ഗൾഫിൽ നിന്ന് മടങ്ങിയ പ്രവാസിയാണോ? ഇപ്പോൾ FAST-DS വഴി വിദേശ ആസ്തികൾ വെളിപ്പെടുത്താം; എന്തുകൊണ്ട് ഈ അവസരം പ്രയോജനപ്പെടുത്തണം?

വിദേശത്ത് നേടിയ ആസ്തികളും വരുമാനവും മുൻപ് വെളിപ്പെടുത്താത്ത യോഗ്യരായ പ്രവാസി നികുതിദായകർക്ക് FAST-DS 2026 വഴി അവ വെളിപ്പെടുത്താൻ അവസരം; പദ്ധതി ഡിസംബർ 31 വരെ ലഭ്യമാണ്
FAST-DS 2026 NRI Tax Details
പ്രതീകാത്മക ചിത്രംImage Source: Gemini/ Logo: incometax.gov.in
Published on

ഗൾഫ് ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ ജോലി ചെയ്ത് മടങ്ങിയെത്തിയ പ്രവാസികൾ വിദേശത്ത് നേടിയ നിക്ഷേപങ്ങളും ആസ്തികളും വെളിപ്പെടുത്താൻ കേന്ദ്ര സർക്കാർ 'ഫോറിൻ അസറ്റ്സ് ഓഫ് സ്മോൾ ടാക്സ് പേയേഴ്സ് - ഡിസ്ക്ലോഷർ സ്കീം' (FAST-DS, 2026) പദ്ധതി പ്രഖ്യാപിച്ചു. 2026 ഓഗസ്റ്റ് 16 മുതൽ ഡിസംബർ 31 വരെയാണ് ഈ അവസരം ലഭ്യമാകുക.

വിദേശത്തെ ബാങ്ക് അക്കൗണ്ടുകൾ, നിക്ഷേപങ്ങൾ, ഓഹരികൾ, സ്വത്തുക്കൾ തുടങ്ങിയവ മുൻപ് ആദായ നികുതി റിട്ടേണിൽ (ITR) വെളിപ്പെടുത്താൻ വിട്ടുപോയിട്ടുണ്ടെങ്കിൽ, FAST-DS പദ്ധതി മുഖേന നിയമപരമായ നടപടികൾ ക്രമപ്പെടുത്താമെന്ന് കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന ചാർട്ടേഡ് അക്കൗണ്ടൻസി സ്ഥാപനമായ മു​ഗ്ധ & അസോസിയേറ്റ്സിന്റെ സ്ഥാപകയും സി.എ പ്രൊഫഷണലുമായ മു​ഗ്ധ മോഹൻരാജ് ധനം ഓൺലൈനോട് പറഞ്ഞു.

കൂടുതൽ വായിക്കാൻ: ഗൾഫ് വിട്ട് നാട്ടിൽ സ്ഥിരതാമസമാക്കിയ പ്രവാസിയാണോ? ഇൻകം ടാക്സ് റിട്ടേൺ സമർപ്പിച്ചോ? RNOR അറിയില്ലെങ്കിൽ പണി കിട്ടും!

പ്രവാസികൾക്ക് പദ്ധതി പ്രയോജനപ്പെടുന്ന സാഹചര്യങ്ങൾ

പ്രധാനമായും രണ്ട് വിഭാഗങ്ങളിൽ ഉള്ളവർക്കാണ് FAST-DS പദ്ധതി വഴിയുള്ള ആനുകൂല്യം ലഭിക്കുന്നത്:

  1. നികുതി അടയ്ക്കാത്ത വിദേശ ആസ്തികൾ/വരുമാനം: ഇന്ത്യയിൽ നികുതിക്ക് വിധേയമായിട്ടും വെളിപ്പെടുത്താത്ത 1 കോടി രൂപ വരെയുള്ള വിദേശ ആസ്തിക്കോ വരുമാനത്തിനോ 30 ശതമാനം നികുതിയും അതിന് തുല്യമായ അധിക തുകയും (നികുതിയുടെ 100%) അടച്ച് ഡിക്ലറേഷൻ നടത്താം.

  2. ഐ.ടി.ആറിൽ വെളിപ്പെടുത്താത്ത ആസ്തികൾ: വിദേശത്ത് നിന്നും സമ്പാദിച്ച പണം ഉപയോഗിച്ച് വാങ്ങിയതും എന്നാൽ ആദായ നികുതി റിട്ടേണിലെ (ഐ.ടി.ആർ) 'Schedule FA' വിഭാഗത്തിൽ കാണിക്കാൻ വിട്ടുപോയതുമായ ആസ്തികൾക്ക് (5 കോടി രൂപ വരെ മൂല്യമുള്ളവ) 1 ലക്ഷം രൂപ (Flat fee) നൽകി നിയമവിധേയമാക്കാം.

ഇന്ത്യയിലേക്ക് മടങ്ങിയെത്തി 'ആർ.ഒ.എൻ.ആർ' (Resident but Not Ordinarily Resident - RNOR) സ്റ്റാറ്റസ് ഉള്ളവർക്കും ബന്ധപ്പെട്ട സാമ്പത്തിക വർഷങ്ങളിൽ ഇന്ത്യയിൽ സ്ഥിരതാമസക്കാരനായിരുന്നതും (റെസിഡന്റ്) ഇപ്പോൾ വിദേശത്തുള്ള നോൺ-റെസിഡന്റുകൾക്കും (NRI) നിബന്ധനകൾക്ക് വിധേയമായി FAST-DS പദ്ധതി പ്രയോജനപ്പെടുത്താം. സാധുവായ ഡിക്ലറേഷൻ നടത്തുന്നവർക്ക് കള്ളപ്പണ നിയമ (Black Money Act) പ്രകാരമുള്ള തുടർ ശിക്ഷാനടപടികളിൽ നിന്നും നികുതി, പിഴ എന്നിവയിൽ നിന്നും ഇളവ് ലഭിക്കുന്നതായിരിക്കും.

FAST-DS പദ്ധതി - ഒറ്റനോട്ടത്തിൽ:

  • ലഭ്യമായ സമയം ------------► 2026 ഓഗസ്റ്റ് 16 മുതൽ ഡിസംബർ 31 വരെ.

  • നികുതി അടയ്ക്കാത്ത ആസ്തികൾ ------------► ₹1 കോടി വരെ (30%നികുതി + തുല്യ തുക - ഫലത്തിൽ 60% ബാധ്യത).

  • വെളിപ്പെടുത്താത്ത ആസ്തികൾ ------------► ₹5 കോടി വരെ (₹1 ലക്ഷം ഫീസ്).

  • പ്രധാന നേട്ടം ------------► കള്ളപ്പണ നിയമ നടപടികളിൽ നിന്ന് സംരക്ഷണം.

വിദേശ നിക്ഷേപങ്ങളുടെ മൂല്യം കണക്കാക്കുന്നത് എങ്ങനെ?

വിദേശ ആസ്തികളുടെ വിപണി മൂല്യം രൂപയിലേക്ക് (INR) മാറ്റുന്നതിന് കൃത്യമായ മാനദണ്ഡങ്ങൾ ആദായ നികുതി വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്:

  • ആർ.ബി.ഐ അംഗീകൃത കറൻസികൾ (RBI Designated Currencies): വിദേശ കറൻസിയിലുള്ള ആസ്തി മൂല്യത്തെ 2026 മാർച്ച് 31-ലെ ആർ.ബി.ഐ റെഫറൻസ് റേറ്റ് (rbi.org.in/scripts/referenceratearchive.aspx) ഉപയോഗിച്ച് നേരിട്ട് രൂപയിലേക്ക് മാറ്റണം.

  • മറ്റ് കറൻസികൾ: ആ രാജ്യത്തെ സെൻട്രൽ ബാങ്ക് നിരക്ക് അനുസരിച്ച് ആദ്യം തുക യു.എസ് ഡോളറിലേക്ക് (USD) മാറ്റണം. തുടർന്ന്, 2026 മാർച്ച് 31-ലെ ആർ.ബി.ഐ റെഫറൻസ് റേറ്റ് ഉപയോഗിച്ച് യു.എസ് ഡോളറിനെ ഇന്ത്യൻ രൂപയിലേക്ക് മാറ്റേണ്ടതുണ്ട്.

അതിനാൽ ഗൾഫ്/വിദേശത്ത് നിന്നും ഇന്ത്യയിലേക്ക് മടങ്ങിയെത്തിയവർ, പ്രത്യേകിച്ച് ആർ.ഒ.എൻ.ആർ സ്റ്റാറ്റസ് ഉള്ളവർ, തങ്ങളുടെ പഴയ വിദേശ ബാങ്ക് അക്കൗണ്ടുകളും നിക്ഷേപങ്ങളും ഓഹരികളും ഒക്കെ പരിശോധിച്ച് FAST-DS പദ്ധതി തങ്ങൾക്ക് ബാധകമാണോ എന്ന് 2026 ഡിസംബർ 31-ന് മുൻപ് നികുതി വിദഗ്ധരുടെ സഹായത്തോടെ പരിശോധിക്കുന്നത് ഉചിതമാണെന്നും മു​ഗ്ധ മോഹൻരാജ് പറഞ്ഞു.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com