മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് കാറ്റുവീഴ്ച; മെയ് മാസത്തില്‍ 21.6% ഇടിവ്; എസ്.ഐ.പികളെ നിക്ഷേപകര്‍ കൈവിടുന്നില്ല
ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളിലേക്കുള്ള നിക്ഷേപങ്ങളില്‍ മെയ് മാസത്തില്‍ 21.6 ശതമാനത്തിന്റെ ഇടിവുണ്ടായതായി കണക്കുകള്‍. കഴിഞ്ഞ മാസം 19,013.12 കോടി രൂപയാണ് ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളില്‍ എത്തിയത്. മാര്‍ച്ച് മാസത്തില്‍ ഇത് 25,082 കോടി രൂപയും ഏപ്രിലില്‍ 24,269 കോടി രൂപയുമായിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ രാഷ്ട്രീയ-വ്യാപാര അരക്ഷിതാവസ്ഥയും ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘര്‍ഷവും അമേരിക്കയുടെ പുതിയ നികുതി നയവും നിക്ഷേപകരുടെ ആത്മവിശ്വാസം കുറച്ചിട്ടുണ്ടെന്നാണ് സൂചനകള്‍.
സുരക്ഷിത നിക്ഷേപങ്ങളിലേക്ക് മാറുന്നു
അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട് ഇന്‍ ഇന്ത്യ പുറത്തു വിട്ട കണക്കുകള്‍ പ്രകാരം മിക്ക മ്യൂച്വല്‍ ഫണ്ട് പ്ലാനുകളെയും ഇടിവ് ബാധിച്ചിട്ടുണ്ട്. അതേസമയം എസ്.ഐ.പികളിലും ഹൈബ്രിഡ് വിഭാഗങ്ങളിലും നിക്ഷേപം വര്‍ധിക്കുന്നുണ്ട്. പ്രതിമാസ എസ്.ഐ.പിയില്‍ നിന്നുള്ള നിക്ഷേപം 25,688 കോടിയായി ഉയര്‍ന്നു. മെയ് മാസത്തില്‍ 59,14,788 പുതിയ എസ്.ഐ.പി അക്കൗണ്ടുകളാണ് തുറന്നത്.
ഹൈബ്രിഡ് വിഭാഗത്തില്‍ ആര്‍ബിട്രേജ്, ബി.എ.എഫ്, മള്‍ട്ടി അസറ്റ് ഫണ്ടുകളാണ് കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കുന്നത്. ഹ്രസ്വകാല ഇടിവുകള്‍ക്കിടയിലും സുരക്ഷിതമായ നിക്ഷേപ തന്ത്രങ്ങളിലേക്ക് നിക്ഷേപകര്‍ മാറുന്നതിന്റെ സൂചനയാണിത്. സ്മാള്‍ കാപ്പ് ഫണ്ടുകളില്‍ നിക്ഷേപിക്കുന്നവരുടെ എണ്ണം കുറയുന്നതായും കണക്കുകളില്‍ തെളിയുന്നു. സെക്ടര്‍ ഫണ്ടുകളിലാണ് താല്‍പര്യം വളരുന്നത്. കടപത്രങ്ങളിലെ നിക്ഷേപങ്ങളിലും ഇടിവ് വരുന്നുണ്ടെന്നും ഇക്വിറ്റി ഫണ്ടുകളിലാണ് നിക്ഷേപകര്‍ക്ക് ഇപ്പോഴും കൂടുതല്‍ താല്‍പര്യമെന്നും നിക്ഷേപ രംഗത്തെ വിദഗ്ദനായ ഒംനി സയന്‍സ് കാപ്പിറ്റല്‍ സി.ഇ.ഒ വികാസ് ഗുപ്ത ചൂണ്ടിക്കാട്ടുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine