

ഓഹരി വിപണിയിലും മ്യൂച്വൽ ഫണ്ടുകളിലുമുള്ള നിക്ഷേപകരുടെ പങ്കാളിത്തം ഇന്ത്യയിൽ വർദ്ധിച്ചുവരുന്നതിനൊപ്പം, ഉറപ്പുള്ള ലാഭം വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തുന്ന വ്യാജ ആപ്പുകളും സോഷ്യൽ മീഡിയ ഗ്രൂപ്പുകളും വ്യാപകമാകുന്നുണ്ട്. വാട്ട്സ്ആപ്പ്, ടെലിഗ്രാം ഗ്രൂപ്പുകളിലൂടെ വ്യാജ പ്രോഫിറ്റ് സ്‌ക്രീൻഷോട്ടുകളും കൃത്രിമ വിജയകഥകളും വിദഗ്ധരെന്ന വ്യാജേനയുള്ള ഉപദേശങ്ങളും (ആസ്ട്രോടർഫിംഗ്- fake experts, fabricated track records/profit screenshots) ഉപയോഗിച്ച് വിശ്വാസം സൃഷ്ടിച്ച ശേഷമാണ് ഇരകളെ വ്യാജ ട്രേഡിംഗ് ആപ്പുകളിലേക്ക് വഴിതിരിച്ചുവിടുന്നത്. നിക്ഷേപകരെ ഓൺലൈനിൽ കബളിപ്പിക്കാന്‍ തട്ടിപ്പുകാർ പുതിയ വഴികളാണ് ദിവസവും നടത്തുന്നത്. ഇതിനെതിരെ വിപണി നിയന്ത്രണ ഏജൻസിയായ സെബി (SEBI) നിക്ഷേപകർക്ക് മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
വ്യാജ ആപ്പുകളിലോ വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലോ കുടുങ്ങി പണം നഷ്ടപ്പെടുകയാണെങ്കിൽ, പെട്ടെന്നുള്ള ഇടപെടലുകളിലൂടെ പണം തിരികെ ലഭിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കാൻ സാധിക്കും:
ബാങ്കിനെ ബന്ധപ്പെടുക: പണം നഷ്ടപ്പെട്ട വിവരം ഉടൻ തന്നെ നിങ്ങളുടെ ബാങ്കിനെയോ പേയ്‌മെന്റ് പ്രൊവൈഡറെയോ അറിയിക്കുക.
ഹെൽപ്പ് ലൈനിൽ വിളിക്കുക: ദേശീയ സൈബർ ക്രൈം ഹെൽപ്പ് ലൈൻ നമ്പറായ 1930-ൽ ഉടൻ ബന്ധപ്പെടുക.
പരാതി രജിസ്റ്റർ ചെയ്യുക: നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടലിൽ (National Cyber Crime Reporting Portal) വിവരങ്ങൾ നൽകി പരാതി രജിസ്റ്റർ ചെയ്യുക.
കൃത്യസമയത്ത് റിപ്പോർട്ട് ചെയ്യുന്നത് തട്ടിപ്പുകാർ പണം പിൻവലിക്കുന്നതിനോ മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റുന്നതിനോ മുൻപ് തുക ബ്ലോക്ക് ചെയ്യാനും ട്രാക്ക് ചെയ്യാനും സഹായിക്കും; എങ്കിലും പണം തിരികെ ലഭിക്കുമെന്ന് പൂർണ ഉറപ്പില്ല.
ഗ്യാരണ്ടീഡ് റിട്ടേൺ വാഗ്ദാനങ്ങൾ തള്ളിക്കളയുക: വിപണി നിക്ഷേപങ്ങളിൽ ഗ്യാരണ്ടി/ഉറപ്പുള്ള റിട്ടേൺ വാഗ്ദാനം ചെയ്യുന്നവരെ സംശയത്തോടെ സമീപിക്കണമെന്ന് SEBI മുന്നറിയിപ്പ് നൽകുന്നു.
വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലെ ഉപദേശങ്ങൾ ഒഴിവാക്കുക: സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ പ്രചരിക്കുന്ന സംശയാസ്പദമായ ലിങ്കുകളിലും സ്റ്റോക്ക് ടിപ്പുകളിലും വീഴാതിരിക്കുക.
സെബി രജിസ്‌ട്രേഷൻ പരിശോധിക്കുക: സെബിയിൽ രജിസ്റ്റർ ചെയ്ത അംഗീകൃത ഉപദേശകരിൽ നിന്നും ഇന്റര്‍മീഡിയറികളിൽ നിന്നും മാത്രം നിക്ഷേപ ഉപദേശങ്ങൾ സ്വീകരിക്കുക.
ലളിതമായ മുൻകരുതലുകളും പെട്ടെന്നുള്ള നടപടികളും സാമ്പത്തിക തട്ടിപ്പുകളിൽ നിന്ന് സുരക്ഷിതരായിരിക്കാൻ സഹായിക്കുമെന്ന കാര്യം ഓര്‍ക്കുക.
Read DhanamOnline in English
Subscribe to Dhanam Magazine