ഡിജിറ്റല്‍ ഗോള്‍ഡില്‍ നിക്ഷേപിക്കാം, അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

നേരിട്ട് സ്വര്‍ണം വാങ്ങി സൂക്ഷിക്കുന്നതിനേക്കാള്‍ ഏറെ സൗകര്യപ്രദമാണ് ഡിജിറ്റല്‍ സ്വര്‍ണത്തില്‍ നിക്ഷേപിക്കുകയെന്നത്. നമുക്കു വേണ്ടി കമ്പനി സ്വര്‍ണം വാങ്ങി സൂക്ഷിക്കുകയാണിവിടെ. എത്ര കുറഞ്ഞ തുകയ്ക്കും നമ്മുടെ സൗകര്യത്തിനനുസരിച്ച് സ്വര്‍ണം വാങ്ങാം എന്നതും സ്വര്‍ണത്തിന്റെ പരിശുദ്ധിയെ കുറിച്ച് നമ്മള്‍ വേവലാതിപ്പെടേണ്ടതില്ല എന്നതുമെല്ലാം നേട്ടമാണ്. കേന്ദ്ര സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എംഎംടിസി ലിമിറ്റഡിന്റെയും സ്വിറ്റ്‌സര്‍ലന്‍ഡ് കമ്പനിയായ പിഎഎംപിയുടെയും നേതൃത്വത്തിലുള്ള സ്വര്‍ണഖനന കമ്പനിയില്‍ നിന്ന് നേരിട്ടാണ് വിവിധ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെ സ്വര്‍ണം വാങ്ങുന്നതെന്നതിനാല്‍ പരിശുദ്ധി ഉറപ്പുവരുത്തുന്നുണ്ട്.

ഡിജിറ്റല്‍ സ്വര്‍ണത്തില്‍ നിക്ഷേപിക്കും മുമ്പ് അറിഞ്ഞിരിക്കേണ്ട കുറച്ചു കാര്യങ്ങളിതാ...
വിവിധ ചാര്‍ജുകള്‍, നികുതി
നേരിട്ട് സ്വര്‍ണം വാങ്ങുമ്പോള്‍ നല്‍കുന്നതു പോലെ എന്തെങ്കിലും ചാര്‍ജുകള്‍ ഈടാക്കുന്നില്ല എന്നതു കൊണ്ട് അപ്പോഴത്തെ വിപണി നിരക്കിനനുസരിച്ച് പരമാവധി നേട്ടം നിക്ഷേപകന് ലഭിക്കുന്നു. മൂന്നു വര്‍ഷത്തിനു ശേഷം ഡിജിറ്റല്‍ ഗോള്‍ഡ് വില്‍ക്കുമ്പോള്‍ മൂലധനനേട്ടത്തിന്മേലുള്ള നികുതിയായി 20 ശതമാനം നല്‍കേണ്ടതുണ്ട്. കൂടാതെ സര്‍ചാര്‍ജും സെസ്സും. അടുത്ത ബന്ധുക്കള്‍ക്ക് ഡിജിറ്റല്‍ ഗോള്‍ഡ് സമ്മാനമായി നല്‍കുന്നതിന് നികുതി ബാധ്യത ഉണ്ടാകില്ല.
എവിടെ നിന്ന് വാങ്ങാം
പേടിഎം, ഗൂഗ്ള്‍പേ തുടങ്ങി നിരവധി ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ ഡിജിറ്റല്‍ സ്വര്‍ണം വാങ്ങാനുള്ള സൗകര്യം ഒരുക്കുന്നുണ്ട്.
പെട്ടെന്ന് പണമാക്കി മാറ്റാനാവുമോ?
നിക്ഷേപകന് എപ്പോള്‍ വേണമെങ്കിലും ഡിജിറ്റല്‍ സ്വര്‍ണം വില്‍ക്കുകയും വാങ്ങുകയുമാകാം. വിപണിയിലെ സ്വര്‍ണ വിലയ്ക്കനുസരിച്ച് അതില്‍ നിന്നുള്ള നേട്ടം ലഭിക്കും.
നേട്ടം
ദീര്‍ഘകാലാടിസ്ഥാനത്തില്‍ എപ്പോഴും വില ഉയര്‍ന്ന ചരിത്രം മാത്രമേ സ്വര്‍ണത്തിന് പറയാനുള്ളൂ. അഞ്ചു വര്‍ഷത്തിനിടെ 15 ശതമാനം നേട്ടം സ്വര്‍ണം നല്‍കുന്നുണ്ട്. എന്നാല്‍ കഴിഞ്ഞ വര്‍ഷം മാത്രം നല്‍കിയത് 40 ശതമാനം നേട്ടമാണ്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സ്വര്‍ണത്തിന്റെ വില വന്‍തോതില്‍ വര്‍ധിച്ചതിനെ തുടര്‍ന്നാണിത്. നിക്ഷേപകന്‍ എന്ന നിലയില്‍ ഓരോരുത്തരും നിശ്ചിത ശതമാനം തുക സ്വര്‍ണത്തില്‍ നിക്ഷേപിക്കണമെന്നാണ് ഈ മേഖലയിലെ വിദഗ്ധര്‍ പറയുന്നത്. പലരും നിക്ഷേപത്തിന്റെ 10 മുതല്‍ 15 ശതമാനം വരെ സ്വര്‍ണത്തിലായിരിക്കണമെന്ന് ചൂണ്ടിക്കാട്ടുന്നു. നേരത്തെ വലിയ തുക ഉണ്ടെങ്കില്‍ മാത്രമേ സ്വര്‍ണം വാങ്ങി സൂക്ഷിക്കാന്‍ കഴിഞ്ഞിരുന്നുള്ളൂ. എന്നാല്‍ എത്ര കുറഞ്ഞ തുകയ്ക്കും ആനുപാതികമായി ഡിജിറ്റല്‍ സ്വര്‍ണം വാങ്ങി സൂക്ഷിക്കാം.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it