

പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷന്റെ (ഇപിഎഫ്ഒ) കീഴിൽ, ഇപിഎഫ് വരിക്കാർക്കായി രൂപകൽപ്പന ചെയ്ത സുപ്രധാന സാമൂഹിക സുരക്ഷാ പദ്ധതിയാണ് എംപ്ലോയീസ് ഡെപ്പോസിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ് (EDLI) സ്കീം. ഈ ലൈഫ് ഇൻഷുറൻസ് പദ്ധതിയിൽ തങ്ങൾ ഉൾപ്പെടുന്നുണ്ടെന്ന് ഇപിഎഫ് വരിക്കാരിൽ പലർക്കും അറിയില്ല.
ഇപിഎഫ് അംഗങ്ങൾക്ക് അവരുടെ സേവന കാലയളവിൽ മരണം സംഭവിച്ചാൽ ആശ്രിതർക്ക് സാമ്പത്തിക സഹായം നൽകുക എന്നതാണ് ഈ പദ്ധതിയുടെ പ്രാഥമിക ലക്ഷ്യം. മറ്റു ഇൻഷുറൻസ് പോളിസികളിൽ നിന്ന് വ്യത്യസ്തമായി, ഈ സ്കീം പ്രകാരം ജീവനക്കാരന്റെ നോമിനിക്കോ നിയമപരമായ അവകാശിക്കോ 2.5 ലക്ഷം രൂപ മുതല്‍ പരമാവധി ഏഴ് ലക്ഷം രൂപ വരെ ലൈഫ് കവർ ലഭിക്കും.
ഇപിഎഫ് അക്കൗണ്ടുള്ള എല്ലാ ജീവനക്കാർക്കും ഇഡിഎൽഐ പദ്ധതിയുടെ പരിരക്ഷ ഓട്ടോമാറ്റിക്കായി ലഭിക്കും. ഇതിനായി ജീവനക്കാർ പ്രത്യേക പ്രീമിയം അടയ്‌ക്കേണ്ടതില്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഇൻഷുറൻസ് പ്രീമിയമായി, ജീവനക്കാരന്റെ അടിസ്ഥാന ശമ്പളത്തിന്റെ 0.5 ശതമാനം (പരമാവധി 15,000 രൂപ) വരെയാണ് തൊഴിലുടമ ഈ പദ്ധതിയിലേക്ക് വിഹിതമായി അടയ്‌ക്കുന്നത്. ജീവനക്കാർക്ക് ചെലവില്ലാതെ ലഭിക്കുന്ന ഈ ആനുകൂല്യം, സാമ്പത്തികമായി ദുർബലമായ കുടുംബങ്ങൾക്ക് വലിയൊരു പിന്തുണയാണ് നൽകുന്നത്.
മരണം സംഭവിക്കുന്നതിന് തൊട്ടുമുമ്പുള്ള 12 മാസത്തെ ശരാശരി പ്രതിമാസ ശമ്പളത്തെ (പരമാവധി 15,000 രൂപ ആയി പരിമിതപ്പെടുത്തിയിരിക്കുന്നു) 35 കൊണ്ട് ഗുണിക്കുന്നതിലൂടെയാണ് ആനുകൂല്യത്തിന്റെ പ്രധാന ഭാഗം കണക്കാക്കുന്നത്. ഇതിനുപുറമെ, ആ മാസങ്ങളിലെ ഇപിഎഫ് അക്കൗണ്ടിലെ ശരാശരി ബാലൻസിന്റെ 50 ശതമാനം (പരമാവധി 1,75,000 രൂപ) ബോണസ് ആയും ലഭിക്കും. എന്നാൽ, മൊത്തത്തിൽ ലഭിക്കുന്ന തുക 7 ലക്ഷം രൂപയില്‍ കൂടാൻ പാടില്ല.
ജീവനക്കാരന്റെ മരണം സർവീസ് കാലയളവിൽ ആണെങ്കിൽ മാത്രമേ നോമിനിക്ക് ഈ ഇൻഷുറൻസ് പരിരക്ഷയ്ക്ക് അർഹതയുണ്ടാകൂ. മരണം സംഭവിച്ച് ഒരു മാസത്തിനുള്ളിൽ ക്ലെയിം ഫോം (ഫോം 5ഐഎഫ്) സമർപ്പിക്കേണ്ടതുണ്ട്. ഒരു വലിയ തുക ഒറ്റത്തവണയായി ലഭിക്കുന്ന ഈ ആനുകൂല്യം, വരുമാനമുള്ള വ്യക്തിയെ നഷ്ടപ്പെടുന്ന കുടുംബത്തിന് പെട്ടെന്നുള്ള സാമ്പത്തിക ബുദ്ധിമുട്ടുകൾ മറികടക്കാൻ സുരക്ഷിതത്വം ഉറപ്പാക്കുന്നു.
Insurance cover up to ₹ 7 lakh: Eligibility and benefits of EPFO's EDLI scheme.
Read DhanamOnline in English
Subscribe to Dhanam Magazine