

രാജ്യത്തുടനീളം നികുതിദായകർക്ക് ആദായനികുതി നോട്ടീസുകള്‍ ലഭിക്കുന്നതിന്റെ എണ്ണം വർദ്ധിച്ചുവരികയാണ്. ഐടിആർ ഫയൽ ചെയ്യുമ്പോൾ സംഭവിക്കുന്ന ചെറിയ പിഴവുകൾ പോലും സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാകുമെന്ന കാര്യം ശ്രദ്ധിക്കേണ്ടതാണ്. തെറ്റായ ഫോം ഉപയോഗിക്കുക, വരുമാനമോ വിദേശ ആസ്തികളോ റിപ്പോർട്ട് ചെയ്യുന്നതിൽ പിഴവ് സംഭവിക്കുക, കിഴിവുകൾ പെരുപ്പിച്ച് കാണിക്കുക പോലുളള പിശകുകള്‍ നോട്ടീസുകള്‍ ലഭിക്കുന്നതിന് ഇടയാക്കും. 2024-25 സാമ്പത്തിക വർഷത്തെ ഐടിആർ ഫയലിംഗിനുളള അവസാന തീയതി സെപ്റ്റംബർ 15 ആണ്.
സാധാരണയായി നികുതിദായകര്‍ക്ക് സംഭവിക്കാനിടയുളള പിഴവുകളാണ് ഇവിടെ പരിശോധിക്കുന്നത്.
1. തെറ്റായ ഐടിആർ ഫോം തിരഞ്ഞെടുപ്പ്
മൂലധന നേട്ടമോ വാടക വരുമാനമോ ഉണ്ടെങ്കിലും ഐടിആർ-1 പോലുള്ള തെറ്റായ റിട്ടേൺ ഫോം തിരഞ്ഞെടുക്കുന്നത് സാധാരണയായി കണ്ടുവരുന്ന പിശകാണ്. ഇത്തരത്തിലുളള നടപടി ആദായനികുതി നിയമത്തിലെ സെക്ഷൻ 139(9) പ്രകാരം റിട്ടേൺ നോട്ടീസുകൾക്ക് കാരണമാകും.
2. എല്ലാ വരുമാനവും റിപ്പോർട്ട് ചെയ്യുന്നതിൽ പരാജയപ്പെടുക
ചിലപ്പോൾ സേവിംഗ്സ്, ഫിക്സഡ് ഡെപ്പോസിറ്റുകൾ, വാടക, ക്രിപ്‌റ്റോകറൻസികൾ, വിദേശ ആസ്തികൾ എന്നിവയിൽ നിന്നുള്ള വരുമാനം ഉൾപ്പെടുത്താതെ ആദായ നികുതി ഫയലിംഗ് നടത്താനുളള സാധ്യതകള്‍ ഉണ്ട്. ഇത് ഫോം 26AS, AIS എന്നിവയിൽ പൊരുത്തക്കേടുകൾക്കും പിശകുകൾക്കും കാരണമാകും. തുടര്‍ന്ന് സൂക്ഷ്മപരിശോധനയ്ക്കും ചിലപ്പോള്‍ ഫയലിംഗ് നിരസിക്കുന്നതിനും വരെ കാരണമാകും.
3. ടിഡിഎസ് റിപ്പോർട്ടിംഗിലെ പൊരുത്തക്കേടുകൾ
ഫോം 26AS ലെ യഥാർത്ഥ കണക്കുകളും റിട്ടേണുകളിൽ ക്ലെയിം ചെയ്ത TDS ഉം തമ്മിലുള്ള വ്യത്യാസങ്ങളും നികുതി നോട്ടീസുകൾക്ക് കാരണമാകും. കണ്ടെത്തിയ പൊരുത്തക്കേടുകളുടെ അറിയിപ്പായി ആദായനികുതി നിയമത്തിലെ സെക്ഷൻ 143(1) പ്രകാരമാണ് നികുതിദായകര്‍ക്ക് നോട്ടീസുകൾ ലഭിക്കുന്നത്.
4. അടിസ്ഥാനരഹിതമായ കിഴിവുകൾ അവകാശപ്പെടുന്നത്
സെക്ഷൻ 80C, 80D അല്ലെങ്കിൽ HRA പ്രകാരം നിങ്ങൾ തെറ്റായതോ അടിസ്ഥാനരഹിതമായതോ ആയ ക്ലെയിമുകൾ അവകാശപ്പെടുന്നത് അധികൃതരുടെ സൂക്ഷ്മപരിശോധനയ്ക്ക് ഇടയാക്കും. തെളിവുകളുടെ അഭാവം കാര്യങ്ങൾ കൂടുതൽ സങ്കീർണമാക്കും. ഇത് നോട്ടീസുകൾ, പിഴകൾ എന്നിവയിലേക്ക് നയിക്കുന്നതാണ്.
5. ഉയർന്ന മൂല്യമുള്ള ഇടപാടുകൾ അല്ലെങ്കിൽ വരുമാനത്തിൽ പെട്ടെന്നുള്ള ഇടിവ്
വലിയ അളവിൽ ഫണ്ട് നിക്ഷേപിക്കുകയോ വരുമാനത്തിൽ വർഷം തോറും ഗണ്യമായ കുറവ് വരുകയോ ചെയ്യുന്നത് ഓട്ടോമേറ്റഡ് പരിശോധനകൾക്കും സൂക്ഷ്മപരിശോധനയ്ക്കും കാരണമാകും. സാങ്കേതിക വിദ്യാധിഷ്ഠിതമായി ഡാറ്റാ അനലിറ്റിക്സ് ഉപയോഗിച്ചുളള പരിശോധനകള്‍ ആദായ നികുതി വകുപ്പ് വേഗത്തില്‍ നടപ്പാക്കുന്നതിനാല്‍ ഇത്തരത്തിലുളള പരിശോധനകള്‍ക്ക് സാധ്യത കൂടുതലാണ്.
6. രേഖകള്‍ സമര്‍പ്പിക്കാതിരിക്കുക
ബാങ്ക് പലിശ സർട്ടിഫിക്കറ്റുകൾ, വാടക രസീതുകൾ, മ്യൂച്വൽ ഫണ്ട് സ്റ്റേറ്റ്‌മെന്റുകൾ, മൂലധന നേട്ട സ്റ്റേറ്റ്‌മെന്റുകൾ, ഡിവിഡന്റ് സ്റ്റേറ്റ്‌മെന്റുകൾ തുടങ്ങിയ പ്രധാനപ്പെട്ട രേഖകൾ സമർപ്പിക്കാതിരിക്കുകയോ നിശ്ചിത സമയത്തിനുള്ളിൽ ഇ-വെരിഫൈ ചെയ്യുന്നതിൽ പരാജയപ്പെടുകയോ ചെയ്യുന്നതു വഴി നിങ്ങളുടെ റിട്ടേൺ അസാധുവാകുകയോ വികലമാകുകയോ ചെയ്‌തേക്കാം.
7. ആദായ നികുതി പോർട്ടൽ അറിയിപ്പുകളും സമയപരിധിയും അവഗണിക്കൽ
എല്ലാ ആദായനികുതി നോട്ടീസുകൾക്കും നിശ്ചിത സമയത്തിനുള്ളിൽ മറുപടി നൽകണമെന്ന കാര്യം വളരെ പ്രധാനപ്പെട്ടതാണ്. സംശയങ്ങളുണ്ടെങ്കിൽ പ്രൊഫഷണൽ ഉപദേശം സ്വീകരിക്കാവുന്നതാണ്. സെക്ഷൻ 142(1), 143(2), 148 പ്രകാരമുള്ള നോട്ടീസുകൾക്ക് വേഗത്തില്‍ മറുപടി നൽകാതിരിക്കുന്നത് ചെറിയ തെറ്റുകളും പിശകുകളും പൂർണമായ പുനർമൂല്യനിർണയത്തിലേക്ക് നയിച്ചേക്കാം.
വരുമാന സ്രോതസുകളെ അടിസ്ഥാനമാക്കി ശരിയായ ഐടിആർ ഫോം തിരഞ്ഞെടുക്കുന്നുണ്ടെന്ന് ഉറപ്പാക്കുക, ഫയൽ ചെയ്യുന്നതിന് മുമ്പ് AIS, ഫോം 26AS, ഫോം 16 എന്നിവയിലെ വിവരങ്ങള്‍ ശ്രദ്ധാപൂർവം പരിശോധിക്കുക, ഇ-ഫയലിംഗ് പോർട്ടൽ വഴിയോ ഒരു പ്രൊഫഷണൽ നികുതി ഉപദേഷ്ടാവ് വഴിയോ എല്ലാ നോട്ടീസുകൾക്കും മറുപടി നൽകുക തുടങ്ങിയ കാര്യങ്ങളില്‍ നികുതിദായകര്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടത് അത്യാവശ്യമാണ്.
Common errors made by taxpayers in filing Income Tax Returns for the 2024-25 financial year, including incorrect forms, reporting income errors, and missing documentation.
Read DhanamOnline in English
Subscribe to Dhanam Magazine