

നാളത്തേക്കായി സമ്പാദിക്കുക എന്നത് എല്ലാ ജീവജാലങ്ങളിലുമുള്ള പ്രത്യേകതയാണ്. ഉറുമ്പ് ചെറുമണി അരികള്‍ സ്വരുക്കൂട്ടുന്നതും അണ്ണാന്‍ കുഞ്ഞുങ്ങള്‍ അടുത്ത മഴക്കാലത്തേക്കായി ഭക്ഷണ സാധനങ്ങള്‍ ശേഖരിച്ചു വയ്ക്കുന്നതുമെല്ലാം അതിന്റെ പ്രതിഫലനങ്ങളാണ്. മനുഷ്യര്‍ക്ക് ഈ സമ്പാദ്യശീലം വളരെ കൂടുതലാണ്. നാളെയ്ക്കായി അവര്‍ ഇന്നിന്റെ പാതി അധ്വാനം ഇന്‍വെസ്റ്റ് ചെയ്യുന്നു. ബാല്യത്തിലും കൗമാരത്തിലും ഭാവി പദ്ധതികള്‍ മെനയാന്‍ മനുഷ്യനു സാധിക്കുന്നു. എങ്ങനെയാണ് വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ സമ്പാദിക്കുക എന്നത് സംശയമുള്ള കാര്യമാണ്. സാധിക്കും എന്നുതന്നെയാണ് ഉത്തരം. ആല്‍ബര്‍ട്ട് ആന്റോ, ഫ്രാങ്കോ മോഡിഗ്ലാനി എന്നീ സാമ്പത്തിക ശാസ്ത്രജ്ഞന്മാര്‍ അവതരിപ്പിച്ച ലൈഫ് സൈക്കിള്‍ സിദ്ധാന്തമനുസരിച്ച് ജീവിതചക്രത്തെ മൂന്നായി തരം തിരിക്കാം. ആദ്യത്തേത് വരുമാനമില്ലാത്തതും എന്നാല്‍ ചിലവുള്ളതുമായ ബാല്യകാലം. രണ്ടാമത് വരുമാനവും ചിലവും ഉള്ള യൗവനകാലം, മൂന്നാമത് വരുമാനം കുറഞ്ഞ് ചിലവുകള്‍ ഏറുന്ന വാര്‍ദ്ധക്യകാലം. മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍ ബാല്യത്തില്‍ സമയമുണ്ട്, ആരോഗ്യമുണ്ട് പക്ഷേ, പണമില്ല. യൗവ്വനത്തില്‍ ആരോഗ്യമുണ്ട് പണമുണ്ട് പക്ഷേ, സമയമില്ല. വാര്‍ദ്ധക്യത്തില്‍ സമയമുണ്ട്. ആരോഗ്യമില്ല, പണവുമില്ല. അതിനാല്‍ ചെറുപ്പത്തിലേ സമ്പാദിച്ചു തുടങ്ങാം. നല്ലൊരു നാളേക്കായി കുട്ടികളിലും യുവജനങ്ങളിലും സമ്പാദ്യശീലം എപ്രകാരം വളര്‍ത്താമെന്നതിന് സഹായകമായ 5 കാര്യങ്ങള്‍ പരിശോധിക്കാം.
കുട്ടിയിരിക്കുന്നു, ഇപ്പോഴാണ് പണമിടപാടുകളെക്കുറിച്ചൊക്കെ പറയുന്നത് എന്ന മനോഭാവം മാറ്റണം. സാമ്പത്തികപരമായി തുറന്ന ചര്‍ച്ചകള്‍ കുട്ടികളെ പണമിടപാടിന്റെ ഗൗരവ വശങ്ങള്‍ കാട്ടിക്കൊടുക്കും. നല്ല ഭക്ഷണവും വിദ്യാഭ്യാസവും നല്‍കുന്നതോടൊപ്പം സമ്പാദ്യശീലത്തിന്റെ ആദ്യപടികള്‍ കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കണം. പല മാതാപിതാക്കളും തങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് മക്കളെ അറിയിക്കാതെയാണ് വളര്‍ത്തുന്നത്. തങ്ങള്‍ക്ക് ലഭിക്കാതെ പോയതെല്ലാം മക്കളിലൂടെ ഏതു വിധേനയും സാധിച്ചെടുക്കണം എന്ന വാശിയില്‍ കുട്ടികളാണ് തകര്‍ന്നുപോവുന്നത്. സാമ്പത്തിക അച്ചടക്കമില്ലാതെ വളരുന്നതുമൂലം മിതവ്യയത്തെ പിശുക്കായി അവര്‍ ചിത്രീകരിക്കുന്നു. അവരുടെ ആവശ്യങ്ങള്‍ സാധിക്കാതെ വരുമ്പോള്‍ അവര്‍ മാതാപിതാക്കള്‍ക്ക് എതിരാകുന്നു. മക്കളെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അറിയിച്ചു വളര്‍ത്തുക എന്നതിന്റെ അര്‍ത്ഥം അവരുടെ ആവശ്യങ്ങള്‍ നിരാകരിക്കണമെന്നല്ല, മറിച്ച് ആവശ്യവും അത്യാവശ്യവും തിരിച്ചറിയാനുള്ള വിവേകം പ്രദാനം ചെയ്യുക എന്നതാണ്.
ചെറുപ്പത്തിലേ മിതവ്യയശീലം വളര്‍ത്തേണ്ടത് അത്യാവശ്യമാണ്. ആവശ്യവും അനാവശ്യവും ആഡംബരവും തമ്മിലുള്ള വ്യത്യാസം തിരിച്ചറിഞ്ഞ് ജീവിക്കലാണ് അത്. പിശുക്കാനല്ല, ആവശ്യമുള്ളത് മാത്രം ചെലവാക്കാന്‍ ആണ് ശ്രദ്ധിക്കേണ്ടത്. കുട്ടികളോട് ഈ ശീലം പറഞ്ഞു നല്‍കാന്‍ കഴിയില്ല. അതിനാല്‍ തന്നെ മാതാപിതാക്കള്‍ കാണിച്ചു കൊടുക്കുക. നമ്മള്‍ എന്തു ധരിക്കണം, എന്ത് ഭക്ഷിക്കണം എന്നൊക്കെ തീരുമാനിക്കേണ്ടത് പരസ്യ കമ്പനികളല്ല, സുഹൃത്തുക്കളുമല്ല, ആത്യന്തികമായി നമ്മള്‍ തന്നെയാണ്. ഈ തിരിച്ചറിവാണ് സമ്പാദ്യശീലത്തിന് ആവശ്യമായിരിക്കുന്നത്.
ചെറു നിക്ഷേപ പദ്ധതികളില്‍ ചെറുപ്പത്തിലേ അംഗമായി ചേര്‍ക്കുക. പോസ്റ്റ് ഓഫീസ് പോലുള്ള റെക്കറിംഗ് നിക്ഷേപസൗകര്യങ്ങള്‍ നിസ്സാരതുകയ്ക്കാണെങ്കിലും തുടങ്ങുക. വെറും 10 രൂപയ്ക്ക് പോസ്റ്റോഫീസില്‍ റെക്കറിംഗ് ഡിപ്പോസിറ്റ് തുടങ്ങാം.
'ഏണ്‍ വൈല്‍ യു ലേണ്‍'
യുവത്വത്തില്‍തന്നെ അദ്ധാനശീലവും സമ്പാദ്യവും വളര്‍ത്തുക. 'ഏണ്‍ വൈല്‍ യു ലേണ്‍' എന്നു പറയുന്നത് യഥാര്‍ത്ഥത്തില്‍ വിദേശത്തേത് പോലെ ഇവിടെയും ലഭ്യമാണ്. ലഭ്യമായ പാര്‍ട് ടൈം ജോലികള്‍ ചെയ്യുക. സ്വന്തമായി അദ്ധ്വാനിക്കുന്നതിന്റെ ത്രില്ല് ഉണ്ടാവും. സിനിമ സോഷ്യല്‍ മീഡിയ എന്നിവയോട് അഡിക്ഷന്‍ കുറയ്ക്കുക. ജീവിതത്തോട് ആയിരിക്കണം അഡിക്റ്റഡ് ആവേണ്ടത്. കിട്ടുന്ന പണത്തില്‍നിന്ന് എന്തു മിച്ചം വയ്ക്കാം എന്നു ചിന്തിക്കുന്നവര്‍ക്കേ സമ്പാദ്യമുണ്ടാവൂ. പണത്തിന്റെ സ്രോതസുകള്‍ കണ്ടെത്തിക്കൊണ്ടേയിരിക്കണം. ഓണ്‍ലൈന്‍ ട്യൂഷന്‍, ബ്ലോഗ് എഴുത്ത്, കേറ്ററിംഗ്, ഡ്രൈവിംഗ്, റിറ്റെയ്ല്‍ വ്യാപാരശൃഖലയുമായി ബന്ധപ്പെട്ട ടെക് പ്ലാറ്റ് ഫോമുകളുമായി സഹകരിച്ച് പ്രവര്‍ത്തിക്കല്‍, ടൂറിസ്റ്റ് ഗൈഡ് തുടങ്ങി ഓരോരുത്തരുടേയും സാഹചര്യമനുസരിച്ച് , തല്‍പര്യമനുസരിച്ച് ജോലിചെയ്യാം. പെട്ടെന്നു പണക്കാരനാകാന്‍ ശ്രമിച്ചാല്‍ അപകടത്തില്‍ചെന്ന് പെടും.
മറികടക്കാം 'പീര്‍ ഗ്രൂപ്പ് പ്രഷര്‍'
കൗമാരക്കാരുടെ മുന്നിലുള്ള മറ്റൊരു പ്രശ്‌നം പീര്‍ഗ്രൂപ്പ് പ്രെഷര്‍ ആണ്. യുവത്വത്തില്‍ ഏറ്റവും സ്വാധീനിക്കുന്നതും അവര്‍ ഇഷ്ടപ്പെടുന്നതും സുഹൃത്തുക്കളെയാണ്. ഭക്ഷണം, ഷൂസ്, യാത്ര, വിനോദം, മൊബൈല്‍, സെല്‍ഫി, ഹോളിഡേട്രിപ്പുകള്‍ ഇവയൊക്കെ ഹരം പിടിപ്പിക്കുന്ന ഈ കാലഘട്ടത്തില്‍ വേറിട്ട് ചിന്തിക്കാനും പ്രവര്‍ത്തിക്കാനുമുള്ള ഉള്‍ക്കരുത്താണാവശ്യം. സൃഹൃത്തുക്കളെ തിരഞ്ഞെടുക്കുന്നതില്‍ വിവേകമുണ്ടാവണം. അതിനായി മാതാപിതാക്കള്‍ സൗഹൃദപരമായ നിര്‍ദേശങ്ങളും നല്‍കുക. 'താങ്കളുടെ സുഹൃത്തിനെക്കുറിച്ച് എന്നോട് പറയൂ. ഞാന്‍ താങ്കളുടെ സ്വഭാവം പറയാം' എന്ന പഴമൊഴി വളരെ അര്‍ത്ഥവത്താണ്.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Read DhanamOnline in English
Subscribe to Dhanam Magazine