

2024 മാർച്ച് 31 വരെ സെൻട്രലൈസ്ഡ് പ്രോസസിംഗ് സെന്റർ (CPC) തെറ്റായി നിരസിച്ച ആദായ നികുതി റിട്ടേണുകളുടെ (ITR) സമയപരിധിയിൽ ഇളവ് വരുത്തുന്നതായി കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് (CBDT) വ്യക്തമാക്കി. വ്യത്യസ്ത മൂല്യനിർണയ വർഷങ്ങളിലെ റിട്ടേണുകൾ പ്രോസസ് ചെയ്യുമ്പോൾ സാങ്കേതിക കാരണങ്ങളാൽ തെറ്റായി അസാധുവായി കണക്കാക്കപ്പെടുന്ന ഫയലിംഗുകൾ കൂടി ഉൾക്കൊള്ളിക്കുന്നതിന് വേണ്ടിയാണ് നടപടി.
ബെംഗളൂരുവിലെ സെൻട്രലൈസ്ഡ് പ്രോസസ്സിംഗ് സെന്ററിൽ ഇതുസംബന്ധിച്ച് നിരവധി നികുതിദായകർ പരാതികൾ സമർപ്പിച്ചിരുന്നു. ആദായനികുതി റിട്ടേണുകൾ പ്രോസസ് ചെയ്യുന്നതിനായി ഐടി ആക്ടിലെ സെക്ഷൻ 143(1) പ്രകാരം ബന്ധപ്പെട്ട നികുതിദായകർക്ക് 2026 മാർച്ച് 31 നകം ആദായനികുതി വകുപ്പ് ഔദ്യോഗികമായി അറിയിപ്പ് അയയ്ക്കുന്നതാണ്. റിട്ടേണുകൾ പ്രോസസ് ചെയ്ത ശേഷം, ബാധകമായ കേസുകളില്‍ ആദായനികുതി വകുപ്പ് പലിശയോടെ റീഫണ്ട് നൽകും. അതേസമയം നികുതിദായകരുടെ പാൻ കാർഡ് അവരുടെ ആധാർ നമ്പറുമായി ബന്ധിപ്പിച്ചിട്ടില്ലെങ്കിൽ, പൂർണമായോ ഭാഗികമായോ റീഫണ്ടുകൾ നൽകില്ല.
2024-25 സാമ്പത്തിക വർഷത്തേക്കുള്ള (2025-26 അസസ്‌മെന്റ് വർഷം) ആദായനികുതി റിട്ടേണുകൾ സമർപ്പിക്കാൻ നികുതിദായകർ ഇപ്പോൾ തയ്യാറെടുക്കുകയാണ്. ഫയലിംഗ് സമയപരിധി 2025 സെപ്റ്റംബർ 15 വരെ ആദായനികുതി വകുപ്പ് നീട്ടിയിട്ടുണ്ട്.
പാൻ കാർഡ്, ആധാർ കാർഡ്, ബാങ്ക് പാസ്ബുക്ക്, നികുതി കിഴിവ് സർട്ടിഫിക്കറ്റുകൾ, വാർഷിക വിവര പ്രസ്താവന (Annual Information Statement, AIS), നികുതിദായക വിവര സംഗ്രഹം (Taxpayer Information Summary, TIS), നിക്ഷേപ തെളിവുകളും കിഴിവുകളും, മൂലധന നേട്ടങ്ങളുടെയും ആസ്തികളുടെയും രേഖകള്‍, വിദേശ വരുമാനത്തിന്റെയും ആസ്തികളുടെയും രേഖകൾ, മുൻകാല നികുതി റിട്ടേണുകളുടെയും ഓഡിറ്റ് റിപ്പോർട്ടുകളുടെയും രേഖകൾ തുടങ്ങിയവയാണ് ആദായനികുതി റിട്ടേണുകൾ സമർപ്പിക്കുന്നതിന് മുമ്പ് നികുതിദായകര്‍ കൈയില്‍ കരുതേണ്ട രേഖകൾ.
CBDT extends deadline for wrongly rejected ITRs by CPC to address taxpayer grievances.
Read DhanamOnline in English
Subscribe to Dhanam Magazine