

ഇന്ത്യൻ മ്യൂച്വൽ ഫണ്ട് വിപണിയിൽ നിന്നും പുറത്തുവരുന്ന ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളിലേക്കുള്ള അറ്റ നിക്ഷേപത്തിൽ (Net Inflows) സെപ്റ്റംബർ മാസത്തിൽ ഗണ്യമായ കുറവുണ്ടായി. ഓഗസ്റ്റ് മാസത്തെ അപേക്ഷിച്ച് 9 ശതമാനത്തിന്റെ ഇടിവാണ് നിക്ഷേപത്തിൽ രേഖപ്പെടുത്തിയത്. ഇത് തുടർച്ചയായ രണ്ടാം മാസമാണ് ഇക്വിറ്റി ഫണ്ടുകളിലെ നിക്ഷേപം കുറയുന്നത്.
അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്സ് ഇൻ ഇന്ത്യ (AMFI) പുറത്തുവിട്ട കണക്കുകൾ അനുസരിച്ച്, സെപ്റ്റംബറിൽ ഇക്വിറ്റി ഫണ്ടുകളിലേക്കുള്ള മൊത്തം അറ്റ നിക്ഷേപം 30,422 കോടി രൂപയായി കുറഞ്ഞു. ഓഹരി വിപണികളിൽ ലാഭമെടുപ്പിനുള്ള അവസരമുണ്ടായതും ആഗോളതലത്തിലെ സാമ്പത്തിക അനിശ്ചിതത്വങ്ങളും നിക്ഷേപകരെ ഒരു പരിധി വരെ ബാധിച്ചു.
എങ്കിലും, മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട മാർഗ്ഗമായ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്റ് പ്ലാൻ (SIP) വഴി റെക്കോർഡ് നിക്ഷേപം തുടർന്നു എന്നത് വിപണിക്ക് ആശ്വാസം നൽകുന്നു. 2025 സെപ്റ്റംബറിലെ SIP നിക്ഷേപങ്ങൾ എക്കാലത്തെയും ഉയർന്ന നിരക്കായ 29,361 കോടി രൂപയിലെത്തി.
സ്വർണ്ണ വിലയിലുണ്ടായ കുതിച്ചുചാട്ടത്തെ തുടര്‍ന്ന് സ്വർണ്ണ ഇടിഎഫുകളിലേക്കുള്ള നിക്ഷേപം 2,189 കോടി രൂപയിൽ നിന്ന് 8,363 കോടി രൂപയായി വൻതോതിൽ ഉയർന്നു.
ഇക്വിറ്റി ഫണ്ടുകളിലെ നിക്ഷേപം കുറഞ്ഞെങ്കിലും ഡെറ്റ് ഫണ്ടുകളിലും മറ്റ് സ്കീമുകളിലും നിക്ഷേപകർ താൽപര്യം പ്രകടിപ്പിച്ചു. വിപണിയിലെ ചാഞ്ചാട്ടങ്ങൾ കാരണം ലാഭമെടുപ്പ് വർധിക്കുമ്പോഴും, എസ്ഐപിയിലൂടെയുള്ള നിക്ഷേപം ശക്തമായി തുടരുന്നത് ദീർഘകാല ലക്ഷ്യങ്ങളോടെയുള്ള റീട്ടെയിൽ നിക്ഷേപകരുടെ വിശ്വാസം ഇപ്പോഴും ശക്തമാണെന്ന് വ്യക്തമാക്കുന്നു. ഈ കുറവ് ഒരു താൽക്കാലിക പ്രതിഭാസം മാത്രമാണെന്നാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്.
Equity mutual fund inflows dip for second month, but record SIP investments show continued investor confidence.
Read DhanamOnline in English
Subscribe to Dhanam Magazine