പി.എഫ് പിൻവലിക്കൽ ചട്ടങ്ങളിൽ വൻ ഇളവ്; 55 വയസിന് മുൻപ് 90% തുക വരെ എടുക്കാം, കാത്തിരിപ്പ് കാലാവധി രണ്ട് മാസമായി ചുരുക്കി

അനുവദനീയമായ നിബന്ധനകൾക്കും പരിധികൾക്കും വിധേയമായി പ്രത്യേക സാഹചര്യങ്ങളില്‍ പണം പിന്‍വലിക്കാം
EPFO
Image courtesy: Canva/ epfindia.gov.in
Published on: 

ജീവനക്കാരുടെ വിരമിക്കൽ കാല സമ്പാദ്യത്തിൽ നിന്നുള്ള ഭാഗിക പണം പിൻവലിക്കൽ (Partial withdrawal) നിയമങ്ങളിൽ വലിയ ഇളവുകൾ വരുത്തി പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (EPFO). അംഗങ്ങൾക്ക് അടിയന്തിര ഘട്ടങ്ങളിലും സാമ്പത്തിക ആവശ്യങ്ങൾക്കും ഫണ്ട് കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കാനും അതേസമയം ദീർഘകാല സമ്പാദ്യത്തിന്റെ ഒരു ഭാഗം സംരക്ഷിക്കാനുമാണ് ഭേദഗതികൾ ലക്ഷ്യമിടുന്നത്.

പ്രധാന നിയമ മാറ്റങ്ങളും ഇളവുകളും:

പിൻവലിക്കൽ പരിധിയിൽ വർദ്ധനവ്: 55 വയസിന് താഴെയുള്ള ഇ.പി.എഫ് അംഗങ്ങൾക്ക് തങ്ങളുടെ യോഗ്യമായ പി.എഫ് ബാലൻസിന്റെ 90 ശതമാനം വരെ ഇനി ഭാഗികമായി പിൻവലിക്കാൻ സാധിക്കും. മുൻപ് അനുവദിച്ചിരുന്ന പരമാവധി പരിധി 75 ശതമാനമായിരുന്നു. നിലവിലുള്ള ചട്ടങ്ങൾ പ്രകാരം, ഇപിഎഫ്ഒ (EPFO) അംഗങ്ങൾ തങ്ങളുടെ അർഹമായ പിഎഫ് ബാലൻസിന്റെ കുറഞ്ഞത് 25 ശതമാനമെങ്കിലും അക്കൗണ്ടിൽ നിലനിർത്തേണ്ടതുണ്ട്.

കാത്തിരിപ്പ് കാലയളവ് വെട്ടിക്കുറച്ചു: തൊഴിലില്ലായ്മ സമയത്തോ മറ്റ് ആവശ്യങ്ങൾക്കോ പണം പിൻവലിക്കുന്നതിനുള്ള ഇ.പി.എഫ് അംഗത്വ കാത്തിരിപ്പ് കാലയളവ് 12 മാസത്തിൽ നിന്ന് രണ്ട് മാസമായി (2 months) കുറച്ചു.

തൊഴിൽ മന്ത്രാലയത്തിന്റെ വിജ്ഞാപനത്തിലൂടെയാണ് ഇ.പി.എഫ്.ഒ. ട്രസ്റ്റി ബോർഡ് ശുപാർശകൾ പ്രാബല്യത്തില്‍ വരിക.

ഏതൊക്കെ ആവശ്യങ്ങൾക്ക് പണം പിൻവലിക്കാം?:

ഇ.പി.എഫ് സ്കീം 2026 പ്രകാരം ഭാഗിക പിൻവലിക്കൽ വ്യവസ്ഥകളെ അവശ്യ ആവശ്യങ്ങൾ, ഭവന ആവശ്യങ്ങൾ, പ്രത്യേക സാഹചര്യങ്ങൾ എന്നിങ്ങനെ മൂന്ന് പ്രധാന വിഭാഗങ്ങളായി ക്രമീകരിച്ചിരിക്കുന്നു:

വൈദ്യചികിത്സ: അംഗത്തിനോ കുടുംബാംഗങ്ങൾക്കോ ഉണ്ടാകുന്ന രോഗങ്ങൾക്കും മെഡിക്കൽ ചെലവുകൾക്കും.

വിദ്യാഭ്യാസം: അംഗത്തിന്റെയോ മക്കളുടെയോ ഉന്നത വിദ്യാഭ്യാസ ആവശ്യങ്ങൾക്ക്.

വിവാഹം: അംഗത്തിന്റെയോ കുടുംബാംഗങ്ങളുടെയോ വിവാഹ ചെലവുകൾക്കായി.

ഭവന ആവശ്യങ്ങൾ: വീടോ ഫ്ലാറ്റോ വാങ്ങൽ, വീട് നിർമ്മാണത്തിനായി സ്ഥലം വാങ്ങൽ, വീട് പണിയൽ, നിലവിലുള്ള ഭവന വായ്പ തിരിച്ചടയ്ക്കൽ (Home loan repayment), അല്ലെങ്കിൽ വീട് നവീകരണം എന്നിവയ്ക്ക്.

കൂടാതെ അനുവദനീയമായ നിബന്ധനകൾക്കും പരിധികൾക്കും വിധേയമായി പ്രത്യേക സാഹചര്യങ്ങളിലും പണം ലഭ്യമാകും. അംഗങ്ങൾക്ക് ഇ.പി.എഫ്.ഒയുടെ ഓൺലൈൻ പോർട്ടൽ വഴി അപേക്ഷ സമർപ്പിച്ച് ആനുകൂല്യം പ്രയോജനപ്പെടുത്താം. അതേസമയം വലിയ തുകകൾ നേരത്തെ പിൻവലിക്കാൻ അവസരമുണ്ടെങ്കിലും, അംഗങ്ങളുടെ വിരമിക്കൽ ഫണ്ട് പൂർണമായി തീർന്നുപോകാതിരിക്കാൻ ആവശ്യമായ സുരക്ഷാ നിബന്ധനകൾ പോളിസിയിൽ ഇ.പി.എഫ്.ഒ നിലനിർത്തിയിട്ടുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```