ഡിജിറ്റല്‍ ഇടപാട്: രാജ്യത്ത് ഏറ്റവും മുന്നില്‍ കേരളം

രാജ്യത്ത് ഏറ്റവും കൂടുതല്‍ ഡിജിറ്റല്‍ പണമിടപാടുകള്‍ നടക്കുന്ന സംസ്ഥാനമെന്ന പട്ടം കേരളത്തിന് സ്വന്തം. പേയ്‌മെന്റ് സേവന സ്ഥാപനമായ 'വേള്‍ഡ്‌ലൈന്‍ ഇന്ത്യ' പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് കേരളത്തിന് ഒന്നാംസ്ഥാനമുള്ളത്. കടകളിലും മറ്റും നടന്ന (ഫിസിക്കല്‍ ടച്ച് പോയിന്റ്‌സ്) ഇടപാടുകള്‍ വിലയിരുത്തിയുള്ള റിപ്പോര്‍ട്ടിലാണ് കേരളത്തിന്റെ ഈ നേട്ടം. മഹാരാഷ്ട്രയാണ് രണ്ടാംസ്ഥാനത്ത്. തമിഴ്‌നാട്, കര്‍ണാടക, ഉത്തര്‍പ്രദേശ് എന്നിവയാണ് യഥാക്രമം മൂന്നുമുതല്‍ അഞ്ചുവരെ സ്ഥാനങ്ങളില്‍.

കേരളത്തിന്റെ ആധിപത്യം
ഏറ്റവുമധികം ഡിജിറ്റല്‍ ഇടപാടുകള്‍ നടക്കുന്ന 10 നഗരങ്ങളുടെ പട്ടികയില്‍ കേരളത്തില്‍ നിന്ന് മൂന്ന് നഗരങ്ങളുണ്ട്. ടോപ് 10 പട്ടികയില്‍ ഏറ്റവും കൂടുതല്‍ നഗരങ്ങളുള്ളതും കേരളത്തില്‍ നിന്നാണ്. രണ്ടുവീതം നഗരങ്ങളുമായി മഹാരാഷ്ട്രയും തമിഴ്‌നാടും പിന്നാലെയുണ്ട്.
ബംഗളൂരു ഒന്നാംസ്ഥാനത്തുള്ള പട്ടികയില്‍ യഥാക്രമം 7, 8, 9 സ്ഥാനങ്ങളില്‍ എറണാകുളം, തിരുവനന്തപുരം, തൃശൂര്‍ എന്നിവയാണ് കേരളത്തില്‍ നിന്ന് ഇടംപിടിച്ചത്. ന്യൂഡല്‍ഹി, മുംബൈ, പൂനെ, ചെന്നൈ എന്നിവയാണ് രണ്ടുമുതല്‍ അഞ്ചുവരെ സ്ഥാനങ്ങളില്‍ യഥാക്രമമുള്ളത്. ടോപ് 10ല്‍ മഹാരാഷ്ട്രയില്‍ നിന്ന് മുംബൈയും പൂനെയും ഇടംനേടിയപ്പോള്‍ തമിഴ്‌നാട്ടില്‍ നിന്ന് ചെന്നൈയ്ക്ക് പുറമേ കോയമ്പത്തൂരുമുണ്ട്.

കടകളിലോ ഉപയോക്താക്കള്‍ തമ്മിലോ നേരിട്ട് നടന്ന ഇടപാടുകള്‍ വിലയിരുത്തിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലെ ഇടപാടുകള്‍ ഉള്‍ക്കൊള്ളിച്ചിട്ടില്ല.

149.5 ലക്ഷം കോടി
2022ലെ ഡിജിറ്റല്‍ പണമിടപാടുകള്‍ വിലയിരുത്തിയുള്ള റിപ്പോര്‍ട്ടാണ് 'വേള്‍ഡ്‌ലൈന്‍ ഇന്ത്യ' തയ്യാറാക്കിയത്. ഇതുപ്രകാരം യു.പി.ഐ., ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡുകള്‍, പ്രീപെയ്ഡ് പേയ്‌മെന്റ് ഇന്‍സ്ട്രുമെന്റ്‌സ് (പി.പി.ഐ) തുടങ്ങിയവ വഴിയുള്ള മൊത്തം ഡിജിറ്റല്‍ ഇടപാടുകള്‍ കഴിഞ്ഞവര്‍ഷം 8,792 കോടിയാണ്; ഇടപാടുകളുടെ മൂല്യം 149.5 ലക്ഷം കോടി രൂപയും. രണ്ടും റെക്കോഡാണ്.
ഇടപാടുകളുടെ എണ്ണത്തിലും (84 ശതമാനം) മൂല്യത്തിലും (84 ശതമാനം) മുന്നില്‍ യു.പി.ഐയാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഇത് ഉപയോക്താക്കള്‍ തമ്മിലും (പി2പി) ഉപയോക്താവും വിതരണക്കാരനും (പി2എം) തമ്മിലുമുള്ള ഇടപാടുകളുടെ സംയോജിത കണക്കാണ്.
ബാങ്കുകളും യു.പി.ഐ ആപ്പും
കഴിഞ്ഞവര്‍ഷം ഏറ്റവുമധികം യു.പി.ഐ ഇടപാടുകള്‍ നടന്ന മൊബൈല്‍ ആപ്പ് ഫോണ്‍പേയാണ്. ഗൂഗിള്‍ പേ, പേടിഎം, ആമസോണ്‍ പേ എന്നിവയാണ് തൊട്ടുപിന്നാലെയുള്ളത്. യു.പി.ഐ വഴി ഏറ്റവുമധികം പണം അയയ്ക്കപ്പെട്ട ബാങ്ക് എസ്.ബി.ഐയാണ്. എച്ച്.ഡി.എഫ്.സി ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, യൂണിയന്‍ ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക് എന്നിവയാണ് യഥാക്രമം ടോപ് 5ലെ മറ്റ് ബാങ്കുകള്‍.
ഏറ്റവുമധികം പണം സ്വീകരിച്ച ബാങ്ക് പേടിഎം പേയ്‌മെന്റ്‌സ് ബാങ്കാണ്. യെസ് ബാങ്കാണ് രണ്ടാമതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മൂന്ന് മുതല്‍ അഞ്ചുവരെ സ്ഥാനങ്ങളിലുള്ളത് എസ്.ബി.ഐ., ആക്‌സിസ് ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക് എന്നിവ.
ടിക്കറ്റ് സൈസില്‍ ക്രെഡിറ്റ് കാര്‍ഡ്
ഉപയോക്താക്കള്‍ ശരാശരി ഏറ്റവും ഉയര്‍ന്ന തുകയുടെ ഇടപാട് നടത്തുന്നത് (ആവറേജ് ടിക്കറ്റ് സൈസ്) ക്രെഡിറ്റ് കാര്‍ഡിലാണ് - 4,739 രൂപ. യു.പി.ഐയിലെ വ്യക്തികള്‍ തമ്മില്‍ (പി2പി) 2,573 രൂപ, ഡെബിറ്റ് കാര്‍ഡ് 2,033 രൂപ, യു.പി.ഐയിലെ പി2എം (ഉപയോക്താവ് കടകളില്‍ ചെലവിടുന്ന തുക) 687 രൂപ, പ്രീപെയ്ഡ് കാര്‍ഡ് 475 രൂപ, മൊബൈല്‍ വാലറ്റ് 382 രൂപ എന്നിങ്ങനെയുമാണ് ശരാശരി ഇടപാടുകള്‍. യു.പി.ഐ ഇടപാടുകള്‍ വ്യാപകമായതോടെയാണ് ഡെബിറ്റ് കാര്‍ഡ് വഴിയുള്ള ഇടപാടുകള്‍ കുറഞ്ഞതെന്നും റിപ്പോര്‍ട്ടിലുണ്ട്.

Anilkumar Sharma
Anilkumar Sharma  

Assistant Editor

Related Articles

Next Story

Videos

Share it