അസ്ഥിരതയിലും നേട്ടമുണ്ടാക്കാന്‍ ഇതാ ഡിസിപ്ലിന്‍ഡ് ഫ്‌ളക്‌സി ക്യാപ് ഫണ്ടുകള്‍

ഒരു ബിസിനസ് എത്ര ലാഭമുണ്ടാക്കുന്നു എന്നതുപോലെ, അത് എങ്ങനെ നടത്തപ്പെടുന്നു എന്നും ശ്രദ്ധിക്കണം
mutual fund
Image courtesy: Canva
Published on

റിന്‍ഷാദ്

ഫണ്ടുകളില്‍ നിക്ഷേപിക്കുന്നവരില്‍ പലരും ഏത് തിരഞ്ഞെടുക്കണമെന്ന് മാത്രമെ ശ്രദ്ധിക്കാറുള്ളൂ. വളരെ കുറച്ചുപേര്‍ മാത്രമെ ഫണ്ടിനുള്ളില്‍ എന്താണ് സംഭവിക്കുന്നത് എന്നതിനെക്കുറിച്ച് ചിന്തിക്കാറുള്ളൂ. ഒരു മാനേജര്‍ ഏതൊക്കെ ഓഹരികള്‍ സ്വന്തമാക്കണമെന്ന് തീരുമാനിക്കുന്നത് എങ്ങനെയാണ് എന്നതിനെക്കുറിച്ച് മനസിലാക്കുന്നത്, നിക്ഷേപകര്‍ക്ക് മുന്‍കാല നേട്ടങ്ങള്‍ മാത്രം പിന്തുടരുന്നതിന് പകരം ആ പ്രക്രിയയില്‍ വിശ്വാസമര്‍പ്പിക്കാന്‍ സഹായിക്കും.

ഒരു നല്ല ഫ്‌ളക്സി ക്യാപ് ഫണ്ട് സാധാരണയായി ഒരു 'ബോട്ടം-അപ്പ്' സമീപനത്തിലൂടെയാണ് ആരംഭിക്കുന്നത്. ഇവ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് വ്യക്തിഗത ബിസിനസുകളിലാണ്. അല്ലാതെ വിപുലമായ വിപണി പ്രവണതകളിലോ, പ്രത്യേക മേഖലകളിലോ അല്ല. മാനേജര്‍ ഒരു കമ്പനിയുടെ സാമ്പത്തിക കാര്യങ്ങള്‍, അത് പ്രവര്‍ത്തിക്കുന്ന മേഖല, മാനേജ്‌മെന്റിന്റെ ഗുണനിലവാരം, വിശാലമായ മാക്രോ സാഹചര്യം എന്നിവ പരിശോധിക്കുന്നു. ഒരു ബിസിനസ് ഈ ഫില്‍ട്ടറുകളെല്ലാം മറികടക്കുമ്പോള്‍ മാത്രമെ അതിന് പോര്‍ട്ട്‌ഫോളിയോയില്‍ ഇടം ലഭിക്കൂ.

രണ്ടുതരം ഓഹരികള്‍

ഈ ചട്ടക്കൂടിനുള്ളില്‍, മിക്ക ഫ്‌ളക്സി ക്യാപ് പോര്‍ട്ട്‌ഫോളിയോകളും രണ്ടുതരം ഓഹരികള്‍ കൈവശം വെക്കാറുണ്ട്. ആദ്യത്തേത് 'ഗ്രോത്ത് സ്റ്റോക്കുകള്‍' (growth stocks) ആണ്- ശക്തമായ വരുമാനം കാണാറുള്ള, സ്ഥിരതയായ പ്രകടനവും കാലക്രമേണവളരാനുള്ള കഴിവുമുള്ള കമ്പനികള്‍. പോര്‍ട്ട്‌ഫോളിയോയുടെ കാതല്‍ ഇവയാണ്. രണ്ടാമത്തേത് സൈക്ലിക്കല്‍ (cyclical), അല്ലെങ്കില്‍ കോണ്‍ട്രേറിയന്‍ (contrarian) ആണ്- ഒരുപക്ഷേ മോശം ഘട്ടത്തിലൂടെ കടന്നുപോകുന്ന, എന്നാല്‍ ശക്തമായ അടിത്തറയുള്ള ബിസിനസുകള്‍. തിരിച്ചുകയറാന്‍ സാധ്യതയുള്ള ഈ ഓഹരികള്‍ താഴ്ന്ന നിലയിലായിരിക്കുമ്പോള്‍ വാങ്ങുന്നു.ഇവ തമ്മിലുള്ള വിഭജനം നിശ്ചിതമല്ല. വിപണി ഓരോ സമയത്തും നല്‍കുന്ന അവസരങ്ങള്‍ക്ക് അനുസരിച്ച് ഇത് മാറും. നല്ല വളര്‍ച്ചാസാധ്യതയുള്ളവ ന്യായമായ വിലയില്‍ ലഭ്യമാകുമ്പോള്‍ പോര്‍ട്ട്‌ഫോളിയോ അങ്ങോട്ട് ചായുന്നു. സൈക്ലിക്കല്‍ അവസരങ്ങള്‍ ഉയര്‍ന്നുവരുമ്പോള്‍ വിഹിതം അതനുസരിച്ച് മാറുന്നു. കോര്‍പറേറ്റ് ഗവേണന്‍സ് എന്നത് പ്രാധാന്യമുള്ള മറ്റൊരു ഘടകമാണ്. ശക്തമായ അടിത്തറയുള്ള, എന്നാല്‍ മോശം മാനേജ്‌മെന്റുള്ള ഒരു കമ്പനി അപൂര്‍വമായേ തിരഞ്ഞെടുക്കപ്പെടാറുള്ളൂ. ദീര്‍ഘകാലയളവില്‍, ഒരു ബിസിനസ് എത്ര ലാഭമുണ്ടാക്കുന്നു എന്നതിനോളം തന്നെ അത് എങ്ങനെ നടത്തപ്പെടുന്നു എന്നതും പ്രധാനമാണ്.

ശ്രദ്ധാപൂര്‍വമുള്ള ഓഹരി തിരഞ്ഞെടുപ്പ്, വളര്‍ച്ചയുടെയും മൂല്യത്തിന്റെയും സമന്വയം, കോര്‍പറേറ്റ് ഗവേണന്‍സിലെ ശ്രദ്ധ- ഈ സംയോജനമാണ് നന്നായി നടത്തുന്ന ഒരു ഫ്‌ളക്സി ക്യാപ്ഫണ്ടിന്റെ അടിത്തറ. നിക്ഷേപകരെ സംബന്ധിച്ച്, ഇത്തരമൊരു ചട്ടക്കൂട് നിലവിലുണ്ടെന്ന് അറിയുന്നത് വിപണിയിലെ അസ്ഥിരതക്കിടയിലും നിക്ഷേപം തുടരുന്നത് എളുപ്പമാക്കും.

ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ഫ്‌ളക്‌സി ക്യാപ് ഫണ്ട്

ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ഫ്‌ളക്സി ക്യാപ് ഫണ്ട് (ICICI Prudential Flexicap Fund) ഇത്തരത്തിലുള്ള അച്ചടക്കത്തോടെയുള്ള സമീപനം സ്വീകരിക്കുന്ന ഫണ്ടാണ്. വിവിധ മാര്‍ക്കറ്റ് ക്യാപുകളിലുടെ നീളമുള്ള ഫ്ളക്സിബ്ള്‍ അലോക്കേഷനിലൂടെ വൈവിധ്യവല്‍ക്കരണം നിലനിര്‍ത്തിക്കൊണ്ട് അവസരങ്ങള്‍ പ്രയോജനപ്പെടുത്താനാണ് ഇത് ലക്ഷ്യമിടുന്നത്. 2026 ഏപ്രില്‍ 30 വരെ ഒരു വര്‍ഷത്തില്‍ 7.85 ശതമാനം, മൂന്ന് വര്‍ഷത്തില്‍ 17.49 ശതമാനം, ആരംഭം മുതല്‍ (ജൂലൈ 2021) 14.12 ശതമാനം എന്നിങ്ങനെ ഈ ഫണ്ട് വാര്‍ഷിക വളര്‍ച്ച നല്‍കിയിട്ടുണ്ട്.

(ഡ്രീമിയന്‍സ് എല്‍എല്‍പിയുടെ സ്ഥാപകനാണ് ലേഖകന്‍)

(Originally published in Dhanam Magazine June 15, 2026 issue.)

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com