

ജോലിക്കാരുടെ പ്രധാന സമ്പാദ്യ പദ്ധതിയാണ് ഇപിഎഫ് (EPF). എന്നാല്‍ ഇവയിലെ രേഖകൾ മിക്കവരും കാര്യമായ ഗൗരവത്തില്‍ എടുക്കാറില്ല. ഇപിഎഫില്‍ ജോലിയിൽ പ്രവേശിച്ച തീയതിയോ (Date of Joining) ജോലി ഉപേക്ഷിച്ച തീയതിയോ (Date of Exit) തെറ്റായി രേഖപ്പെടുത്തിയാല്‍, അത് വലിയ സാമ്പത്തിക നഷ്ടങ്ങൾക്കാണ് കാരണമാകുക. കൂടാതെ ആനുകൂല്യങ്ങൾ വൈകുന്നതിനും ഇത് ഇടയാക്കും.
പെൻഷൻ നഷ്ടം: മാസവും പെൻഷൻ ലഭിക്കുന്നതിന് ആവശ്യമായ കുറഞ്ഞ സേവന കാലാവധി 10 വർഷമാണ്. ഇപിഎഫില്‍ നിങ്ങള്‍ ജോലിക്ക് ചേര്‍ന്ന തീയതി തെറ്റായാണ് രേഖപ്പെടുത്തിയത് എങ്കില്‍, ഈ ചെറിയ പിശക് മൂലം നിങ്ങളുടെ സർവീസ് കാലാവധി 10 വർഷത്തിൽ താഴെ എത്തിയാല്‍ ജീവിതകാലം മുഴുവൻ കിട്ടേണ്ട പെൻഷൻ നിങ്ങൾക്ക് ലഭിക്കാത്ത സാഹചര്യം ഉണ്ടായേക്കാം.
പലിശയും ബാലൻസും: നിങ്ങളുടെ സേവന കാലയളവിനെ അടിസ്ഥാനപ്പെടുത്തിയാണ് പിഎഫ് പലിശ കണക്കുകൂട്ടുന്നത്. ജോലിയില്‍ പ്രവേശിച്ച തീയതി തെറ്റായി രേഖപ്പെടുത്തിയാല്‍ നിങ്ങള്‍ക്ക് ലഭിക്കേണ്ട പലിശയും പിഎഫ് ബാലൻസും കുറയാൻ ഇത് ഇടയാക്കും.
ക്ലെയിമിലെ തടസങ്ങൾ: ജോലി മാറുമ്പോള്‍ പിഎഫ് തുക ട്രാൻസ്ഫർ ചെയ്യാനോ പണം പിൻവലിക്കാനോ കൃത്യമായ തീയതികൾ ആവശ്യമാണ്. നേരത്തെ ജോലി ചെയ്തിരുന്ന കമ്പനിയില്‍ എക്സിറ്റ് തീയതി രേഖപ്പെടുത്തിയില്ലെങ്കിൽ ഓൺലൈൻ ട്രാൻസ്ഫർ നടപടികൾ തടസപ്പെടുമെന്ന കാര്യം ശ്രദ്ധിക്കുക.
ഇത്തരം പിശകുകൾ തിരുത്തുന്നത് 2025 ജനുവരി മുതൽ കൂടുതൽ എളുപ്പത്തില്‍ സാധിക്കും. ആധാറുമായി ബന്ധപ്പെടുത്തിയ യുഎഎൻ (UAN) ഉള്ളവർക്ക് മെമ്പർ പോർട്ടലിലെ 'Manage > Mark Exit' എന്ന ടാബ് വഴി സ്വയം തീയതികൾ അപ്‌ഡേറ്റ് ചെയ്യാന്‍ കഴിയും. എന്നാൽ 2017 ന് മുൻപുള്ള പഴയ അംഗങ്ങള്‍ക്ക് തൊഴിലുടമയുടെ സാക്ഷ്യപ്പെടുത്തൽ ആവശ്യമായി വരാനിടയുണ്ട്. ജോലി മാറി രണ്ട് മാസത്തിന് ശേഷം മാത്രമാണ് എക്സിറ്റ് തീയതി അപ്‌ഡേറ്റ് ചെയ്യാൻ സാധിക്കുക.
തൊഴിലുടമയുടെ ഭാഗത്തുനിന്നുണ്ടാകുന്ന വീഴ്ചകളോ ജീവനക്കാരുടെ അശ്രദ്ധയോ ആണ് ഇത്തരം പിശകുകൾ സംഭവിക്കുന്നതിനുള്ള പ്രധാന കാരണങ്ങള്‍. അതുകൊണ്ട് ജോലിയില്‍ നിന്ന് വിരമിക്കുന്ന സമയം വരെ കാത്തിരിക്കാതെ കൃത്യമായ ഇടവേളകളിൽ രേഖകൾ പരിശോധിച്ച് തെറ്റുകൾ തിരുത്തേണ്ടത് ഭാവിയില്‍ പിഎഫ് സംബന്ധമായ നടപടികള്‍ വേഗത്തിലാക്കാന്‍ ജീവനക്കാരെ സഹായിക്കുമെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക.
Read DhanamOnline in English
Subscribe to Dhanam Magazine