സാമ്പത്തിക അടിത്തറ ഭദ്രമാക്കാം: വരുമാനം ഒന്നില്‍ ഒതുക്കല്ലേ, വേണം കരുത്തുറ്റ 'ബാക്കപ്പ് പ്ലാന്‍'

സാങ്കേതികവിദ്യയുടെ സഹായത്തോടെ സാമ്പത്തിക അടിത്തറ ഭദ്രമാക്കാന്‍ യുവാക്കള്‍ക്ക് പരീക്ഷിക്കാവുന്ന ചില കാര്യങ്ങള്‍
Money Tips
Canva
Published on

പി. അനില്‍കുമാര്‍

ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന വലിയ സമ്പദ്‌വ്യവസ്ഥയെന്ന പദവി ഇന്ത്യ നിലനിര്‍ത്തുമ്പോഴും ആഗോള റാങ്കിങ്ങില്‍ സംഭവിച്ച ചില മാറ്റങ്ങള്‍ ചര്‍ച്ചയാകുകയാണ്. അന്താരാഷ്ട്ര നാണയ നിധി (IMF) പുറത്തുവിട്ട ഏറ്റവും പുതിയ 'വേള്‍ഡ് ഇക്കണോമിക് ഔട്ട്‌ലുക്ക്' റിപ്പോര്‍ട്ട് പ്രകാരം ലോക സമ്പദ്‌വ്യവസ്ഥയില്‍ ഇന്ത്യ നാലാം സ്ഥാനത്ത് നിന്ന് ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുന്നു. പശ്ചിമേഷ്യന്‍ യുദ്ധം കാരണമുണ്ടാകുന്ന വിലക്കയറ്റം സാധാരണക്കാരന്റെ കീശയെ നേരിട്ട് ബാധിക്കും. ഈ സാഹചര്യത്തില്‍, ഒരു വരുമാന സ്രോതസിനെ മാത്രം വിശ്വസിച്ച് മുന്നോട്ട് പോകുന്നത് വലിയ സാമ്പത്തിക അപകടങ്ങള്‍ക്ക് വഴിവെച്ചേക്കാം.

വരുമാന വിടവും മധ്യവര്‍ഗ മലയാളിയും

റിസര്‍വ് ബാങ്കിന്റെ കണക്കുകള്‍ പ്രകാരം ഇന്ത്യയിലെ തൊഴില്‍ വിപണിയില്‍ ഒരു മന്ദത പ്രകടമാണ്. 2026ല്‍ ആഗോള സാമ്പത്തിക വളര്‍ച്ച 3.1 ശതമാനമായി കുറയാന്‍ സാധ്യതയുണ്ടെന്നിരിക്കെ, ഇന്ത്യ 6.5 ശതമാനം വളര്‍ച്ച നിലനിര്‍ത്തുമെന്ന് പ്രതീക്ഷിക്കുന്നത് ആഭ്യന്തര വിപണിയുടെ കരുത്തുകൊണ്ടാണ്. എന്നാല്‍ മലയാളിയെ സംബന്ധിച്ച് എന്നും അഭിമാനകരമായ ഉയര്‍ന്ന വിദ്യാഭ്യാസ നിലവാരവും തൊഴിലില്ലായ്മയും തമ്മിലുള്ള വൈരുദ്ധ്യം ആശങ്കാജനകമാണ്. 15-24 പ്രായക്കാര്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 45 ശതമാനത്തോളം ഉയര്‍ന്നുനില്‍ക്കുന്നത് കുടുംബങ്ങളുടെ മൊത്തം സമ്പാദ്യം കുറയുന്നതിനും ബാധ്യതകള്‍ കൂടുന്നതിനും കാരണമാകുന്നു.

വരുമാനം തികയാതെ വരുമ്പോള്‍ പലരും തങ്ങളുടെ വിരമിക്കല്‍ കാലത്തേക്കായി കരുതിവെച്ച പണം പിന്‍വലിക്കാനോ, സ്വര്‍ണം പണയപ്പെടുത്തി കടം വാങ്ങാനോ നിര്‍ബന്ധിതരാകുന്നു. 2010നെ അപേക്ഷിച്ച് ബാങ്ക് വായ്പകളിലെ റീറ്റെയ്ല്‍ ക്രെഡിറ്റ് വിഹിതം ഇരട്ടിയായി വര്‍ധിച്ചു എന്നത് ഗാര്‍ഹിക സാമ്പത്തിക പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നു.

സാമ്പത്തിക ഭദ്രതക്ക് 'സ്മാര്‍ട്ട്' വഴികള്‍

  • -ലൗഡ് ബജറ്റിങ്: പണമില്ലാത്തപ്പോള്‍ ഉണ്ടെന്ന് നടിക്കുന്നതിന് പകരം, അനാവശ്യ ചെലവുകളെക്കുറിച്ച് സുഹൃത്തുക്കളോടും സഹപ്രവര്‍ത്തകരോടും തുറന്നുസംസാരിക്കുക. സോഷ്യല്‍ മീഡിയ ട്രെന്‍ഡുകള്‍ക്ക് പിന്നാലെ പോകാതെ, സാമ്പത്തിക ലക്ഷ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുക.

  • - മൈക്രോ ഇന്‍വെസ്റ്റിങ്: ഷോപ്പിങ് നടത്തുമ്പോള്‍ ബാക്കിവരുന്ന ചെറിയ തുകകള്‍ (round ups) പോലും ഓട്ടോമാറ്റിക്കായി ഡിജിറ്റല്‍ സ്വര്‍ണത്തിലോ മ്യൂച്വല്‍ ഫണ്ടുകളിലോ നിക്ഷേപിക്കുന്ന അംഗീകൃത ആപ്പുകള്‍ ഉപയോഗിക്കുക.

  • -സബ്സ്‌ക്രിപ്ഷന്‍ ഓഡിറ്റ്: നമ്മള്‍ പോലുമറിയാതെ മാസാമാസം പണം നഷ്ടപ്പെടുന്ന ഒ.ടി.ടി, ആപ് സബ്സ്‌ക്രിപ്ഷനുകള്‍ പരിശോധിച്ച് ആവശ്യമില്ലാത്തവ ഒഴിവാക്കുക.

  • -ഫിന്‍ഫ്ളുവന്‍സര്‍ ജാഗ്രത: സോഷ്യല്‍ മീഡിയയിലെ 'ഫിന്‍ഫ്‌ളുവന്‍സേഴ്സിന്റെ' ഉപദേശങ്ങള്‍ കേട്ട് എടുത്തുചാടി നിക്ഷേപം നടത്താതിരിക്കുക. റിസ്‌ക് എടുക്കാനുള്ള ശേഷി വിലയിരുത്തി മാത്രം പണം വിനിയോഗിക്കുക/നിക്ഷേപിക്കുക.

  • -സ്‌കില്‍ സ്റ്റാക്കിങ്: ഒരു മേഖലയില്‍ മാത്രം ശ്രദ്ധിക്കുന്നതിന് പകരം, പരസ്പര പൂരകങ്ങളായ ഒന്നിലധികം കഴിവുകള്‍ (ഉദാ: പ്രോഗ്രാമിങ് + കമ്മ്യൂണിക്കേഷന്‍) ആര്‍ജിക്കുക.

  • -സോളോപ്രണര്‍ഷിപ്പ്: ഒരാള്‍ തന്നെ ഒരു ബിസിനസിന്റെ ഉടമയും ജീവനക്കാരനുമായി പ്രവര്‍ത്തിക്കുന്ന രീതിയാണിത്. ഒരു വലിയ നിക്ഷേപമില്ലാതെ തന്നെ നിങ്ങളുടെ കഴിവിനെ ഒരു ബ്രാന്‍ഡാക്കി മാറ്റാന്‍ ഇതിലൂടെ സാധിക്കും.

  • -കഴിവിനെ ഉല്‍പന്നമാക്കുക: നിങ്ങള്‍ ഒരു ഗ്രാഫിക് ഡിസൈനറോ എഴുത്തുകാരനോ ആണെങ്കില്‍ അതിനെ ഒരു 'സേവന പാക്കേജ്' ആയി നിശ്ചയിച്ച തുകക്ക് വില്‍ക്കുക. ഫ്രീലാന്‍സിങ്ങില്‍ നിങ്ങള്‍ സമയത്തിനാണ് പണം ഈടാക്കുന്നത് (hourly rate). എന്നാല്‍ സോളോപ്രണര്‍ഷിപ്പില്‍ നിങ്ങള്‍ നല്‍കുന്ന മൂല്യത്തിനാണ് (value based pricing) പ്രാധാന്യം.

  • -പേഴ്‌സണല്‍ ബ്രാന്‍ഡിങ്: ലിങ്ക്ഡ്ഇന്‍, ഇന്‍സ്റ്റഗ്രാം തുടങ്ങിയ പ്ലാറ്റ്‌ഫോമുകള്‍ വഴി വൈദഗ്ധ്യം ലോകത്തെ അറിയിച്ച് ക്ലയ്ന്റുകളെ കണ്ടെത്തുക.

  • - ഡിജിറ്റല്‍ അസറ്റുകള്‍: ഓണ്‍ലൈന്‍ കോഴ്സുകള്‍, ഇ-ബുക്കുകള്‍ എന്നിവ ഒരിക്കല്‍ തയാറാക്കി വെച്ചാല്‍ അവ ഉറങ്ങുമ്പോഴും വരുമാനം ലഭിക്കുന്ന (Passive Income) സ്രോതസുകളായി മാറും.

  • - ഓട്ടോമേഷന്‍ & എഐ: എഐ ടൂളുകള്‍ ഉപയോഗിച്ച് ഇ-മെയിലുകള്‍ അയക്കാനും സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ ഷെഡ്യൂള്‍ ചെയ്യാനും അക്കൗണ്ടിങ്ങിനുമുള്ള സമയവും ലാഭിക്കാം.

ചില ആധുനിക 'ബാക്കപ്പ്' പ്ലാനുകള്‍

  • - യുജിസി ക്രിയേറ്റര്‍ (User Generated Content (UGC) creator): വലിയ ഫോളോവേഴ്‌സ് ഇല്ലാതെ തന്നെ ബ്രാന്‍ഡുകള്‍ക്ക് വേണ്ടി ഉല്‍പന്ന റിവ്യൂ വീഡിയോകള്‍ നിര്‍മിച്ചു നല്‍കാം.

  • - എഐ പ്രോംപ്റ്റ് എന്‍ജിനീയറിങ്: ChatGPT, Midjourney പോലുള്ള ടൂളുകള്‍ക്കായി കൃത്യമായ പ്രോംപ്റ്റുകള്‍ തയാറാക്കി നല്‍കുന്നത് ഒരു സൈഡ് ബിസിനസ് ആക്കാം.

  • - ഗെയിമിങ് & സ്ട്രീമിങ്: ട്വിച്ച് (Twitch) പോലുള്ള പ്ലാറ്റ്‌ഫോമുകളിലൂടെ ഗെയിം പ്ലേ സ്ട്രീം ചെയ്ത് സ്പോണ്‍സര്‍ഷിപ്പുകള്‍ നേടാം.

  • - ഡിജിറ്റല്‍ നോമാഡിസം: വിദേശ കമ്പനികള്‍ക്ക് റിമോട്ട് കണ്‍സള്‍ട്ടിങ് നല്‍കുക വഴി ഉയര്‍ന്ന കറന്‍സി മൂല്യത്തില്‍ വരുമാനം നേടാം.

  • - നോ-കോഡ് ആപ് ഡെവലപ്‌മെന്റ്: കോഡിങ്് അറിയില്ലെങ്കിലും ബബിള്‍ (Bubble) പോലുള്ള ടൂളുകള്‍ ഉപയോഗിച്ച് വെബ്‌സൈറ്റുകളും ആപ്പുകളും നിര്‍മിച്ചു നല്‍കാം.

  • -ത്രിഫ്റ്റിങ്: പഴയ ബ്രാന്‍ഡഡ് ഉല്‍പന്നങ്ങള്‍ ശേഖരിച്ച് ഇന്‍സ്റ്റഗ്രാം സ്റ്റോറികള്‍ വഴി വില്‍ക്കാം.

  • -വെര്‍ച്വല്‍ അസിസ്റ്റന്റ്: വിദേശത്തുള്ള പ്രൊഫഷണലുകളുടെ ദൈനംദിന കാര്യങ്ങള്‍ ഡിജിറ്റലായി കൈകാര്യം ചെയ്യാം.

പ്രായോഗിക മുന്‍കരുതലുകള്‍

ഏത് വരുമാനമാര്‍ഗം സ്വീകരിച്ചാലും താഴെ പറയുന്നവ സാമ്പത്തിക സുരക്ഷക്ക് അനിവാര്യമാണ്.

  • -അടിയന്തര നിധി: ചുരുങ്ങിയത് ആറ് മാസമെങ്കിലും മുന്നോട്ട് പോകാന്‍ ആവശ്യമായ തുക

  • ലിക്വിഡ് ഫണ്ടുകളില്‍ കരുതുക.

  • - 50-30-20 നിയമം: വരുമാനത്തിന്റെ 50% അത്യാവശ്യങ്ങള്‍ക്കും, 30% ആഗ്രഹങ്ങള്‍ക്കും, 20% നിക്ഷേപത്തിനും മാറ്റിവെക്കുക.

  • -ഇന്‍ഷുറന്‍സ്: നല്ലൊരു ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്ലാന്‍ ഉണ്ടെന്ന് ഉറപ്പാക്കുക.

  • -അധിക വരുമാനം: ഡിജിറ്റല്‍ ഫ്രീലാന്‍സിങ്, മൈക്രോ ഫാമിങ്, കണ്‍സള്‍ട്ടന്‍സി സേവനങ്ങള്‍ എന്നിവയിലൂടെ ഒന്നിലധികം വരുമാനമാര്‍ഗങ്ങള്‍ സൃഷ്ടിക്കുക.

ജിഡിപി റാങ്കിങ്ങില്‍ മാറ്റങ്ങള്‍ ഉണ്ടാകാം. പക്ഷേ നിങ്ങളുടെ വ്യക്തിഗത സാമ്പത്തിക ഭദ്രത റാങ്കിങ്ങിനേക്കാളുപരി നിങ്ങളുടെ ആസൂത്രണത്തിലാണ്. ഒരു വരുമാന സ്രോതസ് മാത്രം വിശ്വസിക്കാതെ, ഒരു 'ബാക്കപ്പ് പ്ലാന്‍' ഉറപ്പാക്കുന്നതിലൂടെ മാത്രമെ വരുംകാലത്തെ അനിശ്ചിതത്വങ്ങളെ നേരിടാന്‍ നമുക്ക് സാധിക്കൂ.

(ലേഖകന്‍ കേരള സര്‍ക്കാര്‍ ധനകാര്യ വകുപ്പില്‍ ഡെപ്യൂട്ടി സെക്രട്ടറിയായി സേവനമനുഷ്ഠിക്കുന്നു. Mobile: 6282404679, ഇമെയില്‍: amtha2010@gmail.com)

(മേയ് 15 ലക്കം ധനം മാ​ഗസിനിൽ പ്രസിദ്ധീകരിച്ചത്)

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com