

ആഗോള സംഘർഷങ്ങളുടെ പശ്ചാത്തലത്തിലും വിവിധ പ്രതികൂല ഘടകങ്ങളുടെ സ്വാധീനത്താലും ഇക്വിറ്റി, കമ്മോഡിറ്റി വിപണികളിൽ ചാഞ്ചാട്ടം പ്രകടമാണ്. പലിശ നിരക്ക് മുൻ വർഷത്തേക്കാൾ താഴ്ന്ന നിലയിലാണെങ്കിലും വിപണിയിൽ ചാഞ്ചാട്ടം പിടിമുറുക്കിയ സാഹചര്യത്തിൽ ബോണ്ടും കടപ്പത്രവും പോലെ സ്ഥിരവരുമാനം നൽകുന്ന നിക്ഷേപ മാർഗങ്ങളെയാണോ ഇനി പരിഗണിക്കേണ്ടതെന്ന സംശയം സാധാരണക്കാരായ നിക്ഷേപകർക്കിടയിലുണ്ട്.
പണത്തെ വളർത്താൻ ഓഹരിയും കൈവശമുള്ള പണം സൂക്ഷിക്കുന്നതിനായി കടപ്പത്രങ്ങളും അനിശ്ചിതാവസ്ഥയുടെ കാലത്ത് നിക്ഷേപം സുരക്ഷിതമാക്കാൻ സ്വർണവും എന്ന രീതിയിൽ പോർട്ട്ഫോളിയോ തയ്യാറാക്കാനാണ് പൊതുവേയുള്ള ഉപദേശം. എന്നാൽ നിലവിലെ വിപണി സാഹചര്യത്തിൽ ഏതൊക്കെ അസറ്റുകളിൽ എത്രത്തോളം വീതം നിക്ഷേപിക്കണം എന്നത് മിക്കവരെയും കുഴപ്പിക്കുന്നു.
മാതൃക പോർട്ട്ഫോളിയോ നിർമിക്കുന്നതിന് മുന്നോടിയായി ശ്രദ്ധിക്കേണ്ട മൂന്ന് കാര്യങ്ങൾ ഇവയാണ്. ഒരു അസറ്റിൽ മാത്രമായി മുഴുവൻ പണവും നിക്ഷേപരിക്കരുത് — റിസ്ക് കുറയ്ക്കുന്നതിന് വൈവിധ്യവത്കരണം (Diversification) നിർബന്ധം. അതുപോലെ ഓഹരി + കടപ്പത്രം + സ്വർണം എന്നിങ്ങനെ മൂന്ന് പ്രധാന അസറ്റ് വിഭാഗങ്ങളിലും സമതുലിതമായി വേണം നിക്ഷേപിക്കേണ്ടത്. ഇതിൽ നിങ്ങളുടെ സാമ്പത്തിക ലക്ഷ്യവും റിസ്ക് കൈകാര്യം ചെയ്യാനുള്ള ശേഷിയും നിക്ഷേപം വളരാൻ അനുവദിക്കാവുന്ന കാലയളവും അടിസ്ഥാനമാക്കിയാകണം നിക്ഷേപ വിഹിതം തീരുമാനിക്കേണ്ടത്.
നിക്ഷേപം സമതുലിതമായി വിന്യസിക്കുന്നതിന് പരിഗണന നൽകുക. ഇതിനായി വിവിധ അസറ്റുകളിൽ നിക്ഷേപം തെരഞ്ഞെടുക്കുക. ഇതിൽ മൊത്തം തുകയുടെ 50-60 ശതമാനം ഓഹരികളിലും 20-30 ശതമാനം കടപ്പത്രങ്ങളിലും 10-20 ശതമാനം സ്വർണത്തിലും നിക്ഷേപം പരിഗണിക്കാം. അതായത്, ഓഹരിയിൽ നിന്നും ദീർഘകാലയളവിലെ നേട്ടമാണ് പ്രതീക്ഷിക്കുന്നത്. വിപണിയിലെ ചാഞ്ചാട്ടവും ലിക്വിഡിറ്റി ഉറപ്പാക്കാനുമാണ് കടപ്പത്രങ്ങൾ പരിഗണിക്കുന്നത്. വിപണിയിലെ തിരിച്ചടിയിൽ നിന്നുള്ള രക്ഷാകവചമായാണ് സ്വർണത്തെ പരിഗണിക്കുന്നത്. എന്നിരുന്നാലും നിക്ഷേപകരുടെ റിസ്ക് എടുക്കാനുള്ള ശേഷി (Risk Tolerance), സാമ്പത്തിക ലക്ഷ്യം എന്നിവ അടിസ്ഥാനമാക്കിയാകും നിക്ഷേപ വിന്യാസത്തിൽ അന്തിമ തീരുമാനമെടുക്കുക.
അതേസമയം എല്ലാവർക്കും ഒരുപോലെ ഇണങ്ങുന്ന ഉത്തരമില്ല എന്നതാണ് വാസ്തവം. നിക്ഷേപത്തിന് വളരെ ദീർഘമായ കാലയളവ് (5 വർഷത്തിന് മുകളിൽ) അനുവദിക്കാൻ കഴിയുന്നവരെങ്കിൽ കൂടുതൽ വിഹിതം ഓഹരിക്കായി മാറ്റിവെക്കുക. മറുവശത്ത് കുറഞ്ഞ സമയം (3 വർഷത്തിൽ താഴെ) മാത്രമാണ് നീക്കിവെക്കാനുള്ളതെങ്കിൽ കടപ്പത്രം പോലെയുള്ള സ്ഥിരവരുമാനം നൽകുന്ന നിക്ഷേപങ്ങൾക്കാകും കൂടുതൽ പരിഗണന നൽകേണ്ടത്. പോർട്ട്ഫോളിയോ വൈവിധ്യവത്കരണത്തിനായി 10 ശതമാനം സ്വർണത്തിലേക്കും നീക്കിവെക്കാം.
Disclaimer: ഈ ലേഖനം പഠനാവശ്യാർത്ഥം നൽകുന്നതാണ്. ഇത് എന്തെങ്കിലും നിക്ഷേപം നടത്തുന്നതിനായോ വിൽക്കുന്നതിനോ ഉള്ള ഉപദേശമോ ശുപാർശയോ അല്ല. ഓഹരി വിപണിയിലെ നിക്ഷേപം ലാഭനഷ്ട സാധ്യതകൾക്ക് വിധേയമാണ്. വായനക്കാർ നിക്ഷേപ സംബന്ധമായ തീരുമാനം എടുക്കുന്നതിന് മുമ്പ് സെബി (SEBI) അംഗീകൃത സാമ്പത്തിക വിദഗ്ധരിൽ നിന്നും മാർഗനിർദേശം തേടുകയോ അല്ലെങ്കിൽ വിപണിയെ കുറിച്ച് സ്വന്തം നിലയിൽ കൂടുതൽ പഠിക്കുകയോ ചെയ്യണം.
Read DhanamOnline in English
Subscribe to Dhanam Magazine