

ശക്തമായ ക്രെഡിറ്റ് പ്രൊഫൈൽ നിർമ്മിക്കുന്നതിന് നിങ്ങൾ നല്ല ക്രെഡിറ്റ് ശീലങ്ങൾ വളർത്തിയെടുക്കേണ്ടത് അത്യാവശ്യമാണ്. വായ്പകളിലേക്കും ക്രെഡിറ്റ് കാർഡുകളിലേക്കും അനായാസ പ്രവേശനം സാധ്യമാക്കുന്നതാണ് മികച്ച ക്രെഡിറ്റ് സ്കോറും പ്രൊഫൈലും. സ്വപ്നഭവനം സ്വന്തമാക്കാന്‍ ഭവനവായ്പയും എപ്പോഴും ആഗ്രഹിക്കുന്ന കാർ വാങ്ങാൻ കാർ ലോണും ഉപയോക്താക്കളെ സഹായിക്കും. നല്ല ക്രെഡിറ്റ് സ്കോർ ഉള്ള വ്യക്തികൾക്ക് വായ്പകളും ക്രെഡിറ്റ് കാർഡുകളും നൽകാൻ ബാങ്കുകൾ താല്‍പ്പര്യം പ്രകടിപ്പിക്കുന്നു.
സാസാധാരണയായി, വായ്പകളും ക്രെഡിറ്റ് കാർഡുകളും നൽകുന്നതിന് 750 ഉം അതിൽ കൂടുതലുമുള്ള ക്രെഡിറ്റ് സ്കോർ നല്ല സ്കോറായി ബാങ്കുകൾ കണക്കാക്കുന്നു. കുറഞ്ഞ ക്രെഡിറ്റ് സ്കോർ ഉള്ള വ്യക്തികളിൽ നിന്നുള്ള അപേക്ഷകൾ പരിഗണിക്കുന്നതിന് ധനകാര്യ സ്ഥാപനങ്ങള്‍ പ്രത്യേക നിബന്ധനകൾ ആവശ്യപ്പെട്ടേക്കാം. സഹ-അപേക്ഷകൻ, ഗ്യാരണ്ടർ, കൊളാറ്ററൽ മുതലായവ ഈ വ്യവസ്ഥകളിൽപ്പെടുന്നു.
നല്ല ക്രെഡിറ്റ് സ്കോർ കെട്ടിപ്പടുക്കുന്നതിനും നിലനിർത്തുന്നതിനും സ്വീകരിക്കാവുന്ന ക്രെഡിറ്റ് ശീലങ്ങളാണ് ഇവിടെ പരിശോധിക്കുന്നത്.
എല്ലായ്പ്പോഴും കുടിശ്ശികകൾ കൃത്യസമയത്ത് അടയ്ക്കുക: മുഴുവൻ പ്രതിമാസ ക്രെഡിറ്റ് കാർഡ് ബില്ലും നിശ്ചിത തീയതിക്ക് മുമ്പ് അടയ്ക്കുന്നത് ഒരു ശീലമാക്കുക. ബാങ്കുകൾ ഉപയോക്താക്കളെ ഏറ്റവും കുറഞ്ഞ തുക (Minimum amount due, MAD) മാത്രം അടയ്ക്കാനും ബാക്കി തുക അടുത്ത ബില്ലിംഗ് സൈക്കിളിലേക്ക് കൊണ്ടുപോകാനും അനുവദിക്കുന്നു. ക്രെഡിറ്റ് കാർഡ് ബാലൻസ് അടുത്ത മാസത്തേക്ക് കൊണ്ടുപോകുന്നതിന് ബാങ്കുകള്‍ പലിശ ഈടാക്കും. 3 ശതമാനം മുതൽ 3.50 ശതമാനം വരെ പ്രതിമാസ പലിശയാണ് സാധാരണ ഈടാക്കുക. ഇത് ഒഴിവാക്കാന്‍ ശ്രമിക്കുന്നത് നല്ലതാണ്.
ക്രെഡിറ്റ് ഉപയോഗ അനുപാതം കുറഞ്ഞ നിലയിൽ നിലനിർത്തുക: നിങ്ങളുടെ ക്രെഡിറ്റ് കാർഡിലെ ക്രെഡിറ്റ് പരിധി ഒരു ലക്ഷം രൂപയാണെന്നും മാസത്തിൽ 75,000 രൂപ ഉപയോഗിക്കുന്നുണ്ടെന്നും കരുതുക. എന്നാല്‍ നിങ്ങളുടെ ക്രെഡിറ്റ് ഉപയോഗ അനുപാതം 75 ശതമാനമാണെന്ന് പറയാം. 30 ശതമാനം അല്ലെങ്കിൽ അതിൽ താഴെയുള്ള ക്രെഡിറ്റ് ഉപയോഗ അനുപാതം ക്രെഡിറ്റ് സ്കോറിൽ പോസിറ്റീവ് സംഭാവന നൽകുന്നു. 30 ശതമാനത്തില്‍ കൂടുതലുള്ള ക്രെഡിറ്റ് ഉപയോഗ അനുപാതം ക്രെഡിറ്റ് സ്കോറിനെ പ്രതികൂലമായി ബാധിക്കും. ക്രെഡിറ്റ് പരിധിയുടെ എത്ര ശതമാനം ഉപയോഗിച്ചുവെന്ന് എല്ലാ മാസവും പരിശോധിക്കുന്നത് ക്രെഡിറ്റ് ഉപയോഗ അനുപാതം നിയന്ത്രിക്കുന്നതിന് സഹായകരമാണ്.
വായ്പകളുടെ മിശ്രിതം ഉണ്ടായിരിക്കുക: CRIF ഹൈ മാർക്ക് അടക്കമുളള ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനികൾ ക്രെഡിറ്റ് സ്കോർ കണക്കാക്കുമ്പോൾ ക്രെഡിറ്റ് മിശ്രിതം പരിഗണിക്കുന്നു. സെക്യുവേർഡ് വായ്പകളുടെയും (ഭവന വായ്പ, വാഹന വായ്പ പോലുളളവ) അൺസെക്യുവേർഡ് വായ്പകളുടെയും (ക്രെഡിറ്റ് കാർഡ്, വ്യക്തിഗത വായ്പ പോലുളളവ) ബാലൻസിന് വ്യക്തിയുടെ ക്രെഡിറ്റ് സ്കോർ കണക്കാക്കുമ്പോള്‍ വലിയ പരിഗണന ലഭിക്കുന്നു.
ക്രെഡിറ്റ് റിപ്പോർട്ട് പതിവായി നിരീക്ഷിക്കുക: ക്രെഡിറ്റ് റിപ്പോർട്ടിൽ എന്തെങ്കിലും പിശകുകൾ ഉണ്ടോ എന്ന് തിരിച്ചറിയാൻ ഇത് സഹായിക്കും. നിങ്ങൾ അപേക്ഷിക്കാത്ത ഒരു ലോൺ അല്ലെങ്കില്‍ ക്രെഡിറ്റ് കാർഡ് റിപ്പോര്‍ട്ടില്‍ ചേര്‍ത്തിട്ടുണ്ടെങ്കില്‍, തട്ടിപ്പ് തിരിച്ചറിയാന്‍ നിശ്ചിത ഇടവേളകളില്‍ റിപ്പോര്‍ട്ട് പരിശോധിക്കുന്നത് സഹായിക്കും. എല്ലാ ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനികൾ ഉപയോക്താകൾക്ക് വർഷവും സമ്പൂർണ്ണ ക്രെഡിറ്റ് റിപ്പോർട്ടിലേക്ക് സൗജന്യ ആക്‌സസ് നൽകണമെന്നാണ് ആർബിഐ നിർദ്ദേശമുളളത്. പതിവ് നിരീക്ഷണം ക്രെഡിറ്റ് റിപ്പോർട്ടിൽ പിശകുകൾ, കൃത്യതയില്ലായ്മകൾ മുതലായവ ഇല്ലെന്ന് ഉറപ്പാക്കുന്നു.
Essential credit habits to build and maintain a strong credit score for loans and credit card eligibility.
Read DhanamOnline in English
Subscribe to Dhanam Magazine