

വാഹന ഉടമകൾ എപ്പോഴും ശ്രദ്ധിക്കേണ്ട ഒന്നാണ് മോട്ടോർ ഇൻഷുറൻസ് കൃത്യസമയത്ത് പുതുക്കുക എന്നത്. എന്നാൽ പലപ്പോഴും തിരക്കുകൾക്കിടയിൽ ഈ തീയതി നമ്മൾ മറന്നുപോയേക്കാം. മോട്ടോർ ഇൻഷുറൻസ് പുതുക്കാൻ വൈകിയാൽ നേരിടേണ്ടി വരുന്ന പ്രധാന പ്രത്യാഘാതങ്ങൾ താഴെ പറയുന്നവയാണ്:
പരിരക്ഷ ഇല്ലാതാകുന്നു (No Coverage): ഇൻഷുറൻസ് പുതുക്കേണ്ട തീയതി കഴിഞ്ഞാൽ, ഒരൊറ്റ ദിവസം പോലും വാഹനത്തിന് ഇൻഷുറൻസ് പരിരക്ഷ ലഭിക്കില്ല. ഈ കാലയളവിൽ അപകടം സംഭവിച്ചാൽ ഉണ്ടാകുന്ന സാമ്പത്തിക ബാധ്യതകൾ പൂർണമായും ഉടമ തന്നെ വഹിക്കേണ്ടി വരും. പോളിസി പുതുക്കൽ പ്രക്രിയയിലാണെന്ന കാരണത്താൽ ഇൻഷുറൻസ് പരിരക്ഷ തുടരുമെന്ന് വാഹന ഉടമകൾ കരുതരുത്.
വാഹന പരിശോധന (Vehicle Inspection): ഇൻഷുറൻസ് കാലാവധി കഴിഞ്ഞാൽ പുതിയ പോളിസി നൽകുന്നതിന് മുൻപ് കമ്പനികൾ വാഹനം നേരിട്ട് പരിശോധിച്ച് ഉറപ്പുവരുത്തും. ഇൻസ്പെക്ഷൻ പൂർത്തിയായി പുതിയ പോളിസി നിലവിൽ വരുന്നത് വരെ വാഹനത്തിന് യാതൊരു സുരക്ഷയുമുണ്ടാകില്ല. ഈ ഘട്ടത്തിൽ വാലിഡ് ആയ പി.യു.സി (PUC, Pollution Under Control) സർട്ടിഫിക്കറ്റ് ഉണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ട്.
നോ ക്ലെയിം ബോണസ് (NCB) നഷ്ടപ്പെടുന്നു: മുൻവർഷങ്ങളിൽ ക്ലെയിം ഒന്നും ചെയ്യാത്തതിന് ലഭിക്കുന്ന 20 മുതൽ 50 ശതമാനം വരെയുള്ള 'നോ ക്ലെയിം ബോണസ്' (NCB) ആനുകൂല്യം നഷ്ടപ്പെടാൻ ഇത് കാരണമാകും. എന്നാൽ പോളിസി കാലാവധി കഴിഞ്ഞ് 90 ദിവസത്തിനകം പുതുക്കുകയാണെങ്കിൽ ഈ ആനുകൂല്യം നഷ്ടപ്പെടില്ലെന്ന് ഐ.ആർ.ഡി.എ.ഐ (IRDAI) വ്യക്തമാക്കുന്നു. ഈ ആനുകൂല്യം വാഹനത്തിനല്ല, മറിച്ച് പോളിസി ഉടമയ്ക്കാണ് ലഭിക്കുന്നത് എന്നതിനാൽ മറ്റൊരു ഇൻഷുറർ കമ്പനിയിലേക്ക് മാറുമ്പോഴും ഇത് ട്രാൻസ്ഫർ ചെയ്യാൻ സാധിക്കും.
ഇൻഷുറൻസ് ഇല്ലാതെ, പ്രത്യേകിച്ച് തേർഡ് പാർട്ടി പരിരക്ഷയില്ലാതെ വാഹനം ഓടിക്കുന്നത് വലിയ നിയമപരവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങളിലേക്ക് നയിക്കും. മോട്ടോർ ഇൻഷുറൻസിന് പ്രത്യേക ഗ്രേസ് പിരീഡ് (Grace Period) ഇല്ല. അതിനാൽ പോളിസി കാലാവധി തീരുന്നതിന് 60 ദിവസം മുൻപ് തന്നെ പുതുക്കൽ നടപടികൾ ആരംഭിക്കാൻ ഐ.ആർ.ഡി.എ.ഐ നിർദ്ദേശിക്കുന്നു. പോളിസി കാലഹരണപ്പെട്ടാൽ ഉടൻ തന്നെ ഇൻഷുറൻസ് കമ്പനിയുമായി ബന്ധപ്പെട്ട് പരിശോധനകൾ പൂർത്തിയാക്കി പുതിയ പോളിസി ആക്ടീവ് ആക്കുകയാണ് ചെയ്യേണ്ടത്.
Read DhanamOnline in English
Subscribe to Dhanam Magazine