Top

2020 ല്‍ നിന്നും പഠിക്കാം ഈ 5 സാമ്പത്തിക പാഠങ്ങള്‍

രോഗബാധയെക്കുറിച്ചുള്ള ആശങ്കകള്‍ മാത്രമല്ല, കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോയ നാളുകളായിരുന്നു കഴിഞ്ഞ ഒരു വര്‍ഷം. ഇപ്പോഴും കോവിഡ് ഭീതി നമ്മെ വിട്ടു പോയിട്ടില്ല. ബിസിനസുകള്‍ പലതും ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ പാതയിലാണെങ്കിലും പലതും കരകയറാന്‍ ഇനിയും സമയമെടുക്കും. അതും എത്രനാള്‍ വേണ്ടിവരും എന്നത് ഉറപ്പു പറയാന്‍ പോലും പറ്റാത്ത ഇടത്താണ് പലരും നില്‍ക്കുന്നത്. സംരംഭങ്ങള്‍ മാത്രമല്ല, വ്യക്തികളും സാമ്പത്തിക അച്ചടക്കത്തിന്റെ പാഠം പഠിച്ച വര്‍ഷമാണ് 2020. മോശം വര്‍ഷം എന്നു പറയുമ്പോഴും തിരിഞ്ഞു നോക്കുമ്പോള്‍ പഠിച്ച പാഠങ്ങള്‍ അനവധിയാണ്. സാമ്പത്തിക ആസൂത്രണത്തില്‍ പിന്നോട്ടായവര്‍ പോലും പുതു വര്‍ഷത്തിലേക്ക് കടക്കുന്നത് 2020 പഠിപ്പിച്ച ചില പാഠങ്ങളുമായാണ്. പോയ 12 മാസക്കാലം പ്രത്യേകിച്ച് ഫെബ്രുവരി 2020 ന് ശേഷമുള്ള നാളുകള്‍ നമ്മെ പഠിപ്പിച്ച അഞ്ച് പ്രധാന കാര്യങ്ങള്‍ നോക്കാം.


1. സ്വന്തമായി എമര്‍ജന്‍സി ഫണ്ട്

കോവിഡ് പോലെയുള്ള അല്ലെങ്കില്‍ വലിയൊരു ദുരന്ത കാലഘട്ടമോ വ്യക്തി ജീവിതത്തിലെ നഷ്ടമോ കടന്നുവരുമ്പോള്‍ സാമ്പത്തിക നിലയ്ക്ക് അതേല്‍പ്പിക്കുന്ന ആഘാതം വളരെ വലുതാണ്. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളും അതുപോലെ അത്യാഹിതങ്ങളും നേരിടാനായി എമര്‍ജന്‍സി ഫണ്ട് പ്രത്യേകമായി നീക്കിവെക്കണമെന്നത് എല്ലാവരും തിരിച്ചറിഞ്ഞ വര്‍ഷമായിരുന്നു അത്. ആപത്ഘട്ടത്തിലെ, ചികിത്സ, ജീവിതച്ചെലവ് എന്നിവ ലക്ഷ്യമാക്കി വേണം ഇത്തരത്തില്‍ ഫണ്ട് വകയിരുത്തേണ്ടത്. പ്രതിമാസ വരുമാനം ഇല്ലാത്തവര്‍ പോലും നീക്കിയിരിപ്പുകളില്‍ നിന്നും എമര്‍ജന്‍സി ഫണ്ട് സ്വരുക്കൂട്ടാന്‍ തുടങ്ങി.

2. നിക്ഷേപ പദ്ധതികള്‍

എസ് ഐ പി പോലുള്ള നിക്ഷേപ പദ്ധതികള്‍ ഉണ്ടായിരിക്കുക എന്നത് ഇക്കാലം പഠിപ്പിച്ച പാഠമാണ്. എല്ലാ തുകയും ഒരേ നിക്ഷേപത്തിലേക്ക് നീക്കി വയ്ക്കാതെ ഓഹരിവിപണിയിലോ, മ്യൂച്ചല്‍ ഫണ്ടുകളിലോ, സ്വര്‍ണ ബോണ്ടുകളിലോ ഒക്കെ ആയി വിഭജിച്ച് നിക്ഷേപിക്കുക. അത് പോലെ ഷെയര്‍മാര്‍ക്കറ്റില്‍ സ്‌മോള്‍ മിഡ് ലാര്‍ജ് ക്യാപ് ഫണ്ടുകളും മേഖലകളും കമ്പനികളും താരതമ്യം ചെയ്ത് നിക്ഷേപിക്കുക. ഉദാഹരണത്തിന് ഈ മഹാമാരി കാലത്ത് ഫാര്‍മ ഫണ്ടുകള്‍ ഉള്‍പ്പെടെയുള്ള ചില ഫണ്ടുകള്‍ മികച്ച വളര്‍ച്ച കൈവരിച്ചതായി കാണാം. നിക്ഷേപത്തിന് ഒരുങ്ങുമ്പോള്‍ ഇതുപോലെയുള്ള കാര്യങ്ങളും മനസില്‍ വേണം.

3. സ്വര്‍ണ നിക്ഷേപം

ആപത് ഘട്ടങ്ങളില്‍ സ്വര്‍ണം ഒരു എമര്‍ജന്‍സി ഫണ്ട് കണ്ടെത്താനുള്ള വഴിയാണ്. മാത്രമല്ല പ്രതിസന്ധികള്‍ക്കിടയിലും ഈ വര്‍ഷം സ്വര്‍ണം മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. (എപ്പോഴും അങ്ങനെ ആകണമെന്നില്ല). സ്വര്‍ണ്ണത്തെ ഒരു ആഭരണമായി മാത്രം കാണാതെ അതിലെ നിക്ഷേപ സാധ്യത കൂടി പരിഗണിക്കണം. ആഭരണങ്ങള്‍ക്ക് പകരം സ്വര്‍ണ കട്ടകളും ബോണ്ടുകളുമൊക്കെയായി വാങ്ങാം. സ്വര്‍ണവില ഏറ്റവും ഉയരത്തിലെത്തി നില്‍ക്കുന്നുവെങ്കിലും എല്ലാ നിക്ഷേപവും സ്വര്‍ണത്തിലാക്കരുത്. ആകെനിക്ഷേപത്തിന്റെ 15-25 ശതമാനം വരെ വിദഗ്ധ അഭിപ്രായത്തോടെ സ്വര്‍ണത്തിലും നിക്ഷേപിക്കാം.

4.ആരോഗ്യ ഇന്‍ഷുറന്‍സ്, ടേം ഇന്‍ഷുറന്‍സ്

അപ്രതീക്ഷിതമായി കടന്നുവന്ന ചികിത്സാച്ചെലവ്, മരണം എന്നിവ ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം എന്ന തിരിച്ചറിവ് വാണ്ടും പകരുന്നതായിരുന്നു ഈ കോവിഡ് കാലം. കേരളം ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ കോവിഡ് ചികിത്സ സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യമാണെങ്കിലും, വിദഗ്ധ ചികിത്സയ്‌ക്കോ അനുബന്ധമായി വരുന്ന മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കോ സ്വകാര്യ ആശുപത്രികളിലെ സമീപിക്കുമ്പോള്‍ ലക്ഷങ്ങള്‍ വേണ്ടിവരുന്ന അവസ്ഥയുണ്ട്. ഇത് മുന്നില്‍ കണ്ടുകൊണ്ട് കുടുംബാംഗങ്ങളുടെ പരിരക്ഷ ഉറപ്പാക്കിക്കൊണ്ട് ഫലപ്രദമായ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ എടുക്കാന്‍ മടിക്കരുത്. വേണ്ടപ്പെട്ടവരുടെ സുരക്ഷിതത്വത്തിനും വ്യക്തികളുടെ അഭാവത്തില്‍ വന്നേക്കാവുന്ന സാമ്പത്തിക ബാധ്യതയും മുന്നില്‍ കണ്ട് ടേം ഇന്‍ഷുറന്‍സും എടുക്കാം.

5. ഡിജിറ്റല്‍ അവബോധം

എല്ലാം ഡിജിറ്റല്‍ ആയ ഈ കാലത്ത് ഡിജിറ്റല്‍ സാങ്കേതിക വിദ്യയുമായി അത്യാവശ്യം പരിചയമുണ്ടാകുക എന്നത് പഠിച്ചകാലമാണ് ഇത്. ലോക്ഡൗണ്‍ കാലത്തെ യുപിഐ ഇടപാടിലുള്ള വര്‍ധന തന്നെ ഇതിനുദാഹരണമാണ്. ഡിറ്റല്‍ ബാങ്കിംഗ് വശമാക്കുക. നിലവിലുള്ള സാങ്കേതിക വിദ്യകളില്‍ ജീവിതത്തിന് അത്യാവശ്യം വേണ്ടവ പഠിച്ചു വയ്ക്കുക. മാത്രമല്ല, ജോലിയിലെ അനിശ്ചിതത്വം, ശമ്പളം വെട്ടിക്കുറയ്ക്കുന്നത്, ശമ്പളം വൈകുന്നത് എന്നിവയൊക്കെ ജീവിതത്തിലുണ്ടാക്കാവുന്ന പ്രത്യാഘാതം എത്ര വലുതായിരിക്കുമെന്ന് 2020 കാണിച്ചുതന്നു. അതുകൊണ്ടുതന്നെ രണ്ടാമതൊരു വരുമാന സ്രോതസ് കണ്ടെത്താനും ഓണ്‍ലൈന്‍ വഴി ചെയ്യാവുന്ന തൊഴില്‍ അഭ്യസിക്കലും അത്യാവശ്യമാണെന്നതും 2020 പഠിപ്പിച്ചു. വര്‍ക് ഫ്രം ഹോം പോലുള്ളവ കൂട്ടിയാല്‍ സംരംഭങ്ങളുടെ ചെലവ് കുറയ്ക്കാമെന്നും പഠിച്ചവര്‍ഷമായിരുന്നു ഇത്.Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it