങൾ ഇതിലൂടെ പങ്കിടുകയാണ് ചെയ്യുന്നത്.
വിലയിരുത്തൽ അന്വേഷണ നോട്ടീസുകൾ - സെക്ഷൻ 142
നികുതിദായകൻ ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നതിൽ പരാജയപ്പെട്ടു അല്ലെങ്കിൽ ആവശ്യമായ വിവരങ്ങൾ നൽകിയിട്ടില്ല എന്ന് അസസിംഗ് ഓഫീസർ (AO) സംശയിക്കുമ്പോൾ ആദായനികുതി നിയമത്തിലെ സെക്ഷൻ 142(1) പ്രകാരമുള്ള ആദായനികുതി നോട്ടീസ് പുറപ്പെടുവിക്കുന്നു. വരുമാന റിട്ടേണിൽ പ്രഖ്യാപിച്ചിരിക്കുന്ന വിവരങ്ങൾ പരിശോധിക്കുന്നതിനായി അക്കൗണ്ടുകളോ രേഖകളോ സമർപ്പിക്കാൻ എ.ഒ ആവശ്യപ്പെടുമ്പോഴാണ് സെക്ഷൻ 142(2) പ്രകാരമുള്ള നോട്ടീസുകള്‍ പുറപ്പെടുവിക്കുന്നത്.
അസസ്‌മെന്റുമായി ബന്ധപ്പെട്ട വിഷയങ്ങളെക്കുറിച്ച് എ.ഒ രേഖാമൂലമുള്ള വിശദാംശങ്ങൾ അഭ്യർത്ഥിക്കുമ്പോൾ സെക്ഷൻ 142(3) പ്രകാരമുളള നോട്ടീസ് പുറപ്പെടുവിക്കുന്നു. നികുതിദായകന്റെ ആസ്തികൾ, ബാധ്യതകൾ, ബിസിനസ് പ്രവർത്തനങ്ങൾ, വിവിധ സ്രോതസുകളിൽ നിന്നുള്ള വരുമാനം എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ഇതിൽ ഉൾപ്പെട്ടേക്കാം.
സൂക്ഷ്മപരിശോധനാ നോട്ടീസ് - സെക്ഷൻ 143(2)
നികുതിദായകൻ ഏതെങ്കിലും വിവരങ്ങൾ നൽകുന്നതിൽ പരാജയപ്പെടുമ്പോഴോ അല്ലെങ്കിൽ നികുതിദായകൻ നൽകിയ വിവരങ്ങളിൽ എ.ഒ തൃപ്തനല്ലെങ്കിലോ സെക്ഷൻ 143(2) പ്രകാരമുള്ള നോട്ടീസ് പുറപ്പെടുവിക്കുന്നു. റിട്ടേൺ ഫയൽ ചെയ്ത സാമ്പത്തിക വർഷാവസാനം മുതൽ മൂന്ന് മാസത്തിനുള്ളിൽ ഈ നോട്ടീസ് നൽകുന്നതാണ്.
വരുമാനത്തിൽ നിന്ന് രക്ഷപ്പെടുന്നുവോയെന്ന വിലയിരുത്തൽ - സെക്ഷൻ 148
നികുതിദായകരുടെ റിട്ടേണുകളിൽ റിപ്പോർട്ട് ചെയ്തിട്ടുള്ള വരുമാനത്തിന്റെ വിലയിരുത്തലിൽ നിന്ന് പ്രത്യേക വരുമാനം ഒഴിവാക്കപ്പെട്ടാൽ സെക്ഷൻ 148 പ്രകാരം എ.ഒ നോട്ടീസ് നൽകും. ഇത് പ്രാഥമിക വിലയിരുത്തൽ പ്രക്രിയയിൽ ചിലപ്പോള്‍ അവഗണിക്കപ്പെടാം. അത്തരം സന്ദർഭങ്ങളിൽ, ആ പ്രത്യേക സാമ്പത്തിക വർഷത്തേക്കുള്ള നികുതിദായകരുടെ വരുമാനം വീണ്ടും വിലയിരുത്താൻ എ.ഒ ക്ക് അധികാരമുണ്ട്.
ഡിമാൻഡ് നോട്ടീസ് - സെക്ഷൻ 156
ഉത്തരവ് മൂലം ഏതെങ്കിലും നികുതി, പലിശ, പിഴ അല്ലെങ്കിൽ മറ്റേതെങ്കിലും തുക നൽകേണ്ടിവരുമ്പോൾ ആദായനികുതി നിയമത്തിലെ സെക്ഷൻ 156 പ്രകാരം എ.ഒ നികുതിദായകന് ഒരു ഡിമാൻഡ് നോട്ടീസ് നൽകും. അതിൽ കുടിശ്ശികയുള്ള തുക വ്യക്തമാക്കുന്നതാണ്.
ആദായനികുതി നോട്ടീസുകളോട് എങ്ങനെയാണ് പ്രതികരിക്കുക
ഘട്ടം 1: നോട്ടീസ് ശ്രദ്ധാപൂർവം വായിച്ച് എന്തുകൊണ്ടാണ് നോട്ടീസ് പുറപ്പെടുവിച്ചതെന്ന് മനസിലാക്കുക.
ഘട്ടം 2: ആദായനികുതി പോർട്ടലിൽ നോട്ടീസിന്റെ ആധികാരികത പരിശോധിക്കുക.
ഘട്ടം 3: ആദായനികുതി പോർട്ടലിൽ, നോട്ടീസ് വായിക്കാനായി പെൻഡിങ് ആക്ഷൻ (Pending Action) > ഇ-പ്രൊസീഡിങ്‌സ് (e-Proceedings) എന്ന വിഭാഗത്തിലേക്ക് പോകുക.
ഘട്ടം 4: വ്യക്തമായ വിശദീകരണം നൽകിക്കൊണ്ടും നിങ്ങളുടെ അവകാശവാദങ്ങളെ പിന്തുണയ്ക്കുന്നതിന് ആവശ്യമായ എല്ലാ തെളിവുകളും ഉൾപ്പെടുത്തിക്കൊണ്ടും പ്രതികരണം തയാറാക്കുക.
ഘട്ടം 5: പോർട്ടലിൽ നിങ്ങളുടെ പ്രതികരണം സമർപ്പിക്കുക. ഭാവി റഫറൻസിനായി അക്‌നോളജ്‌മെന്റ് ഐഡി (പ്രതികരണം സ്വീകരിച്ചു എന്ന തെളിയിക്കുന്ന രേഖ) സേവ് ചെയ്യുകയോ ഡൗൺലോഡ് ചെയ്യുകയോ ചെയ്യുക.
ഘട്ടം 6: ആദായനികുതി വകുപ്പിൽ നിന്നുള്ള അപ്‌ഡേറ്റുകൾക്കായി പോർട്ടലും ഇമെയിലും ട്രാക്ക് ചെയ്യുക.
Income Tax Department may issue different types of notices for discrepancies in ITR; here's how to respond.